Flash News

മെസ്സി ഗോളടിച്ചു; എന്നിട്ടും ബാഴ്‌സയ്ക്ക് സമനിലപ്പൂട്ട്

മെസ്സി ഗോളടിച്ചു; എന്നിട്ടും ബാഴ്‌സയ്ക്ക് സമനിലപ്പൂട്ട്
X

ബാഴ്‌സലോണ: സൂപ്പര്‍ താരം ലയണല്‍ മെസ്സി വീണ്ടും ബാഴ്‌സയ്ക്കായി വല കുലുക്കിയ ലാലിഗ മല്‍സരത്തില്‍ ബാഴ്‌സലോണയ്ക്ക് സമനിലപ്പൂട്ട്. ബാഴ്‌സയുടെ തട്ടകമായ ന്യൂ ക്യാംപില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ അട്ടിമറി വിരുതന്‍മാരായ ജിറോണയാണ് ബാഴ്‌സയ്ക്ക് 2-2ന്റെ സമനിലക്കുരുക്കിട്ടത്. ബാഴ്‌സ നിരയില്‍ ചുവപ്പ കാര്‍ഡ് കണ്ടതും മെസ്സിപ്പടയുടെ വിജയമോഹത്തിന് വിള്ളല്‍ വീഴ്ത്തുകയായിരുന്നു. ആറു മിനിറ്റുകള്‍ കൊണ്ട് രണ്ട് തവണ ബാഴ്‌സ വല ചലിപ്പിച്ച ക്രിസ്റ്റിയന്‍ സ്റ്റുവാനിയാണ് (45, 51) കറ്റലന്‍സിന് അപ്രതീക്ഷിത തിരിച്ചടി സമ്മാനിച്ചത്.
ഇതോടെ ലാലിഗയില്‍ വിജയം മാത്രം തുടര്‍ന്നിരുന്ന ബാഴ്‌സയ്ക്ക് ആദ്യ സമനിലയില്‍ മല്‍സരം പിരിയേണ്ടി വന്നു. 35ാം മിനിറ്റില്‍ ക്ലമന്റ് ലെംഗറ്റ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് ബാഴ്‌സയ്ക്ക് തിരിച്ചടിയായത്. ലാ ലിഗയില്‍ ഫ്രഞ്ച് താരത്തിന്റെ അരങ്ങേറ്റ മല്‍സരമായിരുന്നു ഇത്.
മല്‍സരത്തിന്റെ 19ാം മിനിറ്റില്‍ മെസിയാണ് ബാഴ്‌സയുടെ അക്കൗണ്ട് തുറന്നത്. അഞ്ചംഗ ജിറോണ പ്രതിരോധത്തെ കീറിമുറിച്ച് മെസ്സി ഗോള്‍ നേടുകയായിരുന്നു. വലത് സൈഡില്‍ ബോക്‌സിനുള്ളില്‍ മനോഹരമായി പന്ത് നിയന്ത്രിച്ച് ആര്‍ടുറോ വിദാല്‍ പോസ്റ്റിന് നടുവില്‍ കാത്ത് നിന്ന മെസ്സിക്ക് പാസ് നല്‍കി. ജിറോണയുടെ താരങ്ങള്‍ തടയാന്‍ എത്തും മുന്‍പ് മെസിയുടെ ഇടങ്കാലന്‍ ഷോട്ട് വലയെ തൊട്ടു.
എന്നാല്‍ 35ാം മിനിറ്റിലാണ് ബാഴ്‌സയെ ഞെട്ടിച്ച ചുവപ്പ് കാര്‍ഡ് വിധി ഉണ്ടായത്. എതിര്‍ താരത്തെ എല്‍ബോ വച്ച് വീഴ്ത്തിയതിന് ലെംഗ്ലറ്റ് പുറത്തേക്കുള്ള വഴി കണ്ടു. ഇതോടെ 10 പേരുമായാണ് മുന്‍ ലാലിഗ ചാംപ്യന്‍മാര്‍ പന്ത് തട്ടിയത്.
ബാഴ്‌സ താരങ്ങളുടെ എണ്ണം കുറഞ്ഞതോടെ ആദ്യ പകുതിയില്‍ തന്നെ ജിറോണ സമനില ഗോള്‍ നേടി. 45ാം മിനിറ്റില്‍ ഉറുഗ്വേ താരം ക്രിസ്റ്റ്യന്‍ സ്റ്റുവാനിയാണ് ജിറോണയ്ക്കായി ലക്ഷ്യം കണ്ടത്. 51ാം മിനിറ്റില്‍ സ്റ്റുവാനി വീണ്ടും ലക്ഷ്യം കണ്ടു. ബാഴ്‌സ ബോക്‌സിലേക്ക് പന്തുമായെത്തിയ പോര്‍ട്ടുവിന് പക്ഷേ, ഗോള്‍കീപ്പര്‍ ടെര്‍സ്റ്റീഗനെ മറികടക്കാന്‍ സാധിച്ചില്ല. പോര്‍ട്ടുവിന്റെ ഷോട്ട് ജര്‍മന്‍ ഗോള്‍കീപ്പര്‍ തടഞ്ഞിട്ടപ്പോള്‍ നേരെ ചെന്നെത്തിയത് സ്റ്റുവാനിയുടെ കാലില്‍. യുറഗ്വായ് താരം തൊടുത്ത ഷോട്ട് ബാഴ്‌സയുടെ വലയില്‍ കയറിയതോടെ താരത്തിന്റെയും ടീമിന്റെയും രണ്ടാം ഗോളും പിറന്നു. അപ്പോള്‍ ഗോള്‍ നില 2-1ന് ജിറോണ മുന്നില്‍.
ഒരു ഗോളിന് പിന്നിലായതോടെ ബാഴ്‌സ തുടര്‍ച്ചയായ ആക്രമണം അഴിച്ചുവിട്ടു. ഒടുവില്‍ 63ാം മിനിറ്റില്‍ പിക്വെയിലൂടെ സമനില ഗോള്‍ കണ്ടെത്തി. മെസ്സിയും സുവാരസും ചേര്‍ന്ന് നടത്തി നീക്കങ്ങള്‍ക്കൊടുവില്‍ ബോക്‌സിന് നടുവില്‍ ഉയര്‍ന്ന് ലഭിച്ച പന്ത് ജെറാര്‍ഡ് പിക്വെ ഹെഡ് ചെയ്ത വലയിലെത്തിച്ചു. പിന്നീട് നിരവധി അവസരങ്ങള്‍ ബാഴ്‌സലോണ തന്നെ സൃഷ്ടിച്ചു എങ്കിലും ജിറോണയുടെ പ്രതിരോധം മറികടക്കാനുള്ള അവസരങ്ങള്‍ വന്നില്ല. ഇന്നത്തെ സമനിലയോടെ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണക്കും ഒരേ പോയന്റായി. ഇരുടീമുകള്‍ക്കും അഞ്ച് കളികളില്‍ നിന്ന് 13 പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്തെത്തി.
Next Story

RELATED STORIES

Share it