ബാബ്‌രി തകര്‍ച്ച: 26 വര്‍ഷമായി ഹിന്ദുക്ഷേത്രം പരിപാലിച്ച് ഹിന്ദു സഹോദരന്‍മാരുടെ തിരിച്ചുവരവ് കാത്ത് ലദ്ദേവാലയിലെ മുസ്ലിംകള്‍

ന്യൂഡല്‍ഹി: ബാബ്‌രി മസ്ജിദ്-രാമക്ഷേത്ര കേസ് സുപ്രിംകോടതിയില്‍ നിലനില്‍ക്കുമ്പോഴും മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായി മുസഫര്‍ നഗറിലെ ലദ്ദേവാലയിലെ മുസ്ലിം സമൂഹം. മുസഫര്‍നഗര്‍ സിറ്റിയില്‍ നിന്നും കുറച്ചകലെയായി നാലടി വീതിയുള്ള റോഡ് ചെല്ലുന്നത് ഒരുകൂട്ടം വീടുകള്‍ നില്‍ക്കുന്ന ഭാഗത്തേക്കാണ്. 1990കളില്‍ ബാബ്‌രി മസ്ജിദ് തകര്‍ക്കുന്നതിനു മുന്‍പ് ഇവിടെ ഹിന്ദുമത വിശ്വാസകളുടെ താമസസ്ഥലമായിരുന്നു. ഇതിനരികിലായി ഒരു ക്ഷേത്രവും ഉണ്ട്. കഴിഞ്ഞ 26 വര്‍ഷമായി ആ ക്ഷേത്രം പരിപാലിക്കുന്നത് സമീപവാസികളായ മുസ്ലിം സമൂഹമാണ്.ദിനേന ഈ ക്ഷേത്രം വൃത്തിയാക്കുന്നതും ദീപാവലിയ്ക്ക് പെയിന്റ് ചെയ്യുന്നതും ക്ഷേത്രത്തിനകത്ത് മൃഗങ്ങള്‍ കയറാതെ നോല്‍ക്കുന്നതുമെല്ലാം ഇവരാണ്. ബാബ്‌രി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്നുണ്ടായ കലാപത്തെ തുടര്‍ന്നാണ് ഇവിടുത്തെ പ്രദേശവാസികള്‍ നാടുവിട്ടത്. പേടി കൊണ്ട് ഇവിടം വിടാന്‍ നിന്ന ജിതേന്ദ്ര കുമാറെന്ന തന്റെ അടുത്ത സുഹൃത്തിനോട് പോവണ്ടായെന്ന് പറഞ്ഞതും ഇപ്പോഴും 60കാരനായ മെഹ്രര്‍ബാന്‍ അലിയ്ക്ക് ഓര്‍മയുണ്ട്. എന്നാല്‍ ഈ അപേക്ഷകളൊന്നും ചെവികൊള്ളാതെ ഹിന്ദുക്കള്‍ ഇവിടെ നിന്ന് കൂട്ടത്തോടെ സ്ഥലം വിട്ടു. ഇതോടെ ക്ഷേത്രം അനാഥമായി.എന്നാല്‍ തന്റെ സുഹൃത്ത് അടക്കമുള്ളവര്‍ എന്നെങ്കിലും തിരിച്ചവരുമെന്ന പ്രതീക്ഷയില്‍ അലിയടക്കമുള്ള ഇവിടുത്തെ മുസ്ലീങ്ങള്‍ ക്ഷേത്രം ഏറ്റെടുത്ത് പരിപാലിക്കുകയായിരുന്നു. അലിയെ പോലെ പോയവര്‍ തിരിച്ച് വരുമെന്ന പ്രതീക്ഷ പുലര്‍ത്തുന്ന നിരവധി പേരുണ്ട് ഇവിടെ. 35ഓളെ മുസ്ലീം കുടുംബങ്ങളാണ് ഇപ്പോള്‍ പ്രദേശത്തുള്ളത്. 20ലധികം ഹിന്ദു കുടുംബങ്ങളും ഇവിടെ താമസിച്ചിരുന്നു. ഈ ക്ഷേത്രം ഏതാണ്ട് 1970ലാണ് നിര്‍മിച്ചിരുന്നതെന്നും ഹിന്ദുസഹോദരന്മാര്‍ തിരിച്ച് വരണമെന്നും ക്ഷേത്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നും മറ്റൊരു പ്രദേശവാസിയായ സഹീര്‍ അഹമ്മദും ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top