- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മനുവിലേക്കു മടങ്ങുന്ന ഇന്ത്യന്‍ സര്‍വകലാശാലകള്‍
നവോത്ഥാന കേരളത്തിന്‍റെയും വിദ്യാഭ്യാസ വിപ്ലവത്തിന്‍റെയും ജാതിവിരുദ്ധ സമര പോരാട്ടങ്ങളുടെയും വീര നായകനാണ് മഹാത്മാ അയ്യങ്കാളി. കര്‍ഷക സമരത്തെ വരെ വിദ്യാഭ്യാസരംഗത്തെ തുല്യനീതിക്കായുള്ള വിലപേശല്‍ തന്ത്രത്തിന് ഉപയോഗിച്ച ആ ക്രാന്തദര്‍ശിയുടെ ചിന്താ കര്‍മസരണിയെ സമീപകാല ഇന്ത്യനവസ്ഥയില്‍ പുനരാലോചനയ്ക്കു വിധേയമാക്കപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാ
ഡോ. എ കെ വാസു
നവോത്ഥാന കേരളത്തിന്‍റെയും വിദ്യാഭ്യാസ വിപ്ലവത്തിന്‍റെയും ജാതിവിരുദ്ധ സമര പോരാട്ടങ്ങളുടെയും വീര നായകനാണ് മഹാത്മാ അയ്യങ്കാളി. കര്‍ഷക സമരത്തെ വരെ വിദ്യാഭ്യാസരംഗത്തെ തുല്യനീതിക്കായുള്ള വിലപേശല്‍ തന്ത്രത്തിന് ഉപയോഗിച്ച ആ ക്രാന്തദര്‍ശിയുടെ ചിന്താ കര്‍മസരണിയെ സമീപകാല ഇന്ത്യനവസ്ഥയില്‍ പുനരാലോചനയ്ക്കു വിധേയമാക്കപ്പെടേണ്ടതുണ്ട്.
വിദ്യാഭ്യാസ രംഗങ്ങളില്‍നിന്നു ദലിതരെയും ആദിവാസികളെയും ബഹുദൂരം ആട്ടിയോടിക്കുക എന്ന നയമാണ് ഇന്ന് ഇന്ത്യയിലുടനീളം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
2021-22 വര്‍ഷത്തില്‍ 12 ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദലിത് വിഭാഗത്തില്‍നിന്ന് ഒരു വിദ്യാര്‍ഥിയെ പോലും ഗവേഷണത്തിനായി പ്രവേശിപ്പിച്ചിട്ടില്ല. ഇതേ അധ്യയന വര്‍ഷത്തില്‍ 21 ഉന്നത വിദ്യാഭ്യാസ സര്‍വകലാശാലകളില്‍ ആദിവാസി വിഭാഗത്തില്‍നിന്ന് ഒരാള്‍ക്കുപോലും ഗവേഷക വിദ്യാര്‍ഥിയാവാന്‍ അവസരം നല്‍കിയിട്ടില്ല. ആദിവാസി സ്ത്രീയെ ഇന്ത്യന്‍ രാഷ്ട്രപതിയാക്കിയിരിക്കുന്നെന്ന അരങ്ങുദൃശ്യത്തിനു പിന്നിലെ അണിയറ ദൃശ്യമാണ് ആദിവാസി വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനു തടയിട്ടുകൊണ്ടു തീണ്ടാപ്പലക നാട്ടിയിരിക്കുന്നത്. ആദിവാസികളെ ഗവേഷണത്തില്‍നിന്ന് ഒഴിവാക്കിയ സര്‍വകലാശാലകള്‍ എല്ലാം തന്നെ അങ്ങ് വടക്കാണ് എന്നൊക്കെ ഇനിയങ്ങോട്ട് കരുതി 'ഇതു കേരളമാണ്' എന്നൊന്നും പ്രഘോഷണം മുഴക്കാന്‍ നമുക്കാവില്ല, ഇങ്ങ് കേരളത്തിലെ കോഴിക്കോട് സര്‍വകലാശാലയിലും ആദിവാസി വിഭാഗത്തെ ഗവേഷകരായി എടുത്തിട്ടില്ല. 21 ആദിവാസി എക്സ്ക്ലൂഷന്‍ സര്‍വകലാശാലകളുടെ പട്ടികയിലെ ആ ഒന്ന് കേരളത്തിലെ കോഴിക്കോട് സര്‍വകലാശാലയാണ്.
തീര്‍ത്തും സംസ്കാരശൂന്യവും അപമാനകരവുമാണ് കോഴിക്കോട് സര്‍വകലാശാലയുടെ ഇത്തരം നിലപാടുകള്‍. സംവരണം പാലിക്കുന്നില്ലെന്ന വിഷയത്തില്‍ ലേഖനമെഴുതിയതു കുറ്റമാണെന്നു പ്രഖ്യാപിച്ച് അവിടുത്തെ ചരിത്രാധ്യാപകനായ ഡോ. കെ എസ് മാധവന് ഷോകോസ് നോട്ടീസ് നല്‍കി വിവാദത്തില്‍ പെട്ടിരുന്നു കോഴിക്കോട് സര്‍വകലാശാല.
സംവരണനിഷേധം ആദര്‍ശമാക്കുന്ന സര്‍വകലാശാലയുടെ മറ്റൊരു മുഖമാണ് ആദിവാസിവിഭാഗങ്ങളെ ഗവേഷണത്തില്‍നിന്നു മാറ്റിനിര്‍ത്തിയിരിക്കുന്ന നടപടിയും.
സാമുദായിക സംവരണം നിലവിലില്ലാത്തിടത്തെല്ലാം ദലിത്/ ആദിവാസി വിഭാഗങ്ങളെ പൂര്‍ണമായും പുറംതള്ളാനുള്ള സവര്‍ണതയുടെ മനസ്സിനെ വസ്തുനിഷ്ഠമായി ബോധ്യപ്പെടുത്തുന്നതാണ് മേല്‍സൂചിപ്പിച്ച കണക്കുകള്‍.
ഭരണഘടനാ ലംഘനമായ ഈ വിഷയത്തെ സമീപിക്കാന്‍ ദലിത് സംഘടനകള്‍ക്കും ഇതര രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും കഴിഞ്ഞിട്ടില്ലെന്നതും ഗൗരവമായി കാണേണ്ടതുണ്ട്.
രോഹിത് വെമുലയുടെ ആത്മബലിക്കുശേഷം ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ സര്‍വകലാശാലകളില്‍നിന്നു ശക്തമായി ബഹുസ്വര രാഷ്ട്രീയം ഉയര്‍ന്നുവന്നിരുന്നു.
ദലിത്/ പിന്നാക്ക/ മതന്യൂനപക്ഷ വിദ്യാര്‍ഥികളുടെയും ജനാധിപത്യവാദികളുടെയും ജൈവസഖ്യം ഫാഷിസ്റ്റ് വിരുദ്ധ സമരത്തെയും രാഷ്ട്രീയത്തെയും ശക്തിപ്പെടുത്തുകയുണ്ടായി. കാലഘട്ടം ആവശ്യപ്പെടുന്ന ആ സംവരണീയ സഖ്യത്തെ മുളയിലേ നുള്ളാന്‍ സവര്‍ണരുടെ അക്കാദമിക വരേണ്യത കണ്ടെത്തിയ ചാണക്യതന്ത്രത്തിലാണ് അക്കാദമിക് എക്സ്ക്ലൂഷന്‍റെ നയപരിപാടികളും നിയമങ്ങളും രൂപപ്പെട്ടത്. അവസരങ്ങളെ പരിമിതപ്പെടുത്തി അതു സവര്‍ണര്‍ക്കു മാത്രം നല്‍കുക എന്നതായിരുന്നു അപ്രഖ്യാപിത ലക്ഷ്യം എന്നത് അഞ്ചുവര്‍ഷത്തെ കണക്കെടുപ്പില്‍ മറയില്ലാതെ പുറത്തുവന്നു കഴിഞ്ഞിരിക്കുന്നു.
ഗവേഷണത്തിനു പ്രഫസര്‍മാര്‍ക്കു കീഴില്‍ 12 സീറ്റുകളുണ്ടായിരുന്നത് ആറു സീറ്റാക്കി, അസോസിയേറ്റ് പ്രഫസര്‍മാര്‍ക്ക് 10 സീറ്റുകളുണ്ടായിരുന്നത് അഞ്ചു മാത്രമാക്കി കുറച്ചു. അസിസ്റ്റന്‍റ് പ്രഫസര്‍മാര്‍ക്കുണ്ടായിരുന്ന എട്ടു സീറ്റ് നാലു സീറ്റ് മാത്രമാക്കി മൊത്തത്തില്‍ അവസരങ്ങള്‍ കണിശമായും വര്‍ധിപ്പിക്കേണ്ട കാലത്ത് ഉണ്ടായിരുന്ന സീറ്റുകളെ നേര്‍പകുതിയായി കുറയ്ക്കുകയാണ് യുജിസി ചെയ്തത്. കൂടാതെ, ഗവേഷക വിദ്യാര്‍ഥികള്‍ക്കുണ്ടായിരുന്ന നിരവധി ഫെലോഷിപ്പുകളും ഇല്ലാതാക്കിത്തീര്‍ത്തു. വിദ്യാര്‍ഥികളെ ഗവേഷകരായി എടുക്കാന്‍, അധ്യാപകര്‍ക്കു സംവരണമടക്കമുള്ള യാതൊരു മാനദണ്ഡവും പാലിക്കാന്‍ നിര്‍ദേശങ്ങളൊന്നും തന്നെയില്ല.
ജാതീയതയില്‍ ജീവിക്കുന്ന ഇന്ത്യയിലെ അധ്യാപകര്‍ക്കു വിവേചനബോധത്തോടെ കുട്ടികളെ പരിഗണിക്കാനുള്ള അവസരം നല്‍കിയപ്പോള്‍ 'ശൂദ്രമക്ഷര സംയുക്തം ദൂരതാ പരിവര്‍ജയേത്' എന്ന മനുസ്മൃതി നിയമം നടപ്പാവുകയും ഇന്ത്യന്‍ ഭരണഘടനയുടെ ജനാധിപത്യ മുഖമായ ഇന്‍ക്ലൂഷന്‍ നിയമം പുറത്താവുകയും ചെയ്തിരിക്കുന്നു. നിയമപരമായ പരിരക്ഷയില്ലാതെ സവര്‍ണരും ജാതിവാദികളുമായ അധ്യാപകര്‍ സ്വയമേവ ദലിതരെ സ്വീകരിക്കുമെന്ന നിലപാട് തികച്ചും ചരിത്രവിരുദ്ധവും യാഥാര്‍ഥ്യബോധം ഒട്ടുമേ ഇല്ലാത്തതുമാണ്. കോഴിക്കുഞ്ഞുങ്ങളെ കുറുക്കന്‍ സംരക്ഷിച്ചുകൊള്ളുമെന്ന മട്ടിലുള്ള വരട്ടുയുക്തിയാണ് ഇക്കാര്യത്തില്‍ പ്രയോഗത്തിലുള്ളത്.
പുരോഗമന ചിന്തകളുടെ അപ്പോസ്തലനായി കേരളം വാഴ്ത്തിപ്പാടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ദലിതരെ വിദ്യാലയത്തില്‍ ചേര്‍ക്കുന്നതിനെ എതിര്‍ത്തത് അസഭ്യമായ ഭാഷ ഉപയോഗിച്ചുകൊണ്ടാണ്.
'വര്‍ണ യോഗ്യതകളെ വകതിരിക്കാതെ, നിര്‍ഭയത്വം ഒന്നിച്ചിരുത്തി പഠിപ്പിക്കേണ്ടതാണെന്നു ശഠിക്കുന്നതിന് അനുകൂലിക്കാന്‍ ഞങ്ങള്‍ യുക്തി കാണുന്നില്ല. എത്രയോ തലമുറകളായി ബുദ്ധിയെ കൃഷി ചെയ്തിട്ടുള്ള ജാതിക്കാരും എത്രയോ തലമുറകളായി നിലം കൃഷി ചെയ്തിരിക്കുന്ന ജാതിക്കാരെയും തമ്മില്‍ ബുദ്ധികൃഷിക്കാര്യത്തിന് ഒന്നായി ചേര്‍ക്കുന്നത് കുതിരയെയും പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുന്നതുപോലെ ആവുന്നു.' ദലിതരുടെ വിദ്യാഭ്യാസ പ്രവേശനത്തോടുള്ള സവര്‍ണ പുരോഗാമി(?)യുടെ നിലപാടിലുള്ളതും ഇപ്പോഴും തുടരുന്ന ജാതീയമായ എക്സ്ക്ലൂഷന്‍ തന്നെയാണ്.
ദലിതരുടെ കുട്ടികള്‍ വിദ്യാലയത്തില്‍ പ്രവേശിച്ചപ്പോള്‍ മറ്റുള്ളവരുടെ കുട്ടികള്‍ മുഴുവന്‍ വിദ്യാലയം വിട്ടോടിയ ചരിത്രവും കേരളത്തിലുണ്ട്. സവര്‍ണരെ സംബന്ധിച്ചിടത്തോളം, തങ്ങള്‍ക്കു വിദ്യാഭ്യാസം ലഭിക്കുക എന്നതുപോലെ സുപ്രധാനമായിരുന്നു കീഴാളരുടെ വിദ്യാഭ്യാസ അവസരങ്ങള്‍ നിഷേധിക്കുക എന്നതും.
ധീവര സമുദായക്കാരനായ പണ്ഡിറ്റ് കെ പി കറുപ്പനെ അധ്യാപകനായി നിയമിച്ചതിന്‍റെ പേരില്‍ തങ്ങള്‍ അധ്യാപകവൃദ്ധിതന്നെ ഉപേക്ഷിക്കുന്നുവെന്നു പ്രഖ്യാപിച്ചതും ഇതേ ജാതിവെറികള്‍ തന്നെയാണ്.
ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയിലെ 25 ഐഐടികളിലായി 25007 വിദ്യാര്‍ഥികള്‍ക്ക് പിഎച്ച്.ഡിക്ക് പ്രവേശനം നല്‍കി. അതില്‍ 15 ശതമാനം ഭരണഘടനാനുസൃത സംവരണം ലഭിക്കേണ്ടുന്ന എസ്.സി വിദ്യാര്‍ഥികളില്‍ നിന്നു കേവലം 2268 (9.1%) മാത്രമാണ് പ്രവേശനം നേടിയിട്ടുള്ളത്. അക്കാദമിക് വരേണ്യതയുടെ എക്സ്ക്ലൂഷന്‍ ക്രൂരത ആറു ശതമാനം ദലിതരുടെ സാധ്യതകള്‍ കവര്‍ന്നെടുത്തു സവര്‍ണര്‍ക്കായി നല്‍കിയിരിക്കുകയാണ്.
7.5 ശതമാനം സംവരണമാണ് നിയമപ്രകാരം ആദിവാസി വിഭാഗത്തിനു ലഭിക്കേണ്ടത്. എന്നാല്‍, 526 (2.1%) മാത്രമേ ആദിവാസി വിഭാഗ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ലഭ്യമായിട്ടുള്ളൂ. അതില്‍നിന്ന്
5.4 ശതമാനം പോസ്റ്റെടുത്തു സവര്‍ണര്‍ക്കായി ഒളിപ്പിച്ചുകടത്തിയിരിക്കുന്നു.
25007ല്‍ 16402 സീറ്റും 15 ശതമാനം വരുന്ന സവര്‍ണര്‍ മാത്രം കൈയടക്കിയിരിക്കുന്നെന്നു സാരം. 5811 സീറ്റ് മാത്രമാണ് ഭൂരിപക്ഷ ജനതയായ ഒബിസി വിഭാഗങ്ങള്‍ക്കും ലഭ്യമായിട്ടുള്ളൂ. വരേണ്യവിഭാഗങ്ങള്‍ മാത്രം വിദ്യാഭ്യാസം ചെയ്തിരുന്ന പഴയകാലത്തിന്‍റെ ഇരുട്ടിലേക്ക് ഇന്ത്യയുടെ വിദ്യാഭ്യാസ ലോകത്തെ വലിച്ചിഴയ്ക്കുന്നതിന്‍റെ വ്യക്തമായ സൂചനകളാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.
ഇന്ത്യയിലെ വിവിധ കേന്ദ്ര സര്‍വകലാശാലകളിലായി എസ്.സി വിഭാഗങ്ങള്‍ക്കായുള്ള 958ഉം എസ്.ടി വിഭാഗങ്ങള്‍ക്കുള്ള 576ഉം ഒബിസി വിഭാഗങ്ങള്‍ക്കുള്ള 1761ഉം സീറ്റുകള്‍ ഇതുവരേക്കും നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നുവെന്ന കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് പാര്‍ലമെന്‍റില്‍ ചോദ്യത്തിനു മറുപടിയായി തുറന്നുപറഞ്ഞത്. കേരളത്തില്‍ കാസര്‍കോട്ടുള്ള കേന്ദ്ര സര്‍വകലാശാലയില്‍
അധ്യാപക ഒഴിവുകളില്‍ എസ്.സി സംവരണത്തിലെ 13 പോസ്റ്റുകളും
എസ്.ടി സംവരണത്തിലെ ഏഴു പോസ്റ്റുകളും ഒബിസിക്കുള്ള 18 പോസ്റ്റുകളും ഇപ്പോഴും നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നു.
ഗവേഷണത്തിലെ അഡ്മിഷന്‍ നിഷേധത്തെ സര്‍വകലാശാലാ അധ്യാപക നിയമനത്തില്‍ അവര്‍ണരോടു കാണിക്കുന്ന എക്സ്ക്ലൂഷനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ദലിതരും ആദിവാസികളും പിന്നാക്കക്കാരും ഗവേഷണബിരുദം നേടി ഇനിയാരും ഒരു സര്‍വകലാശാലയിലേക്കും അധ്യാപകരായി എത്തിച്ചേരരുതെന്ന സവര്‍ണതയുടെ അപരഹിംസ തന്നെയാണ് ഇവിടെയെല്ലാം പ്രവര്‍ത്തിക്കുന്നത്. ഗവേഷണ രംഗത്തുള്ള നിരവധി അവര്‍ണ പഠിതാക്കള്‍ ഇത്തരം സത്യങ്ങളെ തിരിച്ചറിയുകയും അതിനെയെല്ലാം പ്രശ്നവല്‍ക്കരിക്കുകയും ചെയ്തുപോരുന്ന കാലമാണിത്. വിജ്ഞാനത്തെ അവര്‍ണരില്‍നിന്നു വിദൂരമാക്കുക എന്നത് പഴയ ജാതിയുടെ വ്യക്തമായ തിരിച്ചുവരവിനെത്തന്നെയാണു വ്യക്തമായും സൂചിപ്പിക്കുന്നത്. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ മുക്കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ഈ ഘട്ടത്തിലും നാം ഇന്ത്യന്‍ ജനത വര്‍ണവിവേചനത്തിന്‍റെ ഈ വലിയ വിടവിനെ അപ്പുറവും ഇപ്പുറവുമായി നിലയുറപ്പിച്ചിരിക്കുകയാണ്. ഈ ഗര്‍ത്തത്തെ മറികടക്കാന്‍ സംഘടിതശക്തിയിലൂടെ ജനാധിപത്യപരമായ സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. നിയമപരമായ മാര്‍ഗങ്ങളിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടം തുടരേണ്ടതുണ്ട്. വിദ്യാഭ്യാസരംഗത്തു നീതിയും ബഹുസ്വരതയും നടപ്പാക്കാനുള്ള ഇടപെടലുകള്‍ ബഹുജനങ്ങളില്‍നിന്നും ജനാധിപത്യവാദികളില്‍നിന്നും അക്കാദമിക രംഗത്തെ പരിഷ്കര്‍ത്താക്കളില്‍നിന്നും ഉയര്‍ന്നുവരേണ്ട ഭരണഘടനാപരമായ ദൗത്യനിര്‍വഹണത്തിന്‍റെ അനിവാര്യ സന്ദര്‍ഭമാണിത്.
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT