കണ്ണൂര്‍ വിമാനത്താവളത്തിന് 'പോയിന്റ് ഓഫ് കോള്‍' പദവി നല്‍കണം: കെ സുധാകരന്‍ എംപി

Update: 2019-11-28 13:26 GMT

ന്യൂഡല്‍ഹി: വിദേശ വിമാന കമ്പനികളുടെ സര്‍വീസുകള്‍ ആരംഭിക്കാനുള്ള 'പോയിന്റ് ഓഫ് കോള്‍' പദവി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് നല്‍കണമെന്ന് കെ സുധാകരന്‍ എംപി. റൂള്‍ 377 പ്രകാരം ലോക്‌സഭയിലാണ് എംപി ഇക്കാര്യം ഉന്നയിച്ചത്. വളരെയധികം വിദേശ ഇന്ത്യന്‍ കുടുംബങ്ങള്‍ താമസിക്കുന്ന നോര്‍ത്ത് മലബാര്‍ മേഖലയിലെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വിമാനയാത്രക്കാരുടെ പ്രധാനകേന്ദ്രമാണ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് നേരിട്ട് രാജ്യാന്തര വിമാനയാത്രാ സൗകര്യം ഇല്ലാത്തതിനാല്‍ ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

    നിലവില്‍ വിമാനത്താവളത്തിന്റെ 20 ശതമാനം സൗകര്യം മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു. വിമാനത്താവളം ഗ്രാമീണമേഖലയില്‍ സ്ഥിതിചെയ്യുന്നത് കൊണ്ട് കണ്ണൂര്‍ എയര്‍പോര്‍ട്ടിന് 'പോയിന്റ് ഓഫ് കോള്‍' പദവി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ കെ സുധാകരന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു. എമിറേറ്റ്‌സ്, കുവൈത്ത് എയര്‍വെയ്‌സ്, സൗദി എയര്‍ലൈന്‍സ്, ഇത്തിഹാദ്, ഒമാന്‍ എയര്‍വെയ്‌സ്, ഗള്‍ഫ് എയര്‍ എന്നീ വിദേശ വിമാന കമ്പനികള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുന്ന സ്ഥിതിക്ക് മന്ത്രി മുന്‍ തീരുമാനത്തില്‍ മാറ്റംവരുത്തി വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കാനുള്ളുള്ള പോയിന്റ് ഓഫ് കോള്‍ അനുമതി നല്‍കണമെന്നും കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.




Tags: