മണ്‍ചിരാതുകള്‍ തെളിഞ്ഞു; കലയുടെ കൗമാര വസന്തത്തിന് തുടക്കമായി

പ്രളയത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും ഒഴിവാക്കിയിരുന്നു.

മണ്‍ചിരാതുകള്‍ തെളിഞ്ഞു; കലയുടെ കൗമാര വസന്തത്തിന് തുടക്കമായി

ആലപ്പുഴ: കിഴക്കിന്റെ വെനീസില്‍ കലയുടെ കൗമാര വസന്തിന് വര്‍ണാഭ തുടക്കം. 59ാമത് സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. 59 വിദ്യാര്‍ഥികള്‍ മണ്‍ചിരാത് തെളിയിച്ചാണ് കലോല്‍സവത്തിന് തുടക്കം കുറിച്ചത്.

പ്രളയത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും ഒഴിവാക്കിയിരുന്നു. കഴിഞ്ഞ തവണ കലോത്സവത്തിന്റെ മുഴുവന്‍ ചിലവ് ഒരുകോടിക്ക് മുകളില്‍ പോയിരുന്നു. ഇത്തവണ ചിലവ് 40 ലക്ഷത്തിനകത്ത് നിര്‍ത്താനാണ് ആലോചിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, കെ സി വേണുഗോപാല്‍ എംപി തുടങ്ങിയവരടക്കമുള്ളവര്‍ ഉദ്ഘാടനവേദിയിലെത്തിയിരുന്നു.

പ്രളയത്തെ തുടര്‍ന്നു കലോല്‍സവം മുന്ന് ദിവസമായി ചുരുക്കിയിരുന്നു. വേദികളുടെ എണ്ണം ഇത്തവണ വര്‍ധിപ്പിച്ചിട്ടുണ്ട്. 29 വേദികളിലായാണ് ഇത്തവണ മല്‍സരങ്ങള്‍ അരങ്ങേറുക.

158 ഇനങ്ങളിലായി 12,000 മല്‍സരാര്‍ഥികളാണ് ആലപ്പുഴയിലെത്തുന്നത്. ഇതോടൊപ്പം നടക്കുന്ന സംസ്‌കൃതോല്‍സവത്തിലും അറബിക് കലോല്‍സവത്തിലും ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സംസ്‌കൃതോല്‍സവത്തില്‍ നാലു വേദികളിലായി 14 ഇനങ്ങളിലാണ് മല്‍സരം. 300 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 19 ഇനങ്ങളില്‍ നടക്കുന്ന അറബിക് കലോല്‍സവത്തില്‍ 500 വിദ്യാര്‍ഥികളെത്തും. ഇവയ്ക്കായി രണ്ടു വേദികളാണ് സജ്ജമാക്കിയിരിക്കുന്നത്. ഡിസംബര്‍ ഒമ്പതോടെ കലോല്‍സവത്തിന് തിരശ്ശീല വീഴും.


Admin

Admin

Our Contributor help bring you the latest article around you


RELATED STORIES

Share it
Top