തീരുമാനം റദ്ദാക്കി-പാകിസ്താനുമായി ചര്‍ച്ചയില്ലന്യൂഡല്‍ഹി: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ക്ഷണം സ്വീകരിച്ച് പാകിസ്താനുമായി ന്യൂയോര്‍ക്കില്‍ വെച്ച് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറി. ജമ്മുകശ്മീരില്‍ സായുധര്‍ മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ യഥാര്‍ഥ മുഖമാണ് ഈ സംഭവത്തോടെ പുറത്തായതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ബുര്‍ഹാന്‍ വാനിയുടെ സ്റ്റാംപ് പുറത്തിറക്കിയതും ജവാന്റെ മൃതദേഹം വികൃതമാക്കിയ സംഭവത്തിലും ഇന്ത്യ അപലപിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് സായുധാക്രമണം അടക്കമുള്ള വിഷയങ്ങളില്‍ വിദേശകാര്യ മന്ത്രിതല ചര്‍ച്ചയ്ക്കുള്ള സാധ്യത കഴിഞ്ഞദിവസം ഇംറാന്‍ ആരാഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ന്യയോര്‍ക്കില്‍വച്ച് കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചത്. ഈ തീരുമാനമാണ് പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കപ്പെട്ടത്.
അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്‌സിലെ സൈനികര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് പാക് പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്. പാകിസ്താനും ഇന്ത്യയും തമ്മില്‍ അടുത്ത ബന്ധമാണ് വേണ്ടത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ജമ്മു കശ്മീര്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് പാകിസ്താനിലെ പുതുതലമുറ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങള്‍ തമ്മില്‍ പാലം തീര്‍ക്കുന്നതിലൂടെ ഗുണകരമായ ഭാവിയാണ് ആഗ്രഹിക്കുന്നതെന്നും ഇംറാന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

RELATED STORIES

Share it
Top