സഞ്ജീവ് ഭട്ടിന് ശേഷം ഡോ. കഫീല്‍ ഖാനും; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മണ്ണൊരുക്കി സംഘപരിവാര്‍ ഭരണകൂടം


മോദി സര്‍ക്കാരിനെതിരേ ചോദ്യ മുയര്‍ത്തുന്നവരെ തടങ്കലില്‍ തള്ളി നിശബ്ദരാക്കാനുള്ള ശ്രമത്തിലാണ് സംഘ്പരിവാര ഭരണകൂടങ്ങള്‍. 22 വര്‍ഷം പഴക്കമുള്ള കേസിന്റെ പേരില്‍ ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനേയും ഒമ്പത് വര്‍ഷം പഴക്കമുള്ള കേസില്‍ ഡോ. കഫീല്‍ ഖാനെയും ജയിലിലടച്ച ഗുജറാത്ത്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളുടെ നടപടി ഇതിന്റെ ഭാഗമാണ്. ഭീമ കൊറേഗാവ് കലാപത്തില്‍ മാവോയിസ്റ്റ് ഇടപെടല്‍ ആരോപിച്ച് രാജ്യവ്യാപകമായി അഭിഭാഷകരേയും സാമൂഹികപ്രവര്‍ത്തകരേയും കൂട്ടമായി അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പോലിസിന്റെ നടപടിയുടെ തുടര്‍ച്ചയാണ് രാജ്യത്ത് ദൃശ്യമാകുന്നത്. വരവാര റാവു, ക്രാന്തി തേകുല (ഹൈദ്രാബാദ്), ഗൗതം നവ്‌ലാഖ (ന്യൂ ഡല്‍ഹി), വെര്‍നോന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരീറ (മുംബൈ), സുധ ഭരദ്വാജ് (ഫരീദാബാദ്) എന്നിവരെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇടപെടലിനെ തുടര്‍ന്ന് ജയിലുകളില്‍ നിന്ന് മോചിപ്പിച്ച സാമൂഹ്യപ്രവര്‍ത്തകരെ വീട്ടുതടങ്കലിലാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമാണ് നിലവിലെ അറസ്റ്റുകളും പോലിസ് രാജുമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തല്‍.


മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനും മുന്‍ ഐപിഎസ് ഓഫിസറുമായ സഞ്ജീവ് ഭട്ടിനെ 22 വര്‍ഷം പഴക്കമുള്ള കേസിന്റെ പേരിലാണ് ദിവസങ്ങളായി ഗുജറാത്ത് പോലിസ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഭട്ടിനെ അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ച ഗുജറാത്ത് പോലിസ് മോദി വിമര്‍ശകരുടെ അവസ്ഥ ഇതായിരിക്കുമെന്ന സൂചനയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും നല്‍കിയത്. സമാനമായ അവസ്ഥയാണ് ഡോ. കഫീല്‍ ഖാനും നേരിടുന്നത്. ഡോ. കഫീല്‍ ഖാനെയും സഹോദരന്‍ അദീലിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത് 9 വര്‍ഷം പഴക്കമുള്ള കേസിലെന്നാണ് പൊലിസ് ഇപ്പോള്‍ പറയുന്നത്. 2009ല്‍ രാജ്ഘട്ട് പൊലീസ് സ്‌റ്റേഷനില്‍ നിലവിലുളള പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നാണ് പൊലിസ് ഭാഷ്യം. എന്നാല്‍ ബഹ്‌റായ് ജില്ലാ ആശുപത്രിയില്‍ 79 ശിശു മരണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഉച്ചയോടെ ആശുപത്രി സന്ദര്‍ശിച്ച കഫീല്‍ ഖാനെ ശനിയാഴ്ചയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു എന്ന് പറഞ്ഞായിരുന്നു പോലിസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ കോടതി ജാമ്യം അനുവദിച്ചതോടെയാണ് പോലിസ് പുതിയ കേസ് ചുമത്തി കഫീല്‍ ഖാനെ ജയിലില്‍ അടച്ചത്.
മുസഫര്‍ ആലം എന്നയാളാണ് 9 വര്‍ഷം മുമ്പുള്ള കേസിലെ പരാതിക്കാരനെന്ന് പൊലീസ് പറയുന്നു. കഫീലും സഹോദരനും ചേര്‍ന്ന് തന്റെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. ഇവ ഉപയോഗിച്ച് എസ്.ബി.ഐയില്‍ അക്കൗണ്ട് തുറന്നതായും 82 ലക്ഷത്തിന്റെ ഇടപാട് നടത്തിയെന്നും പറയുന്നു. ഈ സമയത്ത് കഫീല്‍ ഖാന്‍ മണിപ്പാല്‍ സര്‍വകലാശാലയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നുവെന്നും കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഓഫീസര്‍ പ്രഭാത് കുമാര്‍ റായി പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റില്‍ ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കള്ള കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്ത ഡോക്ടര്‍ കഫീല്‍ ഖാന് ഈ വര്‍ഷം ഏപ്രിലില്‍ ആണ് ജാമ്യം ലഭിച്ചത്. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായിരുന്ന കഫീല്‍ ഖാനെ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ രക്ഷിക്കാന്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചതിന് പിന്നാലെയാണ് കേസില്‍ കുടുക്കിയത്. കഴിഞ്ഞ ജൂണില്‍ കഫീല്‍ ഖാന്റെ സഹോദരന്‍ കാശിഫ് ജമാലിന് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. ഗുരുതര പരിക്കേറ്റ കാശിഫ് പിന്നീട് അപകടനില തരണം ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാനുള്ള നടപടികള്‍ ശക്തമായിരിക്കുകയാണ് ബിജെപി ഭരണകൂടം. ഭീമ കൊറേഗാവ് കലാപത്തില്‍ മാവോയിസ്റ്റ് ഇടപെടല്‍ ആരോപിച്ച് രാജ്യവ്യാപകമായി അഭിഭാഷകരേയും സാമൂഹികപ്രവര്‍ത്തകരേയും കൂട്ടമായി അറസ്റ്റ് ചെയ്തു പൂന പൊലിസ്. നിരവധി സാമൂഹിക പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലിസ് റെയ്ഡും നടത്തി. മുംബൈ, പൂനെ, ഗോവ, തെലങ്കാന, ചത്തീസ്ഗഢ്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലായിരുന്നു പൂനെ പൊലിസ് പരിശോധന. ഭരണ സംവിധാനവും പോലിസിനേയും ഉപയോഗിച്ച് സാമൂഹിക പ്രവര്‍ത്തകരുടേയും ആക്ടിവിസ്റ്റുകളേയും നിശബ്ദരാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

RELATED STORIES

Share it
Top