Latest News

എഐ നൈപുണ്യ സര്‍ട്ടിഫിക്കറ്റ് നേടി 10 ലക്ഷം സൗദി പൗരന്മാര്‍

എഐ നൈപുണ്യ സര്‍ട്ടിഫിക്കറ്റ് നേടി 10 ലക്ഷം സൗദി പൗരന്മാര്‍
X

റിയാദ്: സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി(എസ്ഡിഎഐഎ)യുടെ 'സമാഅ്' പദ്ധതിയിലൂടെ 10 ലക്ഷം സൗദി പൗരന്മാര്‍ എഐ നൈപുണ്യ സര്‍ട്ടിഫിക്കറ്റ് നേടിയതായി അതോറിറ്റി അറിയിച്ചു. ജനങ്ങളുടെ എല്ലാ വിഭാഗങ്ങളിലെയും ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കുകയും എഐയുടെ പ്രായോഗിക ഉപയോഗങ്ങളിലൂടെ സമൂഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള ദേശീയ ശ്രമങ്ങളുടെ വിജയമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ സംരംഭം വഴി പങ്കെടുത്ത പൗരന്മാര്‍ക്ക് നിര്‍മിതബുദ്ധിയുടെ അടിസ്ഥാനങ്ങളിലൂന്നിയ പരിശീലനം നല്‍കുകയും, അതിന്റെ പ്രൊഫഷണല്‍, അക്കാദമിക് ജീവിതങ്ങളിലേക്കുള്ള പോസിറ്റീവ് പ്രയോഗങ്ങളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയും ചെയ്തതായി എസ്ഡിഎഐഎ വക്താവ് ഡോ. മജീദ് അല്‍ ഷഹ്രി പറഞ്ഞു. വിദ്യാഭ്യാസ, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയങ്ങളുമായുള്ള ഫലപ്രദമായ പങ്കാളിത്തമാണ് ഈ നേട്ടം കുറഞ്ഞ സമയത്തിനുള്ളില്‍ കൈവരിക്കാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വ്യാപകമായ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ഈ സഹകരണം നടന്നത്. നിര്‍മിതബുദ്ധി മേഖലയിലെ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍ എന്നിവരെ ഉള്‍പ്പെടുത്തി കൂടുതല്‍ പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നും അതോറിറ്റി അറിയിച്ചു.

ഈ നേട്ടത്തിന്റെ ഭാഗമായി റിയാദില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി യൂസഫ് അല്‍ബുനിയാന്‍, എസ്ഡിഎഐഎ പ്രസിഡന്റ് ഡോ. അബ്ദുല്ല അല്‍ഗാംദി, വിദ്യാഭ്യാസ ഉപമന്ത്രി ഡോ. ഇനാസ് അല്‍ഈസ, ഇമാം മുഹമ്മദ് ബിന്‍ സൗദ് ഇസ്ലാമിക് സര്‍വകലാശാല പ്രസിഡന്റ് ഡോ. അഹമ്മദ് അല്‍അംരി, സദായ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇസാം അല്‍വാഖിത് എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it