Big stories

ഗസയില്‍ മുഹമ്മദ് എന്തു ചെയ്യുമായിരുന്നു?

ഗസയില്‍ മുഹമ്മദ് എന്തു ചെയ്യുമായിരുന്നു?
X

പ്രഫ. ജുനൈദ് എസ് അഹ്മദ്

ഒരുകാലത്ത് പടിഞ്ഞാറന്‍ ലിബറല്‍ മുസ്ലിംകളുടെ പ്രിയപ്പെട്ട മുദ്രാവാക്യമായിരുന്നു, മുഹമ്മദ് നബി എന്തു ചെയ്യും എന്നത്. തങ്ങള്‍ തീവ്രവാദികളാക്കപ്പെടുമെന്ന സംശയത്തിനെതിരേ അവരുടെ രക്ഷാകവചം, ഗ്വാണ്ടനാമോയില്‍ കുടുക്കപ്പെടാതിരിക്കാനുള്ള അവരുടെ കാര്‍ഡ് അതൊക്കെയായിരുന്നു ആ മുദ്രാവാക്യം. 9/11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ നിഴലില്‍, വിമാനത്താവളങ്ങളില്‍ മുസ്ലിംകളെ വസ്ത്രമുരിഞ്ഞ് പരിശോധിക്കുകയും അതിര്‍ത്തികളില്‍ ചോദ്യം ചെയ്യുകയും പിടികൂടുകയും ചെയ്തപ്പോള്‍, പാശ്ചാത്യ മുസ്ലിം നേതാക്കള്‍ ആ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

'പരിഷ്‌കൃത' ലോകത്തിനു മുന്നില്‍, രക്തദാഹികളായ പ്രാകൃതന്മാരല്ല യഥാര്‍ത്ഥത്തില്‍ തങ്ങളെന്ന് തെളിയിക്കാനുള്ള അവരുടെ തീവ്രശ്രമമായിരുന്നു ആ പരിചയും മന്ത്രവും. പ്രവാചകന്‍ മുഹമ്മദ് (സ) അനുകമ്പയുള്ളവനും സഹിഷ്ണുതയും ക്ഷമയും പുലര്‍ത്തുന്നവനും കരുണാമയനും അങ്ങേയറ്റം മാപ്പുനല്‍കുന്നവനും ആയിരുന്നുവെന്ന് അവര്‍ പറഞ്ഞു. യോദ്ധാവിനേക്കാള്‍ യോഗ പരിശീലകനും, രാഷ്ട്രതന്ത്രജ്ഞനേക്കാള്‍ സന്ന്യാസിയുമായിരുന്നു അവര്‍ക്ക് പ്രവാചകന്‍. അങ്ങനെ, എല്ലാ വെള്ളിയാഴ്ച പ്രസംഗങ്ങളും മതാന്തര അത്താഴങ്ങളും പാനല്‍ ചര്‍ച്ചകളുമെല്ലാം ആശ്വാസകരമായ ഒരൊറ്റ വാക്യത്തിലേക്ക് തിരിച്ചുവന്നു: 'മുഹമ്മദ് എന്തു ചെയ്യുമായിരുന്നു?'

പക്ഷേ, ഇന്നാ ചോദ്യം ഉയരുന്നില്ല. ഇന്നത്തെ നിശ്ശബ്ദത എത്ര കൗതുകകരമാണ്. ഗസ കത്തുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളെ ഓര്‍മിപ്പിക്കും വിധം നിരവധി ഫലസ്തീനികള്‍ പട്ടിണി കിടക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. 'നല്ല' മുസ്ലിം 'ചീത്ത' മുസ്ലിം എന്ന രീതിയില്‍ പ്രചുരപ്രചാരം നേടിയ ആ നിര്‍മിത ദ്വന്ദ്വത്തിലെ 'നല്ല' മുസ്ലിംകള്‍, ലിബറല്‍ മുസ്ലിംകള്‍, മിതവാദികള്‍, മതാന്തര ഐക്യശ്രമത്തിന്റെ അക്ഷീണരായ അംബാസഡര്‍മാര്‍ - അവരെല്ലാം പെട്ടെന്ന് അവരുടെ പ്രിയപ്പെട്ട ആ ചോദ്യം മറന്നുപോകുന്നു. വംശഹത്യക്കു മുന്നില്‍ മുഹമ്മദ് (സ) എന്തുചെയ്യുമെന്ന് ആരും ചോദിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ട്? ഉത്തരം വളരെ വ്യക്തവും അവര്‍ക്ക് ഏറെ അസ്വസ്ഥജനകവുമായിരിക്കമെന്നതാണ് കാരണം.

9/11 അനന്തര ഘട്ടത്തിലെ മുഹമ്മദ്: ഒരു സമാധാനവാദിയുടെ ഭാഗ്യചിഹ്നം

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മുസ്ലിം നേതാക്കള്‍ 'പ്രവാചകന്റെ മഹത്തായ സമാധാനവല്‍ക്കരണം' എന്ന് വിളിക്കപ്പെടാവുന്ന തരത്തില്‍ അവര്‍ വ്യാഖ്യാനിച്ച ആശയം നടപ്പിലാക്കാന്‍ ശ്രമിച്ചു. സൈന്യങ്ങളെ സംഘടിപ്പിക്കുകയും, ഉടമ്പടികളില്‍ മധ്യസ്ഥത വഹിക്കുകയും, തന്റെ സമൂഹത്തെ സംരക്ഷിക്കുകയും, ബലപ്രയോഗത്തിലൂടെ ആക്രമണത്തെ നേരിടുകയും ചെയ്ത മുഹമ്മദ് നബി ഇനിയില്ല. മുഹമ്മദ്(സ)നെ ഒരു സമാധാനവാദിയായ വിശുദ്ധനായി അവര്‍ പുനര്‍നാമകരണം ചെയ്തു. അപമാനങ്ങളെ നേരിടുന്നതില്‍ അദ്ദേഹം കാണിച്ച ക്ഷമയെ അവര്‍ പ്രശംസിച്ചു. ശത്രുക്കള്‍ക്ക് അദ്ദേഹം മാപ്പ് നല്‍കിയത് ആവര്‍ത്തിച്ച് ഉദ്ധരിച്ചു. സ്വന്തം ശാരീരിക ഇഛകളോടുള്ള സമരമാണ് അദ്ദേഹം ഊന്നിപ്പറഞ്ഞ ഒരേയൊരു ധര്‍മസമരമെന്ന ആഖ്യാനത്തില്‍ അഭയം തേടി.

ലക്ഷ്യം വ്യക്തമായിരുന്നു: മുസ്ലിംകളെ ആഴത്തില്‍ സംശയിച്ചിരുന്ന പാശ്ചാത്യ ജനതയെ തങ്ങള്‍ മിടിക്കുന്ന ടൈം ബോംബുകള്‍ അല്ലെന്ന് ബോധ്യപ്പെടുത്തുക. 'കണ്ടോ?' ആ മുസ്ലിംകള്‍ അവരോട് അപേക്ഷിച്ചു. 'ഞങ്ങളുടെ പ്രവാചകന്‍ നിങ്ങളുടെ യേശുവിനെപ്പോലെയാണ് 'എന്നവര്‍ പറഞ്ഞു. സമാധാനപ്രിയനും ക്ഷമാലുവും അഹിംസാവാദിയുമാണ് പ്രവാചകന്‍ എന്നവര്‍ ആവര്‍ത്തിച്ചു. 'മുഹമ്മദ് എന്തു ചെയ്യുമായിരുന്നു?' എന്ന ചോദ്യം 'യേശു എന്തു ചെയ്യുമായിരുന്നു?' എന്നതിന്റെ അവരുടെ പതിപ്പായി മാറി. ബംപര്‍ സ്റ്റിക്കറുകള്‍ക്കും യുവാക്കളുടെ ടീ-ഷര്‍ട്ടുകള്‍ക്കും തികച്ചും അനുയോജ്യമായ മധുരത്തില്‍ പൊതിഞ്ഞ ഒരു മുദ്രാവാക്യം.

അത് പൂര്‍ണമായും വഞ്ചനാപരമായിരുന്നില്ല. പ്രവാചകന്‍ മുഹമ്മദ് നബി (സ) ക്ഷമ കാണിച്ചു, മാപ്പ് നല്‍കി, ആന്തരിക പരിഷ്‌കരണത്തിന് ഊന്നല്‍ നല്‍കി. എന്നാല്‍ ക്ഷമയുടെയും കാരുണ്യത്തിന്റെയും മാത്രം പ്രവാചകന്‍ എന്ന ആഖ്യാനം തിരഞ്ഞെടുക്കപ്പെട്ട ഒന്നായിരുന്നു. അത് രാഷ്ട്രീയപരവുമായിരുന്നു. ഭീകരതക്കെതിരെയെന്ന പേരില്‍ അമേരിക്ക നടത്തുന്ന യുദ്ധങ്ങളുടെ അന്തരീക്ഷത്തില്‍, തങ്ങളുടെ വിശ്വസ്തത തെളിയിക്കാനും, തങ്ങളുടെ മതത്തെ ശുദ്ധീകരിക്കാനും, ഇസ്ലാമിനെ ഒരു രാഷ്ട്രീയ ശക്തിയായിട്ടല്ല, മറിച്ച് ഒരു സൗമ്യമായ ആത്മീയ പ്രവര്‍ത്തനമായി അവതരിപ്പിക്കാനും മുസ്ലിംകള്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു.

അപ്രത്യക്ഷമാകുന്ന ചോദ്യം

അതെല്ലാം കഴിഞ്ഞ് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. ഗസയില്‍ ബോംബുകള്‍ പതിക്കുന്നു, ആശുപത്രികളും സ്‌കൂളുകളും അഭയാര്‍ഥി ക്യാംപുകളും തുടച്ചുനീക്കപ്പെടുന്നു. പട്ടിണി കിടക്കുന്ന, കുടിവെള്ളം തടയുന്ന, മരുന്ന് നിഷേധിക്കപ്പെടുന്ന ഒരു ജനത കന്നുകാലികളെപ്പോലെ അവിടെ തിങ്ങിപ്പാര്‍ക്കേണ്ടി വരുന്നു. 'വംശഹത്യ' എന്ന വാക്ക് ആദ്യം മന്ത്രിക്കുന്നു, പിന്നീട് പരസ്യമായി വിളിച്ചുപറയുന്നു. ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ ഭയത്തോടെയും രോഷത്തോടെയും നിരാശയോടെയും ഇതിനെ നോക്കിക്കാണുന്നു.

എന്നിട്ടും, 'മുഹമ്മദ് എന്തു ചെയ്യുമായിരുന്നു?' എന്ന് ചടുലമായി ചോദിച്ചിരുന്ന അതേ ലിബറല്‍ മുസ്ലിംകള്‍ ഇപ്പോള്‍ നിശ്ശബ്ദരാണ്. മതാന്തര വേദികള്‍, ശ്രദ്ധാപൂര്‍വം പരിശീലിച്ച പ്രസംഗങ്ങള്‍, ഗാര്‍ഡിയനിലെ ഓപ്-എഡുകള്‍ - ഇവയെല്ലാം എവിടെ? ഹാഷ്ടാഗുകളും ബംപര്‍ സ്റ്റിക്കറുകളും എവിടെ?

ഈ നിശ്ശബ്ദത യാദൃച്ഛികമല്ല, തന്ത്രപരമാണ്. കാരണം, വംശഹത്യയുടെ പശ്ചാത്തലത്തില്‍ മുഹമ്മദ് എന്തുചെയ്യുമെന്ന് എല്ലാവര്‍ക്കും അറിയാം. സമാധാനവാദികളുടെ പുനര്‍നാമകരണത്തിന് അത് അനുയോജ്യമല്ല.

അസുഖകരമായ ഉത്തരം

തന്റെ ജനതയുടെ ഉന്മൂലനത്തെ അഭിമുഖീകരിച്ച പ്രവാചകന്‍ മുഹമ്മദ് (സ) ക്ഷമയോ ട്വിറ്റര്‍ പ്രവര്‍ത്തനമോ ഉപദേശിച്ചില്ല. അദ്ദേഹം തന്റെ നമസ്‌കാര പായയിലേക്ക് പിന്‍വാങ്ങി സ്വര്‍ഗീയ നീതിക്കായി കാത്തിരുന്നില്ല. അദ്ദേഹം ജനങ്ങളെ സംഘടിച്ചു, പ്രതിരോധിച്ചു, ചെറുത്തുനില്‍ക്കേണ്ടത് അനുയായികളുടെ ബാധ്യതയാക്കി. ഖുര്‍ആന്‍ തന്നെ ഈ കടമ വ്യക്തമാക്കുന്നു: 'ദൈവത്തിന്റെ മാര്‍ഗത്തില്‍ പോരാടാതിരിക്കുന്നതിനും, 'നാഥാ, ഈ അക്രമികളുടെ പട്ടണത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കണമേ എന്ന് നിലവിളിക്കുന്ന പീഡിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും അടരാടാതിരിക്കാനും നിങ്ങള്‍ക്ക് എന്താണ് പറ്റിപ്പോയത്?' (ഖുര്‍ആന്‍ 4:75).

ഇതൊരു അവ്യക്തമായ അല്ലെങ്കില്‍ അതിരുകടന്ന വ്യാഖ്യാനമല്ല. ഇസ്ലാമിക പാരമ്പര്യത്തിന്റെ മുഖ്യധാരയാണിത്: ഒരു സമൂഹം ഉന്മൂലനം നേരിടുമ്പോള്‍ പ്രതിരോധം നിര്‍ബന്ധമാണ്. മുഹമ്മദ് നബിയെ സംബന്ധിച്ചിടത്തോളം, ദുര്‍ബലരുടെ പ്രതിരോധം ഐച്ഛികമായിരുന്നില്ല, ആലങ്കാരികമായിരുന്നില്ല. സ്വന്തം ശരീരത്തോടുള്ള ധര്‍മസമരം എന്ന തെറാപ്പിയിലേക്ക് ചുരുക്കാന്‍ കഴിയുന്നതുമല്ല. അത് സമൂര്‍ത്തമായിരുന്നു. അത് സായുധപൂര്‍ണമായിരുന്നു. അത് വിലപേശല്‍ തന്ത്രവുമായിരുന്നില്ല.

അതുകൊണ്ട്, ഗസയുടെ പോരാട്ടമുഖത്ത് 'മുഹമ്മദ് എന്തു ചെയ്യുമായിരുന്നു?' എന്ന് സത്യസന്ധമായി ഒരാള്‍ ചോദിച്ചാല്‍, ഉത്തരം വളരെ വ്യക്തമാണ്: അദ്ദേഹം ഒരു സംരക്ഷണ സേനയെ സംഘടിപ്പിക്കും, പ്രതിരോധം ഒരു കടമയാക്കും. വെളുത്ത ലിബറലുകള്‍ എന്ത് വിചാരിച്ചേക്കാം എന്നതിനെക്കുറിച്ച് അദ്ദേഹം വിഷമിക്കില്ല. ധാര്‍മികത അദ്ദേഹം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് ഔട്ട്സോഴ്സ് ചെയ്യില്ല. അദ്ദേഹം കശാപ്പ് ചെയ്യുന്നവനും കൊല്ലപ്പെടുന്നവനും ഇടയില്‍ നില്‍ക്കും. അതുകൊണ്ടാണ് ആരും ആ ചോദ്യം ചോദിക്കാത്തത്.

ലിബറല്‍ മുസ്ലിം പ്രതിസന്ധി

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ 'നല്ല' മുസ്ലിംകളുടെ ധര്‍മസങ്കടം ഇതാണ്. മുഹമ്മദിനെ കേവലം സമാധാനവാദിയായി ചിത്രീകരിക്കാന്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടില്‍ അവര്‍ ഒരുപാട് പരിശ്രമിച്ചു. ഇസ്ലാമിലെ ചെറുത്തുനില്‍പ്പും പ്രതിരോധവും പോരാട്ടവും എന്നത് വിശ്വാസിയുടെ ശരീരത്തില്‍ നിന്നും മനസില്‍ നിന്നും അപകടകരമായ ചിന്തകളെയും വസ്തുക്കളെയും പുറന്തള്ളുന്ന സുരക്ഷാ വാല്‍വാണെന്നും പ്രവാചകന്‍ അടിസ്ഥാനപരമായി താടിവച്ച ഒരു ജീവിത പരിശീലകനാണെന്നും അവര്‍ സര്‍ക്കാരുകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയല്‍ക്കാര്‍ക്കും ഉറപ്പുനല്‍കി.

'വാസ്തവത്തില്‍, മുഹമ്മദ് നബി (സ) ഫലസ്തീനികളുടെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്യും' എന്ന് ഇപ്പോള്‍ പറയുന്നത് രണ്ട് പതിറ്റാണ്ടുകളായി ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ ബ്രാന്‍ഡിങിനെ പൊളിച്ചുകാട്ടുന്നതാണ്. അവര്‍ പിന്നിലേക്ക് കുനിഞ്ഞ് സമാധാനിപ്പിച്ച അതേ പാശ്ചാത്യ സമൂഹങ്ങളുടെ അംഗീകാരം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. തീവ്രവാദികള്‍, ഭീകരവാദികള്‍, പ്രാകൃതന്മാര്‍ എന്നിങ്ങനെയുള്ള 'മോശം' മുസ്ലിംകളുമായി ഇത് ചേര്‍ന്നുപോകാനുള്ള സാധ്യതയുണ്ട്.

അതുകൊണ്ട്, നിശ്ശബ്ദത പാലിക്കുന്നതാണ് നല്ലത്. സമാധാനത്തെക്കുറിച്ച് അവ്യക്തമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതും, 'ഇരുവശത്തുമുള്ള അക്രമത്തെ' അപലപിക്കുന്നതും, മതാന്തര അത്താഴങ്ങളുടെ സുഖസൗകര്യങ്ങളിലേക്ക് പിന്‍വാങ്ങുന്നതും നല്ലതാണ്. അസുഖകരമായ സത്യം പറയാന്‍ ധൈര്യപ്പെടുന്ന 'വിഡ്ഢി' ഇമാമുമാരെ പരിഹസിക്കുന്നതോ മാറ്റിനിര്‍ത്തുന്നതോ നല്ലതാണ്. ഗസ കത്തുമ്പോഴും മാന്യമായ നിഷ്പക്ഷത പാലിക്കുന്നതാണ് നല്ലത്.

തിരഞ്ഞെടുത്ത ഭക്തിയുടെ രാഷ്ട്രീയം

തീര്‍ച്ചയായും, വിരോധാഭാസം വ്യക്തമാണ്. ഡെന്‍മാര്‍ക്കിലോ ഫ്രാന്‍സിലോ പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, 'നല്ല' മുസ്ലിംകളുടെ ഗണത്തില്‍ പെടുന്നവര്‍ പെട്ടെന്ന് നമ്മെ ഓര്‍മിപ്പിച്ചു: മുഹമ്മദ് അപമാനങ്ങള്‍ അവഗണിച്ചു. അദ്ദേഹം ശത്രുക്കളോട് ക്ഷമിച്ചു. ആള്‍ക്കൂട്ട ആക്രമണത്തെ അദ്ദേഹം ഒരിക്കലും അംഗീകരിച്ചില്ല. അതേ, അവര്‍ പറഞ്ഞത് ശരിയാണ്.

എന്നാല്‍ വംശഹത്യയുടെ കാര്യം വരുമ്പോളോ? കുട്ടികളെ അവശിഷ്ടങ്ങളില്‍നിന്ന് പുറത്തെടുക്കുമ്പോള്‍, കുടുംബങ്ങള്‍ വീടുകളില്‍ ഇല്ലാതാക്കപ്പെടുമ്പോള്‍, ഉപരോധിക്കപ്പെട്ട ഒരു ജനത സഹായത്തിനായി നിലവിളിക്കുമ്പോള്‍ - പെട്ടെന്ന്, പ്രവാചകനെ എവിടെയും കാണാനില്ല. ഒരുകാലത്ത് സമ്മേളനങ്ങളിലും പത്രക്കുറിപ്പുകളിലും നിറഞ്ഞുനിന്നിരുന്ന സെലക്ടീവ് ഭക്തി പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. ഒരുകാലത്ത് മിതത്വത്തിന്റെ പ്രതീകമായി പ്രദര്‍ശിപ്പിച്ചിരുന്ന പ്രവാചകന്‍ ഇപ്പോള്‍ മച്ചിന്‍പുറത്ത് പൂട്ടപ്പെട്ടിരിക്കുന്നു. പുറത്തുകൊണ്ടുവരല്‍ വളരെ വിഷമകരമാണ്.

ഇത് വെറും ഭീരുത്വമല്ല, ഒരു കൂട്ടുകെട്ടാണ്. മാന്യതയുടെ ആവരണം നിലനിര്‍ത്താന്‍ സ്വന്തം മതപാരമ്പര്യം മുറിച്ചുമാറ്റേണ്ട വിധം ആഴത്തില്‍ പാശ്ചാത്യ മേധാവിത്വം ആന്തരികവല്‍ക്കരിക്കപ്പെട്ടതാണ്. മുഹമ്മദ് നബിയുടെ പൈതൃകത്തിന്റെ പൂര്‍ണ സങ്കീര്‍ണതയുമായി പൊരുത്തപ്പെടുന്നതിനുപകരം, അദ്ദേഹത്തെ ഒരു കാരിക്കേച്ചറായി ചുരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം - ആദ്യം ഒരു വിശുദ്ധ സമാധാനവാദിയായും പിന്നീട് നിശ്ശബ്ദതയെ പ്രകോപിപ്പിക്കുന്ന വര്‍ജിക്കേണ്ട വസ്തുവായും.

യഥാര്‍ഥത്തില്‍ വര്‍ജിക്കേണ്ടത്

അപ്പോള്‍, യഥാര്‍ഥ നിഷിദ്ധ ചോദ്യം ഇതാണ്: ''മുഹമ്മദ് എന്തു ചെയ്യും?'' എന്നതല്ല, മറിച്ച് ''ലിബറല്‍ മുസ്ലിംകള്‍ അത് ചോദിക്കാന്‍ ഭയപ്പെടുന്നത് എന്തുകൊണ്ട്?'' എന്നതാണ്. ഉത്തരം ആഹ്ലാദകരമല്ല. സത്യം അറിയാവുന്നതുകൊണ്ടാണ് അവര്‍ ഭയപ്പെടുന്നത്: വംശഹത്യയ്ക്കു മുന്നില്‍ മുഹമ്മദ് (സ) വെറുതെ ഇരിക്കില്ല. അദ്ദേഹം പ്രവര്‍ത്തിക്കും. പോരാടും. അടിച്ചമര്‍ത്തപ്പെട്ടവരെ സംരക്ഷിക്കാന്‍ അദ്ദേഹം അനുയായികളെ നിര്‍ബന്ധിക്കും.

ആ ഉത്തരം മതാന്തര വിരുന്നുകാര്‍ക്ക് നന്നായി ദഹിക്കുന്ന ഒന്നല്ല. സുരക്ഷാ ഏജന്‍സികള്‍ക്ക് അത് ഒരു ഉറപ്പും നല്‍കുന്നില്ല. ലിബറല്‍ ക്രമത്തെ അത് പുകഴ്ത്തുന്നില്ല. അങ്ങനെ ആ ചോദ്യം കുഴിച്ചുമൂടപ്പെടുന്നു. ഒരുകാലത്ത് പാശ്ചാത്യരുടെ പിന്തുണ കിട്ടാന്‍ മുന്നോട്ടുവച്ച പ്രവാചകനെ ഇപ്പോള്‍ അവര്‍ തന്നെ നിശബ്ദനാക്കുന്നു.

പ്രവാചകന്റെ പേര് പറയാന്‍ അവര്‍ ധൈര്യപ്പെടുന്നില്ല.

'മുഹമ്മദ് എന്ത് ചെയ്യും?' എന്നത് ഒരിക്കലും മുഹമ്മദിനെക്കുറിച്ചായിരുന്നില്ല. അത് രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം, അത് അതിജീവനത്തെക്കുറിച്ചായിരുന്നു: മുസ്ലിംകള്‍ അപകടകാരികളല്ലെന്ന് തെളിയിക്കേണ്ടതുണ്ട്. അങ്ങനെ അവര്‍ സ്ഥിരമായി അഹിംസാവാദിയായ ഒരു പ്രവാചകനെ സൃഷ്ടിച്ചു.

ഇന്ന് ഗസയില്‍ വംശഹത്യ നടക്കുമ്പോള്‍ നല്ല മുസ്‌ലിംകള്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് ആ ചോദ്യം ചോദിക്കാനാവില്ല. കാരണം, അത് അവര്‍ ആഗ്രഹിക്കാത്ത അപകടകരമായ ഒരു സത്യം തുറന്നുകാട്ടും: നീതി ആവശ്യപ്പെടുമ്പോള്‍ അവരുടെ പ്രവാചകന്‍ കരുണയുള്ളവനായിരുന്നു എന്ന് മാത്രമല്ല, പോരാളിയും ആയിരുന്നു.

അതുകൊണ്ട് തന്നെ ഈ നിശ്ശബ്ദത എത്രയോ കാര്യങ്ങള്‍ പറയുന്നുണ്ട്. 'നല്ല' മുസ്ലിംകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍ സ്വന്തം ആഖ്യാനത്തില്‍ കുടുങ്ങിയിരിക്കുന്നു. സമാധാനവാദിയായ പ്രവാചകനില്‍ മുഴുകിയിരിക്കുന്നതിനാല്‍ ഇപ്പോള്‍ അവര്‍ക്ക് യഥാര്‍ഥ പ്രവാചകനെ വിളിക്കാന്‍ കഴിയില്ല. സത്യസന്ധതയേക്കാള്‍ മറ്റുള്ളവരുടെ അംഗീകാരവും ഉത്തരവാദിത്തത്തേക്കാള്‍ മാന്യതയും അവര്‍ തിരഞ്ഞെടുത്തിരിക്കുന്നു.

പക്ഷേ, ചരിത്രം കരുണയില്ലാത്തതാണ്. 'ഗസയിലെ വംശഹത്യ തടയാന്‍ നിങ്ങള്‍ എന്താണ് ചെയ്തത്?' എന്ന് ഭാവി തലമുറകള്‍ ചോദിക്കുമ്പോള്‍, 'മുഹമ്മദ് എന്തുചെയ്യുമെന്ന് ഞങ്ങള്‍ ചോദിച്ചു' എന്ന് പറയാന്‍ 'നല്ല' മുസ്ലിംകള്‍ക്ക് കഴിയില്ല. അതിനവര്‍ ധൈര്യപ്പെടില്ല. ഒരുപക്ഷേ, ആ നിശ്ശബ്ദത അവരുടെ ഏറ്റവും ഉച്ചത്തിലുള്ള ഉത്തരമായി ഓര്‍മിക്കപ്പെടും.

കടപ്പാട്: ഫലസ്തീന്‍ ക്രോണിക്കിള്‍

Next Story

RELATED STORIES

Share it