Career

അധിക തസ്തികനിര്‍ണയം വൈകുന്നു; അധ്യാപക നിയമനങ്ങള്‍ അനിശ്ചിതത്വത്തില്‍

അധിക തസ്തികനിര്‍ണയം വൈകുന്നു; അധ്യാപക നിയമനങ്ങള്‍ അനിശ്ചിതത്വത്തില്‍
X

ആലപ്പുഴ: സ്‌കൂളുകളിലെ അധിക തസ്തിക നിര്‍ണയം മൂന്നു മാസം പിന്നിട്ടിട്ടും വിദ്യാഭ്യാസ വകുപ്പില്‍ പൂര്‍ത്തിയായിട്ടില്ല. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള തസ്തികനിര്‍ണയം ഒക്ടോബര്‍ ഒന്നിനകം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. നടപടികള്‍ വൈകിയതോടെ അധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ നിയമനസാധ്യതകള്‍ ഗൗരവമായി ബാധിക്കപ്പെടുകയാണ്.

വൈകിയതിന്റെ പ്രധാന പ്രത്യാഘാതം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (എച്ച്എസ്എ) റാങ്ക് പട്ടികയിലുള്ളവര്‍ക്കാണ്. ഇതുമൂലം ഏകദേശം 400 ഹൈസ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ തടസ്സപ്പെടുമെന്നാണ് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള ഭരണപരമായ കാരണങ്ങളാലാണ് അധിക തസ്തികനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു. ഹൈസ്‌കൂളുകളില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറിയിലേക്കുള്ള സ്ഥാനക്കയറ്റവും അന്തര്‍ജില്ലാ സ്ഥലംമാറ്റവും തസ്തിക നിര്‍ണയത്തില്‍ നിര്‍ണായക ഘടകങ്ങളാണ്.

ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി കെ ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ പരീക്ഷ പാസാകാനുള്ള സമയപരിധി 2027 വരെ നീട്ടിയിട്ടുണ്ടെങ്കിലും, അതിന്റെ പേരില്‍ ഹയര്‍ സെക്കന്‍ഡറിയിലേക്കുള്ള സ്ഥാനക്കയറ്റം നിലവില്‍ തടസ്സപ്പെട്ട നിലയിലാണ്. ആകെ ഒഴിവുകളുടെ 15 ശതമാനം അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിലൂടെയാണ് നികത്തേണ്ടത്. എന്നാല്‍ ഈ നടപടിയും സമയബന്ധിതമായി നടപ്പാക്കിയിട്ടില്ലെന്ന് ആരോപണമുണ്ട്. വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞാല്‍ അധ്യാപക തസ്തികകള്‍ വേഗത്തില്‍ റദ്ദാക്കുന്നുവെങ്കിലും, വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അതനുസരിച്ച് പുതിയ തസ്തികകള്‍ സമയബന്ധിതമായി അനുവദിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it