കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് ഇരട്ടിപ്പിച്ചതാണ് മോദി സര്‍ക്കാരിന്റെ ഭരണ നേട്ടം: കെകെ രാഗേഷ് എംപി

രാജ്യത്തെ 28 പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പ്പനയ്ക്ക് വെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്, ഇതോടെ പതിനായിരങ്ങള്‍ തൊഴില്‍രഹിതരാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഒരു കോടിയിലേറെപ്പേര്‍ തൊഴില്‍ രഹിതരായിട്ടുണ്ട്.

Update: 2019-11-27 18:02 GMT

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഈ രീതി തുടര്‍ന്നാല്‍ രാജ്യത്തിന്റെ പരമാധികാരം പോലും വില്പനയ്ക്ക് വെക്കുമെന്ന് കെകെ രാഗേഷ് എംപി. പൊതുമേഖല സ്ഥാപനങ്ങളായ ബിപിസിഎല്‍, ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, എയര്‍പോര്‍ട്ട്, എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വില്‍ക്കുന്ന നടപടി രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

രാജ്യത്തെ 28 പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പ്പനയ്ക്ക് വെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്, ഇതോടെ പതിനായിരങ്ങള്‍ തൊഴില്‍രഹിതരാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഒരു കോടിയിലേറെപ്പേര്‍ തൊഴില്‍ രഹിതരായിട്ടുണ്ട്. പ്രതിവര്‍ഷം രണ്ടു കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നതായിരുന്നു മോദിയുടെ വാഗ്ദാനം. കാര്‍ഷിക വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി കര്‍ഷകരുടെ ആത്മഹത്യാ നിരക്കാണ് ഇരട്ടിപ്പിച്ചത്. രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ വളര്‍ച്ചാനിരക്കിന്റെ കള്ളക്കണക്കുകള്‍ നിര്‍ലജ്ജം അവതരിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും രാഗേഷ് എംപി പറഞ്ഞു.

സര്‍ക്കാരിന്റെ വാചകക്കസര്‍ത്തുകള്‍ക്കപ്പുറമാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സ്ഥിതി. വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനമായി കുറഞ്ഞു. ഇത് ഇനിയും ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ പ്രവചനങ്ങള്‍. പ്രതിസന്ധിയുടെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയാണ്. 1.45 കോടിയുടെ നികുതിയിളവാണ് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിച്ചുകൊണ്ട് മാത്രമേ പ്രതിസന്ധി പരിഹരിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

Similar News