Big stories

വന്യമൃഗങ്ങള്‍ എന്തു പിഴച്ചു?

വന്യമൃഗങ്ങള്‍ എന്തു പിഴച്ചു?
X

അനാമിക

ആനകളും നരികളും കാട്ടുപോത്തുകളും കരടികളും മനുഷ്യരെ ആക്രമിക്കുന്നതിന്റെ പേരിലുണ്ടായ വന്‍ പരാതികളുടെ ബഹളമാണ് അടുത്തിടെ കേരളത്തിലെങ്ങും മുഴങ്ങുന്നത്. വനം വകുപ്പും റെവന്യൂ വകുപ്പും ഇതിലൊന്നും ചെയ്യുന്നില്ല എന്ന് കുടിയേറ്റ കര്‍ഷകരും വന്യജീവി ആക്രമണത്തിനിരയായവരുടെ ബന്ധുക്കളും മറ്റും സങ്കടപ്പെടുന്നു. ആനകളെ മയക്കുവെടിവച്ച് പിടികൂടി വനങ്ങളിലേക്കു തിരിച്ചയക്കണം എന്ന മുദ്രാവാക്യമാണവര്‍ ഉയര്‍ത്തുന്നത്.

ആനകള്‍ക്കും മറ്റു വന്യജീവികള്‍ക്കും മനുഷ്യരുടെ ഭാഷ അറിയാത്തതു ഭാഗ്യം! അല്ലെങ്കില്‍ അവ സംഘടിച്ചു വന്നു തങ്ങളുടെ ആവാസ മേഖലകള്‍ കൈയടക്കിയവരെ ആട്ടിപ്പായിച്ചേനെ. വയനാട്, കണ്ണൂര്‍, പാലക്കാട്, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ വനം കൈയേറിയത് യഥാര്‍ഥത്തില്‍ മനുഷ്യരാണ്; പ്രധാനമായും തെക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍. അവര്‍, രേഖകളുണ്ടാക്കിയോ അല്ലാതെയോ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്യുന്നു; അല്ലെങ്കില്‍ മരം വെട്ടി വില്‍ക്കുന്നു. 2022-23ലെ സര്‍ക്കാര്‍ കണക്കനുസരിച്ച് 8,873 വന്യമൃഗ ആക്രമണങ്ങളുണ്ടായി. അതില്‍ പാതിയും കാട്ടാനകള്‍ നടത്തിയതാണ്. അതിന് ഉത്തരവാദികള്‍ വന്യമൃഗങ്ങള്‍ മാത്രമല്ല.

വനം വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ ആരുടെയൊക്കെയോ ഉപദേശം സ്വീകരിച്ചു വനങ്ങളിലൊക്കെ അക്ക്വേഷ്യയും മാഞ്ചിയവും യൂക്കാലിപ്റ്റസും നട്ടുപിടിപ്പിച്ചതോടെയാണ് വിനാശത്തിന്റെ തുടക്കം. ഏതാണ്ട് 30,000 ഹെക്ടര്‍ പ്രദേശത്ത് ഇതൊക്കെയാണ് വനം വകുപ്പ് ഉല്‍സാഹിച്ചു നട്ടുവളര്‍ത്തിയത്. വന്‍തോതില്‍ വെള്ളം വലിച്ചെടുക്കുന്ന ഈ മരങ്ങള്‍ മൂലം കാട്ടില്‍ സാധാരണ കണ്ടിരുന്ന ഉറവകളും ചെറു ജലാശയങ്ങളും ഉണങ്ങിവരണ്ടു. പലതരം ചെടികളും മരങ്ങളും വളര്‍ന്നിരുന്ന മേഖലകളില്‍ കഴിയുന്ന ആനകള്‍ക്കാണ് ഈ മാറ്റം വലിയ ബുദ്ധിമുട്ടുണ്ടാക്കിയത്. അവ വെള്ളം കുടിക്കാനും ഭക്ഷണത്തിനും നാട്ടിലേക്ക് ഇറങ്ങേണ്ടിവന്നു. 2018ലാണ് വനം വകുപ്പിന് വിവേകമുദിക്കുന്നത്. അവര്‍ അക്ക്വേഷ്യയും യൂക്കാലിപ്റ്റസും വേണ്ടെന്നുവച്ചു.

വേണ്ടത്ര തീറ്റ ലഭിക്കാത്തപ്പോള്‍ കുടിയേറ്റ കര്‍ഷകരുടെ തോട്ടങ്ങളിലേക്ക് വന്യമൃഗങ്ങള്‍ വന്നതില്‍ അദ്ഭുതപ്പെടാനില്ല. അവയ്ക്കാണെങ്കില്‍ കൈതച്ചക്കയും വാഴപ്പഴവും വളരെ ഇഷ്ടവുമാണ്. കൃഷിയില്‍ ലാഭം കുറഞ്ഞപ്പോള്‍ കന്നുകാലി വളര്‍ത്താന്‍ കര്‍ഷകര്‍ മുതിര്‍ന്നത് നരിയെയും മാംസഭുക്കുകളായ മറ്റു മൃഗങ്ങളെയും ആകര്‍ഷിച്ചത് സ്വാഭാവികം. കര്‍ഷകര്‍ പലരും അടുത്തുള്ള പട്ടണങ്ങളിലേക്ക് താമസം മാറ്റുകയും കൃഷിയിടങ്ങള്‍ക്ക് കാവലിരിക്കാന്‍ ആളില്ലാതാവുകയും ചെയ്തു. വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളും വന്യമൃഗങ്ങളുടെ ആവാസ സ്ഥലങ്ങളിലാണ് എന്ന വസ്തുതയും പരിഗണിക്കേണ്ടതാണ്. കൃഷിഭൂമി വനഭൂമിയാക്കി മാറ്റാന്‍ കേരള സര്‍ക്കാര്‍ 95 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.

മറ്റു ജീവികളുടെ ഭൂമി കൈയേറുമ്പോള്‍ ഇത്തരമൊരു സംഘര്‍ഷത്തിലേക്ക് സമൂഹം നീങ്ങാന്‍ സാധ്യതയേറെയാണ്. അതിനാല്‍, സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നില്ല എന്ന മുറവിളി ഉയര്‍ത്തുന്നതിനു പകരം, ആരാണ് യഥാര്‍ഥത്തില്‍ ഈ അനര്‍ഥത്തിന് ഉത്തരവാദിയെന്ന് ഓരോരുത്തരും സ്വയം ചോദിക്കുകയാണു വേണ്ടത്; പ്രത്യേകിച്ചും 36.48 ശതമാനം വനഭൂമിയുള്ള വയനാട് ജില്ലാ നിവാസികള്‍. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും കേരളത്തിലുമായി വ്യാപിച്ചുകിടക്കുന്ന വന്യമൃഗ സംരക്ഷണ മേഖലയുടെ ഭാഗമാണവര്‍.

Next Story

RELATED STORIES

Share it