അത്യപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ കഥ പുറംലോകത്തെത്തിച്ച മുസാഫിറിന് വരയാദരം

Update: 2021-07-17 09:52 GMT

കൊച്ചി: അത്യപൂര്‍വ രോഗമായ എസ്എംഎ ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ദയനീയാവസ്ഥ ലോകത്തിന് മുന്നില്‍ എത്തിച്ച മുസാഫിറിന് വരയിലൂടെ ആദരമൊരുക്കി കാര്‍ട്ടൂണ്‍ ക്ലബ്ബ് ഓഫ് കേരള. എസ്എംഎ എന്ന അപൂര്‍വരോഗം ബാധിച്ച് ചികില്‍സയ്ക്കു സോള്‍ജെന്‍സ്മ മരുന്നിനായി 18 കോടി രൂപയാണ് ലോകമെങ്ങുമുള്ള മലയാളികള്‍ ബാങ്ക് അക്കൗണ്ടില്‍ നിറച്ചുനല്‍കിയത്. ലോകത്തെ ഏറ്റവും വില കൂടിയ ആ മരുന്നിന് വേണ്ടിയുള്ള അഭ്യര്‍ഥനകള്‍ക്ക് പ്രതീക്ഷിച്ച ഫലം കാണാതെ വന്നപ്പോഴാണ്, ജനകീയ കമ്മിറ്റി രൂപീകരിച്ചതും നാട്ടുകാരനും റേഡിയോ അവതാരകനുമായ മുസാഫിറിന്റെ വീഡിയോ പുറത്തുവന്നതും. വീഡിയോ വൈറലായതോടെ, മിനുട്ടുകള്‍ക്കകം തന്നെ ലക്ഷങ്ങള്‍ അക്കൗണ്ടിലേക്ക് വന്നുതുടങ്ങി. ഒരാഴ്ചക്കകമാണ് 18 കോടി പിരിഞ്ഞുകിട്ടിയത്. അതിലൂടെ പുതുജീവിതത്തിലേക്കുള്ള ചികില്‍സയിലാണ് ഒന്നര വയസ്സുകാരന്‍ മുഹമ്മദ്.

    കണ്ണൂര്‍ റെഡ് എഫ്എമ്മിലെ റേഡിയോ അവതാരകനായ മുസാഫിര്‍ അറിയപ്പെടുന്ന കാരിക്കേച്ചറിസ്റ്റും കാര്‍ട്ടൂണ്‍ ക്ലബ്ബ് ഓഫ് കേരളയിലെ അംഗവുമാണ്. സഗീര്‍, രജീന്ദ്രകുമാര്‍, ബഷീര്‍ കിഴിശ്ശേരി, സിഗ്‌നി, മധൂസ്, ജയരാജ് ടിജി, നൗഷാദ് വെള്ളലശ്ശേരി, ഡോ. റൗഫ് വണ്ടൂര്‍, നിഷാന്ത് ഷാ, ഹരീഷ് മോഹന്‍, ഡോ. സുനില്‍ മുത്തേടം, ഹസന്‍ കൊട്ടേപ്പറമ്പില്‍, പ്രിന്‍സ്, പഴവീട് ശ്രീ, റെജി സെബാസ്റ്റ്യന്‍, ജീസ് ു പോള്‍, ഷാനവാസ് മുടിക്കല്‍, ബിപിന്‍, ജോഷി ജോസ് , വിനു നായര്‍, ബുഖാരി ധര്‍മ്ഗിരി, ജിന്‍സണ്‍, വൈശാഖ്, ബാലചന്ദ്രന്‍ ഇടുക്കി തുടങ്ങി കേരളത്തിലെ പ്രഗല്‍ഭരായ കാര്‍ട്ടൂണിസ്റ്റുകള്‍ മുസാഫിറിന്റെ കാരിക്കേച്ചറുകള്‍ തീര്‍ത്തു. അവ പ്രദര്‍ശിപ്പിച്ച ബ്ലോഗ് പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര ഉദ്ഘാടനം ചെയ്തു. 25ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.ഉസ്മാന്‍ ഇരുമ്പുഴിയുടെ നേതൃത്വത്തിലുള്ള കാര്‍ട്ടൂണ്‍ ക്ലബ്ബ് ഓഫ് കേരള സംഘടിപ്പിച്ച പ്രദര്‍ശനം ഓണ്‍ലൈനില്‍ പ്രദര്‍ശനം കാണാനുള്ള ലിങ്ക്: http://cartoonclubofkerala.blogspot.com/.

Tribute to Muzaffar who brought the story of SMA patient Muhammad

Tags:    

Similar News