Big stories

ഇറാനിയന്‍ ആക്രമണം: പശ്ചിമേഷ്യയുടെയും ഫലസ്തീന്റെയും ഭാവിക്കുവേണ്ടിയുള്ള യുദ്ധം

ഇറാനിയന്‍ ആക്രമണം: പശ്ചിമേഷ്യയുടെയും ഫലസ്തീന്റെയും ഭാവിക്കുവേണ്ടിയുള്ള യുദ്ധം
X

ജെറിമി സോള്‍ട്ട്

യുദ്ധം, അധിനിവേശം, അട്ടിമറി എന്നിവയിലൂടെ മുസ്ലിം, അറബ് രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിച്ച പാശ്ചാത്യ രാജ്യങ്ങള്‍ അനിയന്ത്രിതവും അര്‍ഥശൂന്യവുമായ വംശീയ അക്രമത്തിന്റെ ഉച്ചസ്ഥായിയിലേക്ക് അടുക്കുന്നു. സാമ്രാജ്യത്വ പാശ്ചാത്യരാജ്യങ്ങള്‍ അര സഹസ്രാബ്ദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ യുദ്ധത്തിന്റെ ഭാഗമായിരുന്നു മുസ്ലിം രാജ്യങ്ങള്‍ക്കെതിരായ യുദ്ധം എന്ന് ഓര്‍മപ്പെടുത്തുന്നു.

ഇറാനെതിരായ യുദ്ധത്തിന്റെ ഫലം അടുത്ത നൂറ്റാണ്ടിലേക്കുള്ള രംഗം പുനസ്സജ്ജമാക്കും. ഒന്നുകില്‍ ഇറാന്‍ വിജയകരമായി ചെറുത്തുനില്‍ക്കും, അല്ലെങ്കില്‍ പശ്ചിമേഷ്യ പാശ്ചാത്യ ''ചുറ്റികയില്‍'' വീഴും.

ഇറാന്റെ പ്രതിരോധം ഇറാന്റേത് മാത്രമല്ല. അത് ഫലസ്തീനെ പ്രതിരോധിക്കുന്നു, സ്വന്തം ഭാവി തീരുമാനിക്കാനുള്ള അറബികളുടെയും മുസ്ലിംകളുടെയും പ്രതീക്ഷകളെയും അഭിലാഷങ്ങളെയും അത് സംരക്ഷിക്കുന്നു. വിപുലമായ അര്‍ഥത്തില്‍ നോക്കുകയാണെങ്കില്‍ അത് ഗ്ലോബല്‍ സൗത്തിന്റെ മൊത്തം പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിരോധിക്കുന്നു.

1898ല്‍ നെപ്പോളിയന്റെ ഈജിപ്തിലെ അധിനിവേശത്തോടെയാണ് പശ്ചിമേഷ്യയുടെയും വടക്കന്‍ ആഫ്രിക്കയുടെയും കീഴടക്കല്‍ ആരംഭിച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അത് തകര്‍ന്നു, പക്ഷേ, ക്രമേണ മുഴുവന്‍ പ്രദേശത്തെയും ആധിപത്യത്തിനായുള്ള മല്‍സരം ആരംഭിച്ചു, മുഴുവന്‍ പ്രദേശത്തെയും സ്വാംശീകരിച്ചു. നാഗരികതയായിരുന്നു അവരുടെ ഭാഷ, അതായത് അക്കാലത്തെ സാങ്കേതികമായി ഏറ്റവും മികച്ച ആയുധങ്ങള്‍. അവ യൂറോപ്യന്‍മാരുടെ കൈവശം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഈത്തപ്പഴത്തിന്റെ കുരുവില്‍ ഈയം പുരട്ടിയാണ് 1830കളില്‍ അള്‍ജീരിയക്കാര്‍ ഫ്രഞ്ചുകാരെ നേരിട്ടത്; 1898ല്‍ ഒംദുര്‍മാനില്‍ ബ്രിട്ടിഷുകാരുടെ പീരങ്കികള്‍ക്കെതിരേ സുഡാനി പോരാളികള്‍ കുന്തവും തോക്കുമാണ് ഉപയോഗിച്ചത്; 2003ലെ ഇറാഖ് യുദ്ധത്തില്‍ സ്റ്റെല്‍ത്ത് ബോംബുകളും സ്മാര്‍ട്ട് ബോംബുകളും ഉപയോഗിച്ചു; യെമനിലും ഫലസ്തീനിലും സ്ത്രീകളെയും കുട്ടികളെയും സായുധ ഡ്രോണുകള്‍ കൊലപ്പെടുത്തി; ഇറാനില്‍ വര്‍ഷിക്കാന്‍ പോകുന്ന 'ബങ്കര്‍ ബസ്റ്റര്‍' ബോംബുകള്‍; അങ്ങനെ മറ്റെല്ലാം പരാജയപ്പെട്ടാല്‍ എളുപ്പത്തില്‍ ലഭ്യമായ ആണവായുധങ്ങള്‍.

ഇത് ഒരു നാഗരികതയുടെ ധാര്‍മിക ശ്രേഷ്ഠതയല്ല, മറിച്ച് ആധുനിക വ്യാവസായിക സമൂഹത്തിലെ സമ്പത്ത് സൃഷ്ടിക്കുന്ന സാങ്കേതിക വിദ്യ ഉല്‍പ്പാദിപ്പിക്കുന്ന ശ്രേഷ്ഠതയാണ്. 1904-05ലെ യുദ്ധത്തില്‍ ജപ്പാന്‍ സാറിസ്റ്റ് റഷ്യയെ പരാജയപ്പെടുത്തിയത് പോലുള്ള അപ്രതീക്ഷിത കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അത് എല്ലായ്പ്പോഴും വിജയിക്കില്ലെന്നും പരാജയപ്പെടാമെന്നും മനസിലാക്കണം. ഒരു 'ഏഷ്യന്‍' ശക്തിയുടെ സൈനിക വിജയം 'പാശ്ചാത്യരെ' ഞെട്ടിച്ചു, പക്ഷേ, യൂറോപ്യന്മാരെ സ്വന്തം കളിയില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് അത് കാണിച്ചുതന്നു. ലോകത്തെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് പ്രതീക്ഷ നല്‍കി.

മധ്യേഷ്യയുടെ നിയന്ത്രണത്തിനുവേണ്ടി പത്തൊമ്പതാം നൂറ്റാണ്ടില്‍ റഷ്യന്‍ സാമ്രാജ്യവും ബ്രിട്ടിഷ് സാമ്രാജ്യവും തമ്മിലുള്ള ''ഗ്രെയിറ്റ് ഗെയിമില്‍'' ബ്രിട്ടിഷ് ഇന്ത്യയ്ക്കും റഷ്യന്‍ ആധിപത്യമുള്ള മധ്യേഷ്യക്കും ഇടയിലായിരുന്നു ഇറാന്‍. ഈ രണ്ട് ശക്തികളുടെയും ഭീഷണിയില്‍നിന്നും അഴിമതിക്കാരായ ഖജര്‍ ഷാകളുടെ ദുര്‍ഭരണത്തില്‍നിന്നും മോചിതരാകാനുള്ള ഇറാനികളുടെ ശ്രമങ്ങള്‍ 19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആരംഭിച്ചു.

രാജ്യത്തെ പുകയില കൃഷിയുടെ നിയന്ത്രണം ഒരു ബ്രിട്ടിഷുകാരന് നല്‍കിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 1890ല്‍ ഇറാനികള്‍ പുകവലി നിര്‍ത്തി, പുകയില വിപ്ലവം നടത്തിയത് വിജയകരമായിരുന്നു.അത് സ്ത്രീകള്‍ ശക്തവും സമൂലവുമായി പങ്കുവഹിച്ച ഒരു ഭരണഘടനാ പ്രസ്ഥാനം ഉയര്‍ന്നുവരാനും കാരണമായി.

ബഹുജന പ്രതിഷേധങ്ങള്‍ മൂലം ഭരണഘടന കൊണ്ടുവരാനും പാര്‍ലമെന്റ് സ്ഥാപിക്കാനും 1906ല്‍ ഷാ നിര്‍ബന്ധിതനായി. ഭരണഘടനാപരമായ സര്‍ക്കാരിനെ ചൊല്ലി ജനങ്ങളും ഷായും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ 1911ല്‍ ഷാ റഷ്യയില്‍നിന്നും ആയിരക്കണക്കിന് സൈനികരെ ഇറക്കി. പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തു.

ഒന്നാം ലോകമഹായുദ്ധകാലത്ത് ഖജര്‍ ഷാകള്‍ വീണു. ബ്രിട്ടിഷ് പിന്തുണയോടെ ആദ്യത്തെ പഹ്ലവി ഷാ അധികാരത്തിലെത്തി. ഭൂദാഹം യൂറോപ്യന്‍ ശക്തികളെ പരസ്പരം യുദ്ധത്തിലേക്ക് നയിച്ചെങ്കിലും അക്കാലത്ത് മറ്റ് മുസ്ലിം ദേശങ്ങള്‍ക്കെതിരേ നടന്ന സാമ്രാജ്യത്വ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വേണം അതിനെ കാണാന്‍.

മൊറോക്കോയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് 1911ല്‍ ജര്‍മനിയും ഫ്രാന്‍സും തമ്മിലുണ്ടായ 'അഗാദിര്‍ പ്രതിസന്ധി'യുടെ കാലത്ത് തന്നെ ആഫ്രിക്കയുടെ ഭൂരിഭാഗവും അവരുടെ കൈവശമായിരുന്നു. അതേ വര്‍ഷം തന്നെ, ഇറ്റാലിയന്‍ സൈന്യം ഓട്ടോമന്‍ ലിബിയയെ ആക്രമിച്ചു, 1912ല്‍ ഗ്രീസ്, ബള്‍ഗേറിയ, സെര്‍ബിയ, മോണ്ടിനെഗ്രോ എന്നിവര്‍ ശക്തമായ സാമ്രാജ്യത്വ പിന്തുണയോടെ ഓട്ടോമന്‍ മാസിഡോണിയയെ ആക്രമിച്ചു.

1908ല്‍ മസ്ജിദ് അല്‍ സുലൈമാനില്‍ എണ്ണ കണ്ടെത്തിയതോടെ എന്തുവില കൊടുത്തും, മറ്റുള്ളവര്‍ക്ക് എന്ത് സംഭവിച്ചാലും, കൈവശം വയ്ക്കേണ്ട ആസ്തിയായി ഇറാന്‍ മാറി. കല്‍ക്കരിയല്ല, എണ്ണയാണ് അപ്പോള്‍ 'പാശ്ചാത്യ' സൈനിക, വ്യാവസായിക ശക്തിയുടെ ഊര്‍ജ സ്രോതസ്സ്. അതുള്ള രാജ്യങ്ങളെ സ്വതന്ത്രരാകാന്‍ അനുവദിക്കാനാവില്ല.

1911ല്‍, അമേരിക്കക്കാരനായ ഡബ്ല്യു മോര്‍ഗന്‍ ഷുസ്റ്ററിനെ ഇറാന്റെ ട്രഷറര്‍ ജനറലായി നിയമിച്ചു. ഇറാന്റെ ധനമേഖല പുനസ്സംഘടിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി. അതുപക്ഷേ, ബ്രിട്ടിഷ്, റഷ്യന്‍ ഗൂഢാലോചനകള്‍ നേരില്‍ കാണാന്‍ അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹം തന്റെ 1912ലെ ദി സ്ട്രാങ്ളിങ് ഓഫ് പേര്‍ഷ്യ എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതി.

'' ''ഈ പുരാതന രാഷ്ട്രത്തിന്റെ പതനത്തിന് കാരണമാകുന്ന ശക്തവും പ്രബുദ്ധവുമായ ക്രിസ്ത്യന്‍ രാജ്യങ്ങള്‍ സത്യം, ബഹുമാനം, മാന്യത, നിയമം എന്നിവ വച്ച് കളിച്ചത് ചിത്രീകരിക്കാന്‍ വലിയ പ്രയാസമാണ്.''

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം സൃഷ്ടിച്ച അവസരത്തിന് ശേഷം മുസ്ലിം രാജ്യങ്ങള്‍ക്കെതിരേ പാശ്ചാത്യര്‍ ആരംഭിച്ച തത്ത്വദീക്ഷയില്ലാത്തതും നിയമവിരുദ്ധവുമായ യുദ്ധങ്ങളെ വിവരിക്കാന്‍ ഇതേ വാക്യങ്ങള്‍ അനുയോജ്യമാണ്.

ആയത്തുല്ലാ അലി ഖാംനഈയെ വധിക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ ഉദ്ദേശ്യം 1912ലെ ഷുസ്റ്ററിന്റെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. 1911ല്‍ തബ്റിസ് പിടിച്ച ശേഷം സാറിസ്റ്റ് റഷ്യന്‍ സൈനിക ഗവര്‍ണര്‍ നഗരത്തിലെ പ്രധാന മതനേതാവിനെ തൂക്കിലേറ്റി. ഈ സംഭവത്തെ കുറിച്ച് ഒരു ബ്രിട്ടിഷ് പത്രപ്രവര്‍ത്തകനെ ഉദ്ധരിച്ച് ഷുസ്റ്റര്‍ ഇങ്ങനെ എഴുതി. '' ഈ സംഭവം പേര്‍ഷ്യക്കാരിലുണ്ടാക്കിയ രോഷം ദുഃഖവെള്ളിയാഴ്ച ദിവസം കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിനെ തൂക്കിലേറ്റിയാല്‍ ഇംഗ്ലിഷുകാര്‍ക്കുണ്ടാവുമായിരുന്നു.''

ആംഗ്ലോ-പേര്‍ഷ്യന്‍ ഓയില്‍ കമ്പനിയുടെ കൈകളിലായിരുന്ന എണ്ണമേഖലയെ മുഹമ്മദ് മൊസാദെഗിന്റെ നേതൃത്വത്തിലുള്ള ദേശീയവാദി സര്‍ക്കാര്‍ 1951ല്‍ ദേശസാല്‍ക്കരിച്ചു. യുഎസ് ചാരസംഘടനയായ സിഐഎയും ബ്രിട്ടിഷ് ചാരസംഘടനയായ എംഐ16ഉം ചേര്‍ന്ന് 1953ല്‍ അദ്ദേഹത്തെ അട്ടിമറിച്ചു. തൊട്ടുമുമ്പ് രാജ്യം വിട്ട ഷാ റിസാ പഹ്ലവി വീണ്ടും അധികാരത്തില്‍ സ്ഥാപിക്കപ്പെട്ടു. ഇത്തവണ വെറുതെ ഭരിക്കാനല്ല, മറിച്ച് കുപ്രസിദ്ധമായ സവാക് പോലിസും രഹസ്യാന്വേഷണ ശൃംഖലയും മറ്റും ഉപയോഗിച്ച് ഭരിക്കാനാണ് ഷാ തീരുമാനിച്ചത്.

ഇറാനില്‍നിന്ന് പുറത്താക്കപ്പെട്ടിരുന്ന ആയത്തുല്ലാ റൂഹുല്ലാ ഖുമൈനി 1979ല്‍ തിരിച്ചുവരുന്നതിന് മുമ്പ് തന്നെ ഷാ റിസാ പഹ്ലവി നാടുവിട്ടു. ഇതാണ് ഇസ്ലാമിക വിപ്ലവം എന്നറിയപ്പെടുന്നത്. ഇറാനിലെ ഇസ്രായേലി എംബസി ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് കൈമാറുകയെന്നതായിരുന്നു പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രവൃത്തികളില്‍ ഒന്ന്. ഇത് ഇറാനിലെ നിലവിലെ ആക്രമണത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് നമ്മെ എത്തിക്കുന്നു: ഫലസ്തീന്‍.

ഫലസ്തീന്‍ പ്രശ്നം ഉപേക്ഷിച്ചിരുന്നെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഇറാന് യുഎസുമായി സമാധാനം സ്ഥാപിക്കാമായിരുന്നു. അത് മാത്രമേ അവര്‍ക്ക് ചെയ്യേണ്ടതുള്ളൂ. അക്ബര്‍ ഹാഷ്മി റഫ്സഞ്ചാനി പ്രസിഡന്റായിരുന്ന കാലം മുതല്‍(1989-97) യുഎസുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ഇറാനില്‍ ബിസിനസ്സുകള്‍ സ്ഥാപിക്കാന്‍ യുഎസ് കോര്‍പറേഷനുകളെ അനുവദിക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് ഖതാമിയും അതേ നിലപാട് സ്വീകരിച്ചു, പക്ഷേ, ഉപരോധങ്ങള്‍ കര്‍ക്കശമാവുക മാത്രമാണ് ചെയ്തത്.

പ്രശ്നം എപ്പോഴും ഫലസ്തീന്‍ ആയിരുന്നു. ഇറാന്‍ അന്താരാഷ്ട്ര നിയമത്തില്‍ ഉറച്ചുനിന്നു, എല്ലാ ഭീഷണികളും പ്രലോഭനങ്ങളും ഉണ്ടായിട്ടും പിന്മാറിയില്ല. കൂടാതെ, ഫലസ്തീന്‍ സിവിലിയന്‍ ജനതയ്‌ക്കെതിരേയും ഫലസ്തീനു ചുറ്റുമുള്ള മിക്കവാറും എല്ലാ രാജ്യങ്ങള്‍ക്കുമെതിരേയും ഇസ്രായേല്‍ തുടര്‍ച്ചയായി ക്രൂരമായ സൈനിക ആക്രമണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

1982ല്‍ ലബ്നാനെതിരേ നടത്തിയ ആക്രമണത്തില്‍ 20,000 പേരെ കൊന്നു. 2023 ഒക്ടോബര്‍ 7 വരെ ഗസയിലും പിന്നീട് ബെയ്‌റൂത്തിലും തെക്കന്‍ ലെബ്നാനിലും നടത്തിയ ആക്രമണങ്ങള്‍ വരാനിരിക്കുന്ന മോശം സമയങ്ങളുടെ സൂചനയായിരുന്നു.

ഇതെല്ലാം കണ്ടിട്ടും, 'പ്രതിരോധത്തിന്റെ അച്ചുതണ്ടിലെ' നങ്കൂരം എന്ന തത്ത്വാധിഷ്ഠിത നിലപാടില്‍നിന്ന് ഇറാന്‍ ഒരിക്കലും പിന്മാറിയില്ല. 1980-1989ലെ ഇറാഖ്-ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക ഇറാനെ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഭയാനകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും താമസിയാതെ ഇറാന്‍ കരകയറുകയും 1950ലെ ചേരിചേരാ സഖ്യത്തിന് സമാനമായ ബ്രിക്സില്‍ പ്രധാനസ്ഥാനം നേടുകയും ചെയ്തു.

പരാജയപ്പെട്ട ഇസ്രായേല്‍, എല്ലാ അവസരങ്ങളിലും ഇറാനെ തകര്‍ക്കാന്‍ ശ്രമിച്ചു. ഇറാനിലെ ശാസ്ത്രജ്ഞരെയും സിറിയയിലെ സൈനിക കമാന്‍ഡര്‍മാരെയും വധിച്ചു. ഇലക്ട്രോണിക് യുദ്ധ അട്ടിമറിയിലൂടെ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു.

നെതന്യാഹുവിന് അമിതഭ്രമമുണ്ടായിരുന്നു. പക്ഷേ, സംയുക്ത ആക്രമണം നടത്താന്‍ യുഎസിനെ പ്രേരിപ്പിക്കാന്‍ കഴിഞ്ഞില്ല. രണ്ടാമത്തെ ഏറ്റവും നല്ല മാര്‍ഗം സിറിയയ്‌ക്കെതിരായ പ്രോക്‌സി യുദ്ധമായിരുന്നു (2011-2024). ഇത് ഇറാന്‍, സിറിയ, ഹിസ്ബുല്ലാ എന്നിവ തമ്മിലുള്ള തന്ത്രപരമായ സഖ്യത്തിലെ കേന്ദ്ര കമാനം നശിപ്പിക്കാന്‍ 'പാശ്ചാത്യ' രാജ്യങ്ങളും ഇസ്രായേലും നടത്തിയ ശ്രമമായിരുന്നു.

2024 ഡിസംബറില്‍ സിറിയന്‍ സര്‍ക്കാര്‍ തകര്‍ന്നു. ഒരു പാവ സ്വയം പ്രസിഡന്റായി സ്ഥാനമേറ്റപ്പോള്‍ ഇത് വിജയിച്ചു. സെപ്റ്റംബറില്‍, പേജര്‍ ആക്രമണങ്ങളില്‍ ഇസ്രായേല്‍ നൂറുകണക്കിന് ലെബ്നാന്‍ സിവിലിയന്മാരെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്തിരുന്നു. ഹിസ്ബുല്ലായുടെ സൈനിക, രാഷ്ട്രീയ കമാന്‍ഡ് ശൃംഖലയിലെ പ്രധാന വ്യക്തികളെ വധിക്കുകയും ചെയ്തു.

പ്രസിഡന്റ് റൈസിയുടെ സ്ഥാനാരോഹണത്തിനായി തെഹ്‌റാനിലായിരുന്നപ്പോള്‍ ഹമാസിന്റെ ചെയര്‍മാന്‍ ഇസ്മാഈല്‍ ഹനിയയെ വധിച്ചു. അതിനുശേഷം മൊസാദ് നടത്തുന്ന കൊലപാതകങ്ങളുടെ എല്ലാ ലക്ഷണങ്ങളുമുള്ള ഒരു ഹെലികോപ്റ്റര്‍ 'അപകടത്തില്‍' റൈസി മരിച്ചു.

ഇസ്രായേലിന്റെ വീക്ഷണകോണില്‍ നോക്കുകയാണെങ്കില്‍ ഇവ വളരെ വിജയകരമായ വര്‍ഷങ്ങളായിരുന്നു: ഗസയിലെ വംശഹത്യയെ ആരും തടയുന്നില്ല; സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിച്ചു; ഹിസ്ബുല്ലയുടെ നേതൃത്വത്തെ തളര്‍ത്തി.

ബ്രിട്ടനും ഫ്രാന്‍സും തമ്മിലുള്ള 1916ലെ രഹസ്യമായ സൈക്സ്-പികോറ്റ് കരാര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ പശ്ചിമേഷ്യയെ 'പടിഞ്ഞാറിന്റെ' കൈകളില്‍ വച്ചു. ഇപ്പോള്‍ ഇറാനെ ഛിന്നഭിന്നമാക്കാന്‍ കഴിയുമെങ്കില്‍, അടുത്ത നൂറ്റാണ്ടിലും അത് 'സുരക്ഷിത'മായിരിക്കും. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഇസ്രായേല്‍ ആയിരിക്കും, ലെബ്നാന്‍, സിറിയ, ജോര്‍ദാന്‍, ഇറാഖ്, സൗദി അറേബ്യ, ഒരുപക്ഷേ, തുര്‍ക്കി എന്നിവയെപ്പോലും ബലികഴിച്ച് ബൈബിള്‍ അതിര്‍ത്തികളിലേക്ക് സ്വതന്ത്രമായി വികസിക്കാന്‍ അവര്‍ക്ക് കഴിയും.

ചരിത്രത്തിലെ നെതന്യാഹുവിന്റെ ഏറ്റവും വലിയ നിമിഷമാണിത്, പതിറ്റാണ്ടുകളായി അയാള്‍ ആസൂത്രണം ചെയ്ത ഒന്ന്, അത് അയാള്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല. യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും അയാള്‍ക്കെതിരേ ഇതിനകം കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍ ലോകത്തെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നതിനുമുമ്പ് ഇത്രയും ദുഷ്ടനായ ഒരു കുറ്റവാളിയെ എന്തുകൊണ്ട് തടഞ്ഞില്ല എന്ന് കണ്ടെത്താന്‍ ഭാവി തലമുറകള്‍ ധാരാളം സമയമെടുത്ത് ചിന്തിക്കേണ്ടി വരും.

Next Story

RELATED STORIES

Share it