എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍-ഇന്ത്യ 2047: ശാക്തീകരണവുമായി മുന്നോട്ട്

എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് റാഫിയുമായി തേജസ് പ്രതിനിധി സംസാരിക്കുന്നു

Update: 2022-08-25 17:09 GMT

മുഹമ്മദ് റാഫി(ചെയര്‍മാന്‍ എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍)/ തേജസ് പ്രതിനിധി 

ചോദ്യം: എന്താണ് എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍? 2047 ലക്ഷ്യംവച്ചുള്ള എംപവറിന്റെ പദ്ധതിയെക്കുറിച്ചു വിശദീകരിക്കാമോ?

ഉത്തരം: എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക സേവന സംഘടനയാണ്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച ഒരുകൂട്ടം വ്യക്തിത്വങ്ങളാണ് അതിന്റെ അമരക്കാര്‍. ഇന്ത്യ 2047 പ്രൊജക്ട് എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്റെ ഫഌഗ്ഷിപ്പ് പ്രൊജക്ടാണ്. സ്വതന്ത്ര ഇന്ത്യയുടെ രണ്ടാം ശതകത്തിന്റെ ആരംഭത്തില്‍ എല്ലാ പൗരന്മാര്‍ക്കും വിഭാഗങ്ങള്‍ക്കും തുല്യാവകാശവും വളര്‍ച്ചയും ലഭ്യമാവുന്ന ഒരു സാഹചര്യമാണ് അതു വിഭാവനം ചെയ്യുന്നത്.

ചോദ്യം: പദ്ധതി അതിന്റെ രണ്ടാംഘട്ടത്തിലാണല്ലോ? ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

ഉത്തരം: 2021 മുതല്‍ പ്രൊജക്ട് മാനേജ്‌മെന്റ് ടീം ഊന്നല്‍ നല്‍കുന്നത് പഠന ഗവേഷണങ്ങളിലും മറ്റു സന്നദ്ധ സേവന സംഘങ്ങളുമായി കൈകോര്‍ക്കുന്നതിലുമാണ്. പ്രാദേശികമായി പദ്ധതിയുടെ ഉപസമിതികളും രൂപവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നു. വികസനവും ശാക്തീകരണവും സംബന്ധിച്ച വിഷയങ്ങളില്‍ നടക്കുന്ന പഠനങ്ങള്‍ പുസ്തകങ്ങളായും ഗവേഷണ രേഖകളായും പ്രസിദ്ധീകരിക്കുന്ന ഒരു വിഭാഗവും ടീമിലുണ്ട്. 2022 മെയ് 22നു ബാംഗ്ലൂരില്‍വച്ച് ഇന്ത്യ 2047 പ്രൊജക്ടിന്റെ ഒരു അനുബന്ധ പദ്ധതിരേഖ ഞങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഒന്നാം ഘട്ടത്തിലെ പാഠങ്ങളും സമകാലിക ഇന്ത്യന്‍ സാഹചര്യവുമാണ് ഇതില്‍ ഒരുഭാഗം. ഡാറ്റാ ടേബിളുകള്‍ പുതുക്കിച്ചേര്‍ത്തിട്ടുമുണ്ട്.

ചോദ്യം: അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യന്‍ പശ്ചാത്തലത്തില്‍ 2047 പദ്ധതിയുടെ ഭാവിയെപ്പറ്റി ആശങ്കയുണ്ടോ?

ഉത്തരം: ഇന്ത്യയിലെ ഇന്നത്തെ പരിതസ്ഥിതികള്‍ നന്മയാഗ്രഹിക്കുന്ന ആരിലും ആശങ്കയുളവാക്കുന്നതാണ്. ദീര്‍ഘകാല പദ്ധതികള്‍ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ പ്രാത്പമാവണം. വെല്ലുവിളികളെ അവസരങ്ങളാക്കി ലക്ഷ്യത്തിന് ഊന്നല്‍ നല്‍കി മുന്നോട്ടുപോവുകയാണ് എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍. ''സ്വയം മാറ്റത്തിനു തയ്യാറാവാത്ത സമൂഹങ്ങളെ അല്ലാഹു മാറ്റുകയില്ല'' എന്ന സന്ദേശമാണ് ഞങ്ങള്‍ മുന്നോട്ടു നയിക്കുന്നത്.

ചോദ്യം: ടൈംലൈന്‍ വലിയതോതില്‍ ശ്രദ്ധയാകര്‍ഷിച്ചതുപോലെ തോന്നുന്നു. എന്താണ് ഈ ടൈംലൈന്‍?

ഉത്തരം: മാധ്യമ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ എംപവര്‍ ഇന്ത്യാ ഫൗണ്ടേഷനു താല്‍പ്പര്യമില്ല. ദീര്‍ഘകാലമെടുക്കുന്ന ഏതു പദ്ധതിക്കും ഹ്രസ്വകാല ഉപപദ്ധതികള്‍ ആവശ്യമാണ്. പുരോഗതി വിലയിരുത്താനും തിരുത്തല്‍ വരുത്താനും കാലികമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനുമാണത്. 2016 മുതല്‍ 2020 വരെയായിരുന്നു ഇന്ത്യാ 2047ന്റെ ഒന്നാം ഘട്ടം. ഇപ്പോഴത് രണ്ടാം ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുന്നു.

ചോദ്യം: 2047 പ്രൊജക്ടിന്റെ പ്രധാനപ്പെട്ട ഇടപെടല്‍ മേഖലകള്‍ ഏതൊക്കെയാണ്? ഈ മേഖലകളില്‍ നിങ്ങള്‍ ലക്ഷ്യംവയ്ക്കുന്ന മാറ്റങ്ങള്‍ എന്താണ്?

ഉത്തരം: ഇന്ത്യാ 2047 പ്രൊജക്ടിന്റെ 11 ഊന്നല്‍ മേഖലകളില്‍ കൂടുതലും സര്‍ക്കാരുകളുടെയും യുഎന്നിന്റെയും വികസന മാതൃകകളിലുള്ളതു തന്നെയാണ്. പ്രശ്‌നബാധിത സമൂഹങ്ങള്‍ക്ക് സ്വയംമാറ്റത്തിനുള്ള സാധ്യതകളാണ് ഈ പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികരംഗം, സ്ത്രീശാക്തീകരണം തുടങ്ങിയവയാണ് പ്രധാനപ്പെട്ട മേഖലകള്‍.ഇന്ത്യയിലെ വികസിത വിഭാഗങ്ങള്‍ക്കൊപ്പം പാര്‍ശ്വവല്‍കൃതരെ കൂടി എത്തിക്കുക എന്നതാണ് എല്ലാ മേഖലകളിലെയും പരമമായ ലക്ഷ്യം.

ചോദ്യം: എംപവര്‍മെന്റ് അഥവാ ശാക്തീകരണം എന്ന പദം പലപ്പോഴും തെറ്റായ രീതിയില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. ഒന്നു വ്യക്തമാക്കാമോ?

ഉത്തരം: സാമൂഹിക ശാക്തീകരണം എന്നത് പലപ്പോഴും കൃത്യമായി മനസ്സിലാക്കാതെ പോവുന്നുണ്ട്. വികസനവും സുസ്ഥിതവികസനവും സര്‍ക്കാരുകളുടെ അജണ്ടയിലുണ്ടാവാറുണ്ട്. ഇതോടൊപ്പം തുല്യാവകാശങ്ങളും തുല്യനീതിയും അവസരസമത്വവും സ്വത്വം വെല്ലുവിളി നേരിടാത്ത സാഹചര്യവുമൊക്കെ സംജാതമാവുമ്പോഴാണ് സാമൂഹികമായ ശാക്തീകരണം സാധ്യമാവുന്നത്. വിദ്യാഭ്യാസവും ഉയര്‍ന്ന സര്‍ക്കാര്‍ ശമ്പളവുമുള്ള ദലിത് ഉദ്യോഗസ്ഥര്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന വിവേചനം, വികസനം ആ സമുദായത്തെ ശാക്തീകരിച്ചില്ല എന്നാണ് തെളിയിക്കുന്നത്.

ചോദ്യം: ഇങ്ങനെയൊരു പദ്ധിതയുമായി രംഗത്തുവരാനുള്ള പ്രേരണയും പശ്ചാത്തലവും എന്തായിരുന്നു?

ഉത്തരം: 2013-14 കാലത്താണ് ഇത്തരമൊരു ആശയം രൂപപ്പെട്ടുവരുന്നത്. സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ക്കു ശേഷം സമൂഹത്തില്‍ നടന്ന ചര്‍ച്ചകളുടെയും സച്ചാറാനന്തര സര്‍ക്കാര്‍ പദ്ധതികളുടെ ഫലപ്രാപ്തി പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഫ. അമിതാഭ് കുഡ്ഡുവിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയമിച്ചതിന്റെയും പശ്ചാത്തലത്തിലാണിത്. പിന്നാക്കം പോയ വിഭാഗങ്ങള്‍തന്നെ ഈ വിഷയം ആഴത്തില്‍ പഠനവിധേയമാക്കുക എന്നതു നല്ലൊരു ആശയമായിരുന്നു. സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കു സമാന്തരമായി പ്രശ്‌നബാധിത സമുദായങ്ങള്‍ക്കു സ്വന്തമായി ഏറ്റെടുക്കാവുന്ന ഒരു നീണ്ടകാല പദ്ധതി നിര്‍ദേശിക്കുകയാണ് ഇന്ത്യ 2047. മുസ്‌ലിംകളടങ്ങുന്ന പിന്നാക്ക വിഭാഗങ്ങളുടെ വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥയും അവര്‍ നേരിടുന്ന അവസരസമത്വ പ്രശ്‌നങ്ങളും ജസ്റ്റിസ് സച്ചാര്‍ വരച്ചുകാണിക്കുന്നുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക രംഗങ്ങളിലെ പിന്നാക്കാവസ്ഥ മുതല്‍ തുല്യനീതിയുടെയും അവസരസമത്വത്തിന്റെയും അഭാവം വരെ നീളുന്ന വലിയ പ്രശ്‌നങ്ങളുണ്ട് ഈ വിഷയത്തില്‍.

ചോദ്യം: ഈയിടെയുണ്ടായ വിവാദങ്ങളെക്കുറിച്ച്?

ഉത്തരം: വിവാദങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സാധാരണമാണല്ലോ. ചാനലുകളുടെ റേറ്റിങും പത്രസ്ഥാപനങ്ങള്‍ നടത്തുന്നവരുടെ രാഷ്ട്രീയവുമൊക്കെയാണിതിനെ സ്വാധീനിക്കുന്നത്. 2016 ആഗസ്ത് 15ന് ഡല്‍ഹിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററില്‍വച്ചു യശശ്ശരീരനായ ജസ്റ്റിസ് രജീന്ദര്‍ സച്ചാറാണ് ഇന്ത്യാ 2047 പദ്ധതിരേഖ പ്രകാശനം ചെയ്തത്. അന്നുമുതല്‍ തന്നെ ഈ രേഖ ഇന്ത്യയിലെ പൊതുപ്രവര്‍ത്തകര്‍ക്കും അക്കാദമി വിദഗ്ധര്‍ക്കും ഞങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ 2016 മുതല്‍ ഇതിന്റെ പിഡിഎഫ് രൂപം ആര്‍ക്കും കിട്ടാവുന്ന രീതിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. അത്തരമൊരു രേഖ രഹസ്യരേഖയായി ചിത്രീകരിക്കുകയും ഇപ്പോള്‍ കണ്ടെത്തി പുറത്തെത്തിച്ചു എന്നവകാശപ്പെടുകയും ചെയ്യുന്നവരോട് ഒന്നും പറയാനില്ല. ഇന്ത്യാ 2047 പദ്ധതിരേഖയില്‍ ചേര്‍ത്തിട്ടുള്ള ഡാറ്റാ ടേബിളുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ കണക്കുകളില്‍നിന്ന് എടുത്തിട്ടുള്ളവയാണ്. ലേഖനങ്ങളില്‍ വന്നിട്ടുള്ള ചരിത്രപരമായ പരാമര്‍ശങ്ങള്‍ എസ്റ്റാബ്ലിഷ്ഡ് ചരിത്ര ആഖ്യാനങ്ങളില്‍ നിന്നുള്ളതുമാണ്. പ്രശ്‌നം അതല്ല, അവസര സമത്വത്തിനുവേണ്ടി ആവശ്യമുയരുമ്പോള്‍ അനര്‍ഹമായി കൈയടക്കിവച്ചിട്ടുള്ള വിഭാഗങ്ങളില്‍നിന്നു പുലി വരുന്നേ എന്ന മുറവിളി ഉയരുകയാണ്. തുല്യനീതിയെ ആര്‍ക്കാണ് പേടി. ഈ ആശയങ്ങളൊക്കെ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതും ഇന്ത്യന്‍ സമൂഹം ഇക്കാലമത്രയും അംഗീകരിച്ചുവന്നിട്ടുള്ളതുമായ ആശയങ്ങളാണ്. ഞങ്ങളുടെ ഊന്നല്‍ ഈ വിഭാഗങ്ങള്‍ക്കു മറുപടി നല്‍കുന്നതിലല്ല. ഈ വെല്ലുവിളികളെ അതിജീവിച്ചു ലക്ഷ്യവുമായി മുന്നോട്ടുപോവുന്നതിലാണ്. തിരയടങ്ങിയിട്ട് കപ്പലിറക്കാനാവില്ലല്ലോ!

(തേജസ് ദൈ്വവാരികയുടെ ജൂലൈ 156-31 ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്.)

Similar News