ഇലക്ഷന്‍ ഫണ്ടില്‍ നിന്ന് അരക്കോടിയുടെ വെട്ടിപ്പ്: ഡെപ്യൂട്ടി കളക്ടറടക്കം 4 പേര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം

Update: 2018-09-25 09:00 GMT


തിരുവനന്തപുരം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് അരക്കോടി രൂപ വെട്ടിച്ചെടുത്ത് സ്വകാര്യ സ്ഥാപനത്തിന് നല്‍കിയ കേസില്‍ ഡെപ്യൂട്ടി കളക്ടറടക്കം 4 പേര്‍ക്കെതിരെ വിജിലന്‍സ് ഡിവൈഎസ്പി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസ് വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നതിന് ഡിസംബര്‍ 12ന് പ്രതികള്‍ ഹാജരാകാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റിലെ ഇലക്ഷന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ ബിജു, ഇലക്ഷന്‍ സെല്‍ ജൂനിയര്‍ സൂപ്രണ്ട് എസ് രമേശ്, ഇലക്ഷന്‍ സെല്‍ സീനിയര്‍ ക്ലാര്‍ക്ക് എസ് എസ് സന്തോഷ് കുമാര്‍, കൈതമുക്കില്‍ സെലിട്രോണിക്‌സ് എന്ന പേരില്‍ വീഡിയോ ചിത്രീകരണ സ്റ്റുഡിയോ നടത്തുന്ന വി രവീന്ദ്ര കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

2014 ജൂണ്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2014 മാര്‍ച്ച് 5 ന് പാര്‍ലമെന്റ് ഇലക്ഷന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് 14 വിവിധ ഹെഡ് ഓഫ് അക്കൗണ്ട് മുഖാന്തിരം എഎംഎസ് എന്ന സോഫ്റ്റ്‌വെയര്‍ വഴി തിരുവനന്തപുരം ജില്ലക്ക് 11,21,94,301 രൂപ അനുവദിച്ചു കിട്ടിയിരുന്നു.

ഈ 11 കോടി 21 ലക്ഷം രൂപയില്‍ നിന്ന് ജില്ലയിലെ 4 വിവിധ താലൂക്കുകളിലെ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 12 വിവിധ ഹെഡ് ഓഫ് അക്കൗണ്ട് വഴി 4,73,52,025 രൂപ അതേ സോഫ്റ്റ്‌വെയര്‍ വഴി വിതരണം ചെയ്ത ശേഷം തിരുവനന്തപുരം ഇലക്ഷന്‍ സെല്ലിലെ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ലഭിച്ച 6,62,88,437 രൂപയില്‍ നിന്നുമാണ് പ്രതികള്‍ അരക്കോടിയുടെ തിരിമറി നടത്തിയതെന്ന് ഡി വൈ എസ് പി എ അബ്ദുള്‍ വഹാബ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെ ഇലക്ഷന്‍ സംബന്ധമായ വീഡിയോ ചിത്രീകരണം നടത്തുന്നതിലേക്ക് വേണ്ടി 2014 മാര്‍ച്ച് 4 ന് ദിനപത്രത്തില്‍ ടെണ്ടര്‍ വിജ്ഞാപനം നല്‍കി. അതനുസരിച്ച് ലഭിച്ച 8 ക്വട്ടേഷനുകളില്‍ നിന്ന് യൂണിറ്റൊന്നിന് 2,874 രൂപ ക്വാട്ട് ചെയ്ത സെലിട്രോണിക്‌സ് സ്ഥാപന ഉടമക്ക് 5,000 രൂപയുടെ നിരത ദ്രവ്യം സ്വീകരിക്കാതെ മാര്‍ച്ച് 6 ന് ടെണ്ടര്‍ അനുവദിച്ചു നല്‍കി.

തുടര്‍ന്ന് സ്ഥാപന ഉടമ വീഡിയോ ചിത്രീകരണം പൂര്‍ത്തീകരിച്ച ശേഷം ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാക്കിയ 87 ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന്റെയും വീഡിയോ റെക്കോഡ് ചെയ്ത 857 ഡിവിഡികളുടെയും അടിസ്ഥാനത്തില്‍ ഉടമയ്ക്ക് നിയമാനുസരണം ലഭിക്കേണ്ട 1140 യൂണിറ്റിനുള്ളതുകയായ 32,76,360 രൂപക്ക് പകരം 3,051 യൂണിറ്റിനുള്ള തുകയായ 85,65,037 രൂപ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 2014 ജൂണ്‍ 13 ന് ഉടമയ്ക്ക് അനുവദിച്ചുകൊടുത്തു. ഇതിലൂടെ സര്‍ക്കാരിന് 52,88,677 രൂപയുടെ നഷ്ടമുണ്ടായി. ഉദ്യോഗസ്ഥരായ പ്രതികള്‍ സ്ഥാപന ഉടമയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിശ്വാസ വഞ്ചന നടത്തിയെന്നാണ് കേസ്.

Similar News