Big stories

ട്രംപ് ഇറാനുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് സാധ്യതയില്ല

ട്രംപ് ഇറാനുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് സാധ്യതയില്ല
X

അബ്ദുല്ല അൻസാരി

വലിയ അളവിൽ വീരവാദം മുഴക്കുന്നുണ്ടെങ്കിലും ഇറാനുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് ട്രംപ് തയ്യാറാവാൻ സാധ്യത കുറവാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭീമമായ സാമ്പത്തിക രാഷ്ട്രീയയ ബാധ്യതകൾ സൃഷ്ടിക്കുന്ന ഒന്നാണ് ഒരു ആസന്നമായ യുദ്ധം. ഇറാഖ്, അഫ്ഗാനിസ്താൻ, ഫലസ്തീൻ എന്നിവിടങ്ങളിൽ നടത്തിയ വർഷങ്ങളോളം നീണ്ടുനിന്ന അതിക്രമങ്ങൾ അമേരിക്കൻ സമ്പദ് വ്യവസ്ഥക്ക് ട്രില്യൺ കണക്കിന് ഡോളറിന്റെ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിട്ടുണ്ട്. മാത്രവുമല്ല, കാലിക ലോകത്ത് ആഗോളതലത്തിൽ ഒരു യുദ്ധം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ഏറെ വലുതാണ്. ഇറാന്റെ ഭൂപ്രകൃതിയും സൈനിക ശേഷിയും പരിഗണിച്ചാൽ, നേരിട്ടൊരു ഏറ്റുമുട്ടൽ അമേരിക്കക്ക് വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. കൂടാതെ, ആഭ്യന്തര രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ​അമേരിക്കൻ ജനതക്കിടയിൽ മറ്റൊരു വൈദേശിക യുദ്ധത്തിന് വലിയ പിന്തുണയുമുണ്ടാവില്ല.

പ്രമുഖ ചരക്കുകടത്ത് പാതകളിലൊന്നാണ് ഇറാന് സമീപമുള്ള ഹോർമുസ് കടലിടുക്ക് (Strait of Hormuz). ഇവിടെ ഇറാൻ സൃഷ്ടിക്കുന്ന പ്രതിസന്ധി ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരാനും അതുവഴി അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത വിലക്കയറ്റത്തിനും രാഷ്ട്രീയ സാമ്പത്തിക അസ്ഥിരതക്കും വഴിവെക്കും. മാത്രവുമല്ല, ഇറാനിൽ രൂപപ്പെട്ടേക്കാവുന്ന അസ്വസ്ഥത അവിടെ മാത്രം ഒതുങ്ങുന്നതല്ല. അമേരിക്കയുടെ അത്ര അല്ലെങ്കിൽ പോലും, ഇറാനും ഉയർന്നുവരുന്ന ഒരു സാമ്രാജ്യത്വ ശക്തിയാണ്. ​ലെബ്നാൻ, യെമൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെല്ലാം ഇറാനെ പിന്തുണയ്ക്കുന്ന സഖ്യസേനകളുണ്ട്. അതുകൊണ്ടുതന്നെ, ഇസ്രായേൽ അടക്കം മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും താൽപ്പര്യങ്ങൾക്കും എതിരെയുള്ള, ഒരു മൂന്നാം ലോക യുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന, വിശാലമായ ഒരു യുദ്ധമുഖമായിരിക്കും അത് തുറക്കുക.

ഏറ്റവും ചെലവുകുറഞ്ഞ അന്താരാഷ്ട്ര ചരക്കു കടത്തു പാതയാണ് ഹോർമോസ് കടലിടുക്ക് വഴിയുള്ളത്. സമ്മർദ്ദം ശക്തമായാൽ തന്ത്രപ്രധാനമായ പ്രസ്തുത മാർഗ്ഗം ഇറാൻ അടക്കും. ഇത്തരമൊരു സ്ട്രാറ്റജിയാണ് അവർ ലക്ഷ്യം വെക്കുന്നതെന്ന് അടുത്തിടെ നടത്തിയ അവരുടെ അന്താരാഷ്ട്ര ഇടപെടലുകൾ സൂചിപ്പിക്കുന്നു. വെനിസ്വേലയിലെ അമേരിക്കയുടെ സൈനിക ഇടപെടലും ഇറാൻ പ്രക്ഷോഭവുമടക്കം ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടയിൽ, ചൈനീസ്, റഷ്യൻ, ഇറാൻ യുദ്ധക്കപ്പലുകൾ ദക്ഷിണാഫ്രിക്കയുടെ സഹകരണത്തോടെ ഒരു ആഴ്ച നീണ്ടുനിൽക്കുന്ന നാവിക അഭ്യാസത്തിനായി ദക്ഷിണാഫ്രിക്കൻ സമുദ്രാതിർത്തിയിൽ എത്തിയെന്ന വാർത്ത ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. 'ശനിയാഴ്ച ഉദ്ഘാടന ചടങ്ങോടെ ആരംഭിച്ച അഭ്യാസങ്ങൾ, സുപ്രധാന കപ്പൽ പാതകളും സാമ്പത്തിക പ്രവർത്തനങ്ങളും സംരക്ഷിക്കുന്നതിനുള്ള സംയുക്ത പ്രവർത്തനങ്ങളാണെ'ന്ന് ചൈനയുടെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു. 'സമുദ്ര ലക്ഷ്യങ്ങളിൽ ആക്രമണം നടത്തലും ഭീകരവിരുദ്ധ രക്ഷാപ്രവർത്തനങ്ങളും' അഭ്യാസത്തിൻ്റെ ഭാഗമാകുമെന്നും പ്രസ്താവന തുടർന്ന് വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കൻ പ്രതിരോധ സേനയുടെ പ്രസ്താവന പ്രകാരം, 'സൈനിക അഭ്യാസം നാവികസേനകൾക്ക് മികച്ച രീതികൾ പരസ്പര സഹകരണം കൈമാറാനും സംയുക്ത പ്രവർത്തന ശേഷികൾ മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്'. കൂടാതെ, 'കപ്പൽ പാതയുടെ സുരക്ഷയും മൊത്തത്തിലുള്ള പ്രാദേശിക സമുദ്ര സ്ഥിരതയും അത് ഉറപ്പുവരുത്തും'. ഹോർമോസ് കടലിടുക്ക് അടച്ചു കഴിഞ്ഞാൽ പിന്നീട് ആശ്രയിക്കാവുന്ന ഏക അന്താരാഷ്ട്ര കപ്പൽ സഞ്ചാരപഥം കേപ്ടൗൺ ചുറ്റിയുള്ള ജലമാർഗ്ഗമാണ്. ഇതുംകൂടി ബ്ലോക്ക് ചെയ്തു കഴിഞ്ഞാൽ സാമ്രാജ്യത്വ മൂലധന വ്യവസായിക രാജ്യങ്ങളുടെ നട്ടെല്ല് തകരും. ഇത്തരമൊരു അടവുനയമാണ് ദക്ഷിണാഫ്രിക്കൻ സമുദ്രത്തിൽ നടക്കുന്ന സൈനിക അഭ്യാസത്തിലൂടെ ഇറാൻ ലക്ഷ്യം വെക്കുന്നത്.

യുഎസ് ഇറാനിൽ സൈനികമായി ഇടപെടുമെന്ന ട്രംപിന്റെ പ്രസ്താവനക്ക് പ്രതികരണമായി ഇതര രാജ്യങ്ങളിൽ നടത്തുന്ന 'ഇടപെടലിനെ തങ്ങൾ ശക്തിയായി എതിർക്കുന്നു'വെന്ന് ചൈന വ്യക്തമാക്കിയത് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ നേരിട്ടൊരു ഏറ്റുമുട്ടലിന് മുതിരാതെ, ഇറാന്റെ മേഖലയിലെ സ്വാധീനം തകർക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു നിഴൽ യുദ്ധത്തിനായിരിക്കും ട്രംപ് ശ്രമിക്കുക. ​സാമ്പത്തിക ഉപരോധം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിച്ച് ഇറാന്റെ വരുമാന മാർഗ്ഗങ്ങൾ തടഞ്ഞ് ഭരണകൂടത്തെ തളർത്തുക, ആണവ കേന്ദ്രങ്ങൾ തുടങ്ങിയ തന്ത്രപ്രധാനമായ പ്രത്യേക ലക്ഷ്യങ്ങൾ നേരിട്ടോ ഇതര ശക്തികളെ ഉപയോഗപ്പെടുത്തിയോ തകർക്കുക, ആഭ്യന്തര കലഹങ്ങളും കലാപങ്ങളും സൃഷ്ടിച്ച് സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാക്കി ഭരണകൂടത്തെ അട്ടിമറിക്കുക തുടങ്ങിയ തന്ത്രങ്ങളായിരിക്കും യുഎസ് പയറ്റാൻ സാധ്യത. നൂറ്റാണ്ടുകളോളം ഇറാൻ അടക്കിവാണ ഷാ പഹ്‌ലവി കുടുംബത്തിലെ അവസാനത്തെ വിഷവിത്തിനെ ഉപയോഗപ്പെടുത്തി ഇറാനിൽ ഇപ്പോൾ നടത്തുന്ന ആഭ്യന്തര ധ്രുവീകരണ ശ്രമങ്ങൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഇറാൻ്റെ (പുരാതന പേർഷ്യ) കഴിഞ്ഞ 2500 വർഷത്തെ ചരിത്രത്തിലെവിടെയും ഇറാൻ ജനത സാംസ്കാരികമായി ഏതെങ്കിലും ഒരു വൈദേശിക ശക്തിക്ക് മുമ്പിൽ അടിയറവ് പറഞ്ഞിട്ടില്ല. ഇറാനികൾ തങ്ങളുടെ സാംസ്കാരിക വ്യക്തിത്വം നിലനിർത്തുന്നതിൽ കാണിച്ച ആർജവം ലോകചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. ചരിത്രത്തിൽ അവിടവിടെ ഒറ്റപ്പെട്ട ചില ഭൂമിശാസ്ത്രപരമായ പിൻവാങ്ങലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും. വൈകാതെ അവയെല്ലാം അവർ അതിജീവിച്ചു. ചരിത്രകാരന്മാർ പൊതുവിൽ പറയാറുള്ള ഒരു വാചകമുണ്ട്: 'ഇറാൻ കീഴടക്കിയവരെയെല്ലാം ഇറാൻ സാംസ്കാരികമായി കീഴടക്കി.' ഇസ്‌ലാമിൻ്റെ പേരിൽ അഭിമാനം കൊള്ളുന്ന ഇറാൻ ജനത, അതിനെ ഉൾക്കൊണ്ടത് പോലും തനത് ഘടനയിൽ നിന്നും വ്യത്യസ്തമായി അവരുടെതായ ചമയങ്ങളോടും മുദ്രകളോടും കൂടിയാണ്. അങ്ങനെയാണ് ശിയായിസം രൂപം കൊള്ളുന്നത്.

യുഎസ് നേതൃത്വത്തിലുള്ള ഇവാഞ്ചലിക്കൽ സയണിസ്റ്റ് സാമ്രാജ്യത്വത്തിന്റെ പ്രതിസ്ഥാനത്ത് നിലയുറപ്പിച്ചിരുന്ന, റഷ്യൻ കേന്ദ്രീകൃത ശാക്തിക സന്തുലനത്തിൻ്റെ തിരോഭാവം സൃഷ്ടിച്ച, ശൂന്യത നികത്താൻ, ഇറാൻ പങ്കാളിയായ പുതിയ പരീക്ഷണത്തിന് കഴിഞ്ഞാൽ അത് പുതിയ ലോക സമവാക്യങ്ങളും പുതിയൊരു ലോകക്രമവും സൃഷ്ടിക്കും

Next Story

RELATED STORIES

Share it