Big stories

''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരേ ഉപയോഗിച്ചു'' വസ്തുതാന്വേഷണ റിപോര്‍ട്ട്

സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരേ ഉപയോഗിച്ചു വസ്തുതാന്വേഷണ റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജമാ മസ്ജിദിലെ സര്‍വേയെ തുടര്‍ന്ന് പോലിസ് അമിതാധികാരം പ്രയോഗിച്ചെന്ന് വസ്തുതാന്വേഷണ റിപോര്‍ട്ട്. നിയമങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരേ മാത്രം ഉപയോഗിച്ചെന്നും അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സും ഖാരവന്‍ ഇ മുഹബ്ബത്തും സംയുക്തമായി നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് പറയുന്നു.


സംഭല്‍ ശാഹീ ജമാ മസ്ജിദ് ഹിന്ദു ക്ഷേത്രമാണെന്ന് ആരോപിച്ച് നല്‍കിയ ഹരജിയിലാണ് 2024 നവംബര്‍ 19ന് കോടതി സര്‍വേക്ക് ഉത്തരവിട്ടിരുന്നത്. നവംബര്‍ 24ന് നടന്ന രണ്ടാം സര്‍വേയില്‍ അഞ്ച് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊല്ലുകയുമുണ്ടായി. ഈ വിഷയം അന്വേഷിക്കാനാണ് പൗരാവകാശ സംഘടനാ പ്രവര്‍ത്തകര്‍ സംഭലിലേക്ക് പോയത്. പ്രശസ്ത പൗരാവകാശ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദിറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

അഭിഭാഷകരായ ഹരിശങ്കര്‍ ജെയിന്‍, മകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ എന്നിവരും കേള ദേവി ക്ഷേത്രത്തിലെ മഹന്ത് ഋഷിരാജ് ഗിരിയും 2024 നവംബര്‍ 19ന് ജില്ലാ കോടതിയില്‍ ഹരജി നല്‍കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് റിപോര്‍ട്ട് പറയുന്നു. സംഭല്‍ ശാഹീ ജമാ മസ്ജിദ് ഹിന്ദു ക്ഷേത്രമാണെന്നും സര്‍വേ നടത്തണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഹരജി കോടതി പരിഗണിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. പ്രിന്‍സ് ശര്‍മ എതിര്‍പ്പ് ഉന്നയിച്ചില്ല. അതിനാല്‍, ഹരജിക്കാരുടെ ആവശ്യം അംഗീകരിക്കുന്ന ഉത്തരവ് ഉച്ചകഴിഞ്ഞ് കോടതി പുറപ്പെടുവിച്ചു.മുസ്‌ലിം കക്ഷികളുടെയോ മസ്ജിദ് കമ്മിറ്റിയുടെയോ വാദം കേള്‍ക്കാതെയായിരുന്നു ഈ ഉത്തരവ്.

ഉത്തരവ് വന്നിട്ടും അതിനെ കുറിച്ച് അവരെ അറിയിച്ചില്ല. സര്‍വേ എന്ന് നടത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നില്ല. എന്നാല്‍, കോടതി ഉത്തരവ് പ്രകാരം അഭിഭാഷക കമ്മീഷനായ രമേശ് രാഘവ് സര്‍വേ അന്നു തന്നെ നടപ്പാക്കാന്‍ തീരുമാനിച്ചു.

സംഭലില്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെയുള്ള മീററ്റില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് (എഎസ്‌ഐ) ഓഫീസുണ്ട്. മീററ്റില്‍ നിന്ന് സംഭലില്‍ എത്താന്‍ സാധാരണയായി മൂന്നു മണിക്കൂറോളം സമയം വേണം. എന്നാല്‍, കോടതി ഉത്തരവ് വന്ന് മൂന്നു മണിക്കൂറിനകം സര്‍വേക്കായി എഎസ്‌ഐ അഞ്ചംഗ സംഘത്തെ തയ്യാറാക്കി. അഭിഭാഷക കമ്മീഷനായ രമേശ് രാഘവിന് ഹിന്ദുത്വ സംഘടനകളുമായി ബന്ധമുണ്ടെന്ന് പള്ളി കമ്മിറ്റിയുടെ അഭിഭാഷകന്‍ ഷക്കീല്‍ അഹമ്മദ് വാര്‍സി അഭിപ്രായപ്പെട്ടു. '' ഈ കേസിന് പ്രത്യേകതയൊന്നുമില്ല. പക്ഷേ, ഇതിന് പിന്നിലെ ഗൂഡാലോചന പ്രത്യേകത നല്‍കുന്നു.''-അദ്ദേഹം പറഞ്ഞു.

സര്‍വേ സംഘം മസ്ജിദില്‍ എത്തിയപ്പോഴാണ് രമേശ് രാഘവ് പള്ളി കമ്മിറ്റിയെ വിവരം അറിയിച്ചത്. എഎസ്‌ഐ ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും പോലിസ് ഉദ്യോഗസ്ഥരെയും കണ്ടപ്പോള്‍ മുസ്‌ലിംകള്‍ ഒത്തുകൂടി. സംഭല്‍ എംപി സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖും മറ്റു നേതാക്കളും കാര്യം പറഞ്ഞപ്പോള്‍ മുസ്‌ലിംകള്‍ പിരിഞ്ഞുപോയി. അങ്ങനെ ആദ്യ സര്‍വേ സമാധാനപരമായി നടന്നു. എന്നാല്‍, സര്‍വേക്ക് ശേഷം വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കാമെന്ന് സംഭല്‍ നിവാസികള്‍ ഭയന്നു.

നവംബര്‍ 20ന് സംഭലിന് അടുത്തുള്ള കുന്ദര്‍ക്കി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. 1996 മുതല്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് അവിടെ നിന്ന് വിജയിക്കുന്നത്. സംഭലില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ച് ജയിച്ചതിനാല്‍ സിയാവുര്‍ റഹ്‌മാന്‍, കുന്ദര്‍ക്കി എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ മുസ്‌ലിംകളെ വോട്ട് ചെയ്യാന്‍ പോലിസ് അനുവദിച്ചില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

നവംബര്‍ 22ന് സംഭലില്‍ കനത്ത സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തി. വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പോലിസ് ഉദ്യോഗസ്ഥര്‍, സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേന, മുസ്‌ലിം വിരുദ്ധമെന്ന് അറിയപ്പെടുന്ന പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നവംബര്‍ 23ന് കുന്ദര്‍കി ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഉച്ചകഴിഞ്ഞ് പ്രഖ്യാപിച്ചു. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ രാംവീര്‍ സിങാണ് വിജയിച്ചത്. മോശം കാലാവസ്ഥ കാരണം ആദ്യ സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും അടുത്ത ദിവസം പള്ളി രണ്ടാം റൗണ്ട് സര്‍വേയ്ക്ക് വിധേയമാക്കുമെന്നും അന്ന് വൈകുന്നേരം അഭിഭാഷക കമ്മീഷന്‍ മസ്ജിദ് കമ്മിറ്റിയെ അറിയിച്ചു.

നവംബര്‍ 24ന്, ഈ പശ്ചാത്തലത്തിലാണ് രണ്ടാമത്തെ സര്‍വേ നടത്തിയത്. കോടതി ഉത്തരവില്ലാതെയും അനാവശ്യ തിടുക്കത്തോടെയുമാണ് രണ്ടാമത്തെ സര്‍വേ നടത്തിയത്. കോടതി ഉത്തരവിന്റെ ആവശ്യകതയെ രമേശ് രാഘവ് എതിര്‍ത്തു. പള്ളിയില്‍ നിന്ന് ആരെങ്കിലും ''ചില വസ്തുക്കള്‍'' നീക്കം ചെയ്യുമോയെന്ന് രമേശ് സംശയം പ്രകടിപ്പിച്ചു. നവംബര്‍ 24ന് രാവിലെ, സര്‍വേ സംഘം മസ്ജിദില്‍ എത്തി. സര്‍വേ സംഘത്തോടൊപ്പം ഒരു ജനക്കൂട്ടം 'ജയ് ശ്രീറാം' ചൊല്ലുന്നതിന്റെ വീഡിയോയും പുറത്തുവന്നു.

സര്‍വേ സംഘം ഈ ജനക്കൂട്ടത്തിന്റെ ഏതാനും ചുവടുകള്‍ പുറകിലാണ് സഞ്ചരിച്ചത്. എഎസ്‌ഐ ഉദ്യോഗസ്ഥരോ പോലിസ് ഉദ്യോഗസ്ഥരോ മറ്റു സര്‍ക്കാര്‍ ജീവനക്കാരോ ജയ് ശ്രീരാം സംഘത്തില്‍ നിന്ന് വിട്ടുനില്‍ക്കാനോ അവരെ നിയന്ത്രിക്കാനോ ഒരു ശ്രമവും നടത്തിയില്ല. സര്‍വേ സംഘത്തിലെ ഒരാള്‍ അവര്‍ക്കൊപ്പം മുദ്രാവാക്യവും വിളിച്ചു.

സര്‍വേ പ്രതീക്ഷിച്ച് മുസ്‌ലിംകള്‍ ആശങ്കയോടെ പള്ളിക്ക് പുറത്ത് ഒത്തുകൂടാന്‍ തുടങ്ങി. വുദു ടാങ്കിന്റെ ആഴം അളക്കാന്‍ സര്‍വേക്കാര്‍ തീരുമാനിച്ചു. ടാങ്കിലെ വെള്ളം അവര്‍ പുറത്തേക്ക് ഒഴുക്കി. ഇതോടെ ആശങ്ക വര്‍ധിച്ചു. ഇത് സര്‍വേയല്ല കുഴിക്കലാണെന്നാണ് മുസ്‌ലിംകള്‍ സംശയിച്ചത്. കുഴിക്കലിനെതിരെ സമാധാനപരമായി അവര്‍ പ്രതിഷേധിച്ചു.

വിശദാംശം തേടി മുസ്‌ലിം നേതാക്കള്‍ സംഭല്‍ സിഒ അനൂജ് ചൗധരിയെ സമീപിച്ചു. നേതാക്കളോട് അസഭ്യമായി പെരുമാറുകയാണ് ചൗധരി ചെയ്തത്. തുടര്‍ന്ന് ലാത്തി ചാര്‍ജ് നടത്തുകയായിരുന്നുവെന്ന് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലി പറഞ്ഞു. നവംബര്‍ 19ന് നടന്ന സര്‍വേയുടെ സമയത്ത് എത്തിയവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയപ്പോള്‍ അവര്‍ പിരിഞ്ഞുപോയിരുന്നു. എന്നാല്‍, രണ്ടാം സര്‍വേയില്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിന് പകരം ലാത്തി ചാര്‍ജ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് അഞ്ചു പേരെ വെടിവച്ച് കൊന്നത്.






പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ ശ്രമിച്ചപ്പോഴും പോലിസ് ഉദ്യോഗസ്ഥര്‍ ലാത്തികൊണ്ട് അടിച്ചുകൊണ്ടിരുന്നു. മരിച്ചു വീണയാളെ പോലും പോലിസ് മര്‍ദ്ദിച്ചു. പോലിസ് പിന്നീട് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് പോയി, വീടുകളില്‍ അതിക്രമിച്ചു കയറി, മതപരമായ അധിക്ഷേപങ്ങള്‍ നടത്തി, കുടുംബങ്ങളെ ഉപദ്രവിച്ചു, സാധനങ്ങള്‍ നശിപ്പിച്ചു. പുരുഷന്‍മാരായ പോലിസ് ഉദ്യോഗസ്ഥര്‍ മുസ്‌ലിം പുരുഷന്മാരെയും സ്ത്രീകളെയും ആക്രമിച്ചു. പ്രതിഷേധം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത ഒരു സ്ത്രീയും ഉള്‍പ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. അക്രമവുമായി ബന്ധപ്പെട്ട് സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖ് എംപി, എംഎല്‍എ ഇഖ്ബാല്‍ മഹമൂദിന്റെ മകന്‍ സുഹൈല്‍ മഹമൂദ് തുടങ്ങി 2,750 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. സംഭവസമയത്ത് ബര്‍ഖ് ബംഗളൂരുവിലായിരുന്നു.

എന്നാല്‍, അഞ്ച് പേരുടെ മരണത്തിന് കാരണമായ അഞ്ച് വെടിയുണ്ടകളില്‍ ഒന്ന് പോലും പോലിസ് കണ്ടെടുത്തില്ല. പത്താന്‍മാരുമായുള്ള മുന്‍ വൈരാഗ്യം കാരണം തുര്‍ക്കി വംശജരായ മുസ്‌ലിംകള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു എന്നാണ് എഫ്‌ഐആറില്‍ പോലിസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പത്താന്‍-തുര്‍ക്കി പ്രശ്‌നം നേരത്തെ മുതലേ ബിജെപി ഉന്നയിക്കുന്നതാണ്. കേസുകളില്‍ മൂന്നു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 85ല്‍ അധികം പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 300 പേരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുകയും ചെയ്തു.

റിപോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

1) ലാത്തിയും തോക്കും ടിയര്‍ ഗ്യാസും മറ്റും ഉപയോഗിച്ച് പോലിസ് പ്രായപൂര്‍ത്തിയാവാത്തവര്‍ അടക്കം അഞ്ച് മുസ്‌ലിംകളെ കൊലപ്പെടുത്തി.

2) 85ല്‍ അധികം പേരെ അറസ്റ്റ് ചെയ്തു, അതില്‍ പലരും നിയമസഹായം പോലും ലഭിക്കാത്ത ദരിദ്രരാണ്.

3) പ്രതിഷേധം സമാധാനപരമായിരുന്നു, പക്ഷേ പോലിസ് വീടുകള്‍ ആക്രമിച്ചു

4) പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകള്‍ വൈകി; അഭിഭാഷകര്‍ക്ക് പോലും പകര്‍പ്പ് നല്‍കിയില്ല.

5) പ്രദേശത്ത് നിന്ന് ലഭിച്ച ഇഷ്ടികകള്‍ കൊണ്ടാണ് പോലിസ് ഔട്ട് പോസ്റ്റുകള്‍ നിര്‍മിച്ചത്. നിരപരാധികളുടെ ചിത്രങ്ങള്‍ പോലിസ് പൊതുസ്ഥലങ്ങളില്‍ പതിച്ചു.

6) സംഭല്‍ കല്‍ക്കിയുടെ ജന്മസ്ഥലമാണെന്ന് അവകാശപ്പെട്ട് മത ടൂറിസം ആരംഭിച്ചു

Next Story

RELATED STORIES

Share it