Latest News

പതിനാലുകാരനെ കൊണ്ട് നിര്‍ബന്ധിച്ച് ലഹരി ഉപയോഗിപ്പിച്ച യുവാവിനെതിരേ കേസ്; പ്രതി കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത്

പതിനാലുകാരനെ കൊണ്ട് നിര്‍ബന്ധിച്ച് ലഹരി ഉപയോഗിപ്പിച്ച യുവാവിനെതിരേ കേസ്; പ്രതി കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത്
X

കൊച്ചി: പതിനാലുകാരന്റെ കഴുത്തില്‍ കത്തിവച്ച് മദ്യം കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തയാള്‍ക്കെതിരേ കേസെടുത്തു. കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്തായ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശി പ്രവീണെതിരെയാണ് നോര്‍ത്ത് പോലിസ് കേസെടുത്തത്. നിര്‍ബന്ധിപ്പിച്ച് മദ്യവും ലഹരിവസ്തുക്കളും നല്‍കിയതിന് ബാലനീതി നിയമപ്രകാരവും ഭീഷണിപ്പെടുത്തിയതിന് ബിഎന്‍എസ് പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രവീണ്‍ ഒളിവിലാണ്. പതിനാലുകാരന്റെയും അമ്മയുടെയും മൊഴി പോലിസ് രേഖപ്പെടുത്തി.

ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് വൈകീട്ടായിരുന്നു ആദ്യമായി കുട്ടിക്ക് ലഹരി നല്‍കിയത്. വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കെ പ്രവീണ്‍ കുട്ടിയെ മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചു. പല തവണ നിര്‍ബന്ധിച്ചപ്പോഴും വേണ്ടെന്ന് പറഞ്ഞു. ഒടുവില്‍ പ്രവീണ്‍ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിച്ചു. അത് കഴിച്ചതോടെ തലയ്ക്ക് ഭാരം കൂടുന്നതുപോലെ തോന്നി. ശാരീരിക ബുദ്ധിമുട്ടുകള്‍ വേറേയും. ഇക്കാര്യം പേടിച്ചിട്ട് ആരോടും പറഞ്ഞില്ല. ജനുവരി നാലിനായിരുന്നു മറ്റൊരു സംഭവം. 14കാരന്റെ ജന്മദിനത്തില്‍ വീട്ടില്‍വച്ച് പ്രവീണ്‍ കഞ്ചാവ് വലിക്കാന്‍ നിര്‍ബന്ധിച്ചു. പലതവണ നിരസിച്ചു. ഒടുവില്‍ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചു. ഇതോടെ ചുമ നിര്‍ത്താന്‍ പറ്റാതായി. പിറന്നാള്‍ദിവസം വീട്ടിലെത്തിയ കൂട്ടുകാരന്‍ മറന്നുവച്ച മൊബൈല്‍ ഫോണെടുക്കാന്‍ വന്നപ്പോള്‍ ചുമയ്ക്കുന്നതുകണ്ടു. അതേക്കുറിച്ച് പിറ്റേന്ന് ചോദിച്ചപ്പോള്‍ കൂട്ടുകാരനോടാണ് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞത്. കൂട്ടുകാരന്‍ ഇക്കാര്യം അടുത്തയിടെ പതിനാലുകാരന്റെ രണ്ടാനച്ഛനെ വഴിയില്‍വച്ച് കണ്ടപ്പോള്‍ പറയുകയായിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് വനിതാ സ്‌റ്റേഷനില്‍ പ്രവീണിനെതിരേ പരാതി നല്‍കി.

പതിനാലുകാരന്റെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് മരിച്ചിരുന്നു. അമ്മ രണ്ടാമത് വിവാഹം കഴിച്ച് സമീപത്തുതന്നെ മറ്റൊരു വീട്ടിലാണ്. അമ്മൂമ്മയ്‌ക്കൊപ്പമാണ് കുട്ടി വര്‍ഷങ്ങളായി കഴിഞ്ഞത്. അവരുടെ സുഹൃത്താണ് പ്രവീണ്‍. ഇയാള്‍ ഒരു തവണ ലഹരിവാങ്ങാനും തന്നെ ഉപയോഗിച്ചുവെന്ന് കുട്ടി പറയുന്നു. ഇരുചക്രവാഹനത്തില്‍ വരാപ്പുഴയിലെത്തിച്ച് അവിടെനിന്ന് വാങ്ങിയ പൊതി തിരികെ വീടുവരെ സൂക്ഷിക്കാന്‍ തന്നെ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടുജോലി ചെയ്തു ജീവിക്കുന്നവരാണ് അമ്മൂമ്മയും കുട്ടിയുടെ അമ്മയും. അമ്മൂമ്മ ഇല്ലാത്ത സമയത്താണ് പ്രവീണില്‍നിന്ന് ദുരനുഭവം ഉണ്ടായതെന്നും കുട്ടി പറയുന്നു.

Next Story

RELATED STORIES

Share it