Big stories

വാക്‌സിനെടുക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി

അധ്യാപകരും അനധ്യാപകരുമായി 1707 പേര്‍ വാക്‌സിനെടുത്തില്ല

വാക്‌സിനെടുക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്‌സിന്‍ സ്വീകരിക്കാത്തത്. ഇവരില്‍ 1066 പേര്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്‌സീന്‍ എടുത്തിട്ടില്ല. ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ 200 പേരും അനധ്യാപകരില്‍ 23 പേരും വാക്‌സീനെടുത്തിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിഎച്ച് എസ് ഇയില്‍ 229 അധ്യാപകര്‍ വാക്‌സീനെടുത്തിട്ടില്ല. എന്നാല്‍ എല്ലാ അനധ്യാപകരും വാക്‌സീന്‍ സ്വീകരിച്ച് കഴിഞ്ഞു.ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിന്‍ എടുക്കാനുള്ള ജില്ല മലപ്പുറമാണ്. 201 അധ്യാപക അനധ്യാപക ജീവനക്കാരാണ് മലപ്പുറം ജില്ലയില്‍ ഇനി വാക്‌സിന്‍ സ്വീകരിക്കാനുള്ളത്.




കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്‌സിനേഷന്‍ പ്രാധാന്യം നല്‍കുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ എടുക്കാത്ത അധ്യാപകര്‍ അയ്യായിരത്തോളം എന്ന കണക്കാണ് ആദ്യം ലഭിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ പലരും പിന്നീട് വാക്‌സിന്‍ എടുക്കാന്‍ തയാറായി. ഇതോടെയാണ് എണ്ണം കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു.വാക്‌സിന്‍ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്.ആരോഗ്യ പ്രശ്‌നമുള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കില്‍ എല്ലാ ആഴ്ചയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് എടുക്കണം. ഇതിലൊന്നും സഹകരിക്കാത്തവര്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാം.ശൂന്യവേതന അവധി ഇവര്‍ക്ക് അനുവദിക്കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. അധ്യാപകരുടെ സമീപനം ഒന്നുകൂടി പരിശോധിച്ച ശേഷം കൂടുതല്‍ നടപടി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. അണ്‍ എയിഡഡ് മേഖലയിലെ കണക്കുകള്‍ എടുക്കുന്നതായും മന്ത്രി അറിയിച്ചു.

വാക്‌സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്‌കൂളില്‍ സ്‌കൂളിലെത്തേണ്ടെന്നായിരുന്നു നേരത്തേ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സ്‌കൂളുള്‍ തുറന്ന ഒരു മാസം ആകുമ്പോഴും വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ പട്ടിക പുറത്തുവിട്ടത്. ആദ്യം അധ്യാപകരുടെയും അനധ്യാപകരുടേയും പേരുവിവരങ്ങള്‍ ഉള്‍പ്പടെ പങ്കുവെക്കുമെന്നായിരുന്നു അറിയിച്ചത്. പിന്നീട് കണക്കുകളുടെ പട്ടിക പുറത്തുവിടാന്‍ തീരുമാനിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it