Gulf

കുഞ്ഞു പാഠം' ഹ്രസ്വ സിനിമയുടെ പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

കുഞ്ഞു പാഠം ഹ്രസ്വ സിനിമയുടെ പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിച്ചു
X


അസീര്‍ : പ്രകൃതി നിരന്തരമായി ഓര്‍മ്മപ്പെടുത്തിയിട്ടും മനുഷ്യര്‍ പാഠം പഠിക്കുന്നില്ലെങ്കില്‍ ദുരന്തങ്ങളുടെ ആവര്‍ത്തനങ്ങളാണ് ഭാവിയെ കാത്തിരിക്കുന്നതെന്ന് കെ.എം.സി.സി ഖമീസ് മുഷയ്ത്ത് സെന്‍ട്രല്‍ കമ്മിറ്റി സാംസ്‌കാരിക വിഭാഗമായ സംസ്‌കൃതി സംഘടിപ്പിച്ച 'കുഞ്ഞു പാഠം' ഹ്രസ്വ സിനിമയുടെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് നടന്ന പരിസ്ഥിതി ചര്‍ച്ച അഭിപ്രായപ്പെട്ടു. ഒരു ഭാഗത്ത് പ്രകൃതി വിഭവങ്ങള്‍ അനിയന്ത്രിതമായി ചൂഷണം ചെയ്യപ്പെടുമ്പോള്‍ മറുഭാഗത്ത് പരിസ്ഥിതി മലിനീകരണം നിര്‍ബാധം നടക്കുകയാണ്. വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരുകളും വലിയ തിരുത്തലുകള്‍ക്ക് തയ്യാറാവേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

'എന്റെ മാലിന്യം എന്റെ ബാധ്യത' എന്ന പ്രമേയത്തില്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റസാഖ് കിണാശ്ശേരിയാണ് നാല് മിനുട്ട് ദൈര്‍ഘ്യമുള്ള 'കുഞ്ഞു പാഠം' അണിയിച്ചൊരുക്കിയത്.
പരിപാടി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ മൂന്നിയൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി ഷഹീറാ നസീര്‍, ജമാല്‍ കടവ്, ഷാഫി തിരൂര്‍, അബ്ദുല്‍ ജലീല്‍ കാശിഫി, റിയാസ് വെട്ടിക്കാട്ടിരി, വഹീദ് മൊറയൂര്‍, റിയാസ് മെട്രോ, നവാസ് വാവനൂര്‍, സലീം പാലക്കാട്, സ്വാദിഖ് ഫൈസി, സിദ്ധീഖ് വാദിയാന്‍, റഷീദ് തുവ്വൂര്‍, മഹറൂഫ് കോഴിക്കോട്, ഷമീര്‍ ഹലീസ്, അബു മുല്ലപ്പള്ളി, സിദ്ധീഖ് പുലാമന്തോള്‍, ഹുസൈന്‍ കൂട്ടിലങ്ങാടി, മജീദ് ഹലീസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.എം.സി.സി സംസ്‌കൃതിയുടെ പ്രതിഭാ പുരസ്‌കാരം ഷഹീറാ നസീര്‍ റസാഖ് കിണാശ്ശേരിക്ക് സമ്മാനിച്ചു. സാമൂഹ്യ പ്രസക്തമായ വിഷയങ്ങളില്‍ പുതിയ പ്രോജക്ടുകള്‍ ചെയ്യാന്‍ കുഞ്ഞുപാഠത്തിന് ലഭിക്കുന്ന സ്വീകാര്യത പ്രചോദനമായതായി റസാഖ് കിണാശ്ശേരി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

. ബീച്ചില്‍ ഉല്ലാസത്തിനായി എത്തിയ യുവാക്കള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്ന സ്‌നാക് പാക്കുകളും മറ്റും പെറുക്കിയെടുത്ത് മാലിന്യ ബക്കറ്റില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്ന കൊച്ചു പെണ്‍കുട്ടിയാണ് കുഞ്ഞുപാഠത്തിലെ നായിക. വെയ്സ്റ്റുകള്‍ ബക്കറ്റില്‍ ഇടാന്‍ നേരം ക്ലാസ് മുറിയിലെ 'എന്റെ മാലിന്യം എന്റെ ബാധ്യത' എന്ന പാഠ ഭാഗം ഓര്‍മ്മയില്‍ വന്ന പെണ്‍കുട്ടി അവ ബക്കറ്റില്‍ നിക്ഷേപിക്കാതെ മാലിന്യം തെരുവിലേക്കെറിഞ്ഞ അതേ യുവാക്കളുടെ കൈകളില്‍ തന്നെ എല്പിക്കുകയാണ്. ചിത്രത്തിന്റെ പാരിസ്ഥിതിക പ്രസക്തി കണക്കിലെടുത്ത് ജില്ലാ ഭരണ കൂടത്തിന്റെ മാലിന്യ നിര്‍മാര്‍ജന പദ്ധതിയായ 'സീറോ വെയ്സ്റ്റ് കോഴിക്കോട്' പദ്ധതിയുടെ ഔദ്യോഗിക ലോഗോ ചിത്രത്തോടൊപ്പം നല്കാന്‍ കലക്ടര്‍ യു.വി. ജോസ് അനുമതി നല്‍കിയിരുന്നു.

ഏഴാം ക്ലാസ്സുകാരി ബേബി സ്‌നിയ ആണ് ചിത്രത്തിലെ പെണ്‍കുട്ടിയുടെ വേഷമിട്ടത്. സഫ്വാന്‍, ഭവില്‍ വേണുഗോപാല്‍, അഖില്‍ കെപി, റിജോ, സാജിദ് കെപി. എന്നിവരും വിവിധ വേഷങ്ങള്‍ ചെയ്തു. ചിത്രത്തിന്റെ ഛായാഗ്രഹണം സച്ചിന്‍ രാജും, പശ്ചാത്തല സംഗീതം മണികണ്ഠനും നിര്‍വ്വഹിച്ചു, വയലിനിസ്റ്റ് സി.എം. വാടിയില്‍ സ്‌ക്രീനിലും അണിയറയിലും വയലിന്‍ വായിച്ചു. സന്നാഫ് പാലക്കണ്ടിയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സാങ്കേതിക സഹായം ശിവം ഡിജിറ്റല്‍ കോഴിക്കോട്. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ നേതൃത്വത്തിലാണ് കുഞ്ഞു പാഠം അവതരണവും പ്രകാശനവും നടന്നത്.

ഫോട്ടോ: ;കുഞ്ഞു പാഠം' സംവിധായകന്‍ റസാഖ് കിണാശ്ശേരിക്ക് കെ.എം.സി.സി സംസ്‌കൃതിയുടെ പ്രതിഭാപുരസ്‌കാരം എഴുത്തുകാരി ഷഹീറാ നസീര്‍ നല്‍കുന്നു.
Next Story

RELATED STORIES

Share it