Big stories

സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും; സ്‌കൂളുകള്‍ നവംബര്‍ ഒന്നിന്

ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകളും ഒന്നാം വര്‍ഷ പിജി ക്ലാസുകളുമാണ് ഇന്നു തുടങ്ങുന്നത്

സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും; സ്‌കൂളുകള്‍ നവംബര്‍ ഒന്നിന്
X

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ കോളജുകള്‍ ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ഇന്നു തുറക്കും. ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകളും ഒന്നാം വര്‍ഷ പിജി ക്ലാസുകളുമാണ് ഇന്നു തുടങ്ങുന്നത്. കഴിഞ്ഞ 18നു തുടങ്ങാനിരുന്ന ക്ലാസുകള്‍ മഴകനത്തതിനെ ത്തുടര്‍ന്നു നീട്ടുകയായിരുന്നു. ബിരുദ, ബിരുദാനന്തര അവസാന വര്‍ഷ ക്ലാസുകള്‍ ഈ മാസം നാലിനു തുടങ്ങിയിരുന്നു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചിനുശേഷം കോളജുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് ഇന്നാണ്. കര്‍ശന മുന്‍കരുതല്‍ ഉറപ്പുവരുത്തി കോവിഡിനു മുന്‍പുള്ള രീതിയിലേക്കു ഉന്നതവിദ്യാഭ്യാസ മേഖലയെ മടക്കിയെത്തിക്കാമെന്നാണു ശ്രമം. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇതോടെ അവസാനിപ്പിച്ചു.നവംബര്‍ ഒന്നിനു കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു സ്‌കൂളിന്റെ പ്രധാന കവാടത്തില്‍ അധ്യാപകരും തദ്ദേശ സ്ഥാപന പ്രതിനിധികളും ചേര്‍ന്നു വിദ്യാര്‍ഥികളെ വരവേല്‍ക്കണമെന്ന വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചു.സ്‌കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ 27 ന് അകം പൂര്‍ത്തിയാക്കണമെന്നു മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. സ്‌കൂളുകള്‍ക്കു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതില്ലെങ്കില്‍ തൊട്ടടുത്ത സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കാനാകുമോ എന്നു പരിശോധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷയ്ക്കായി ഹാന്‍ഡ് വാഷ്, സോപ്പ്, ബക്കറ്റ് എന്നിവ വാങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് 2.85 കോടി രൂപ അനുവദിച്ചു. 50 കുട്ടികള്‍ വരെയുള്ള സ്‌കൂളുകള്‍ക്കു 1500 രൂപ, 51-150 കുട്ടികള്‍ 2000 രൂപ, 151-300 കുട്ടികള്‍ 2500 രൂപ, 301-500 കുട്ടികള്‍ 3000 രൂപ, 501-1000 കുട്ടികള്‍ 3500 രൂപ, 1000 കുട്ടികള്‍ക്കു മുകളില്‍ 4000 രൂപ വീതം നല്‍കും. സ്‌കൂളുകള്‍ തുറക്കുന്നതോടെ വിദ്യാഭ്യാസമേഖല സജീവമാകും. 27നു പിടിഎ യോഗം ചേര്‍ന്നു ക്രമീകരണം വിലയിരുത്തണം. തദ്ദേശസ്ഥാപന പ്രതിനിധികളെയും പങ്കെടുപ്പിക്കണം. 27 മുതല്‍ സ്‌കൂളില്‍ ഹെല്‍പ്‌ലൈന്‍ സജ്ജമാക്കണം. അധ്യാപകര്‍ക്ക് ഓരോ ക്ലാസിന്റെയും ചുമതല നല്‍കണം. മാര്‍ഗരേഖ പ്രകാരമുള്ള മുന്നൊരുക്കങ്ങള്‍ ഉറപ്പുവരുത്തി കലക്ടര്‍മാര്‍ക്കു റിപ്പോര്‍ട്ട് നല്‍കണം. അക്കാദമിക് മാര്‍ഗരേഖ രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂളുകള്‍ ശുചീകരിച്ചെന്നും ഇഴജന്തുക്കളില്ലെന്നും ഉറപ്പുവരുത്തണം. സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍, ഓക്‌സിമീറ്റര്‍ എന്നിവ ഒരുക്കണം. ഉച്ചഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്ചയിക്കണം. കുട്ടികള്‍ക്കു ഹോമിയോ പ്രതിരോധ മരുന്ന് ഉറപ്പാക്കണം. സ്‌കൂളില്‍ ഒരു ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം. തൊട്ടടുത്തുള്ള പോലിസ് സ്‌റ്റേഷനുമായി പ്രധാനാധ്യാപകര്‍ ആശയവിനിമയം നടത്തണം.




Next Story

RELATED STORIES

Share it