നെല്‍ കര്‍ഷകരുടെ താങ്ങുവില വര്‍ധിപ്പിക്കണം; വി കെ ശ്രീകണ്ഠന്‍ എംപി കേന്ദ്ര കൃഷിമന്ത്രിയെ കണ്ടു

Update: 2020-09-22 16:03 GMT

ന്യൂഡല്‍ഹി: പാലക്കാട്ടെ നെല്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന താങ്ങുവില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വി കെ ശ്രീകണ്ഠന്‍ എംപി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറെ കണ്ട് നിവേദനം നല്‍കി. വരള്‍ച്ചയും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ നിരന്തരം കഷ്ടപ്പെട്ടാണ് നെല്‍കൃഷി നടത്തുന്നത്. നിലവില്‍ കര്‍ഷകന് ഒരു കിലോയ്ക്ക് ലഭിക്കുന്ന തുക 27 രൂപ 48 പൈസ മാത്രമാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രോല്‍സാഹന തുകയും മിനിമം താങ്ങുവിലയും ഉള്‍പ്പെടുന്നു. എന്നാല്‍ ഇതേ അരിയുടെ മാര്‍ക്കറ്റ് വില 40 മുതല്‍ 45 രൂപ വരെയാണെന്നും എംപി മന്ത്രിയെ അറിയിച്ചു. ആയതിനാല്‍ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന കുറഞ്ഞ താങ്ങുവില ഉയര്‍ത്താനുള്ള നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും പാലക്കാടിനായി പ്രത്യേക കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നും വി കെ ശ്രീകണ്ഠന്‍ എംപി നിവേദനത്തില്‍ ആവശ്യപ്പെട്ടു.




Tags:    

Similar News