'ഒ വി വിജയന്റെ സ്മൃതിയെ ബാരക്കില്‍ തടവിലിടരുത്'

Update: 2022-03-29 07:38 GMT

ഷുക്കൂര്‍ ഉഗ്രപുരം

ആധുനിക മലയാള സാഹിത്യത്തിന് കനപ്പെട്ട സംഭാവന നല്‍കിയ തൂലികക്കാരനാണ് ഖസാക്കിന്റെ ഇതിഹാസകാരന്‍ ഒ വി വിജയന്‍ (1930-2005). ഈ മാര്‍ച്ച് 30 ന് വിജയന്റെ ഓര്‍മയ്ക്ക് 17 വര്‍ഷം തികയുന്നു. കടുത്ത രാഷ്ട്രീയ നിരൂപണങ്ങളുടെയും ഭരണകൂട വിമര്‍ശനങ്ങളുടെയും കഥയും കാര്‍ട്ടൂണും ബാക്കി വച്ചാണ് ഒ വി വിജയന്‍ യാത്രയായത്. വിജയന്റെ എഴുത്തിന്റെ നിലപാട് എന്നും അമിതാധികാര പ്രവണതയെ എതിര്‍ക്കുന്നവയായിരുന്നു. പച്ച മനുഷ്യന്റെ പക്ഷത്ത് മാനവികതയ്ക്കായി നിലകൊള്ളുന്ന സമീപനമാണ് ആ പത്മഭൂഷണ്‍ ജേതാവ് സ്വീകരിച്ചത്. ചെറുകഥയും നോവലും കാര്‍ട്ടൂണും ആവിഷ്‌കാരത്തിനായി അദ്ദേഹം ഉപയോഗിച്ചു. ദേശീയതയുടെ സങ്കുചിതത്വത്തെ ടാഗോറിനെ പോലെ തന്നെ ഒ വി വിജയനും വിമര്‍ശിച്ചു.

ഖസാക്കിന്റെ ഇതിഹാസം മനുഷ്യന്റെ അസ്തിത്വ ദു:ഖം അനാവരണം ചെയ്യുന്നതോടൊപ്പം മനുഷ്യരുടെ അന്തസംഘര്‍ഷങ്ങളേയും വരച്ചുകാട്ടുന്നു. അതിനും പുറമെ ഖസാക്കിന്റെ ഇതിഹാസം ദേശീയ സങ്കുചിതത്വത്തെ വിമര്‍ശിക്കുന്നതാണെന്ന ഒരു വായനയുമുണ്ട്. തിരൂര്‍ മലയാളം സര്‍വകലാശാലയിലെ മലയാള വിഭാഗം പ്രഫസര്‍ അനില്‍ ചേലേമ്പ്രയെ പോലുള്ളവര്‍ ആ അഭിപ്രായക്കാരാണ്. ശക്തമായ രാഷ്ട്രീയ ആക്ഷേപഹാസ്യ നോവലാണ് ധര്‍മപൂരണം. മുമ്പ് അടിയന്തരാവസ്ഥക്കെതിരെയുള്ള എഴുത്ത് എന്നൊക്കെ അതിനെക്കുറിച്ച് പ്രചാരണമുണ്ടായിരുന്നു. പക്ഷേ, ഒ വി വിജയന്‍തന്നെ ആ പ്രചാരണത്തിന്റെ കഴമ്പ് സത്യമല്ലെന്ന് പറഞ്ഞിരുന്നു.

ആധുനിക കാലത്തെ നമ്മുടെ ഭരണകൂടങ്ങളുടെ അമിതാധികാര പ്രയോഗങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ഇത്. പരാശരന്‍, പ്രജാപതി, സിദ്ധാര്‍ഥന്‍, ലാവണ്യ എന്നീ കഥാ പാത്രങ്ങളിലൂടെ നോവല്‍ ആധുനിക കാലത്തെ ഭരണകൂട ഭീകരതകളെയും ആരാജകത്വത്തെയും തുറന്നുകാണിക്കുന്നു. നമ്മുടെ സമൂഹത്തില്‍ ഇന്നും വ്യത്യസ്ത രീതിയില്‍ നടമാടുന്ന ജാതീയതയുടെ അടരുകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് തലമുറകള്‍ എന്ന നോവല്‍. പാലക്കാട്ടെ ഈഴവരുടെ ജീവിതത്തെ ആഖ്യാനിച്ചുകൊണ്ടുള്ളതാണിത്. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ കൈകാര്യം ചെയ്തുകൊണ്ടുള്ള ഗുരുസാഗരം എന്ന നോവല്‍ ബംഗ്ലാദേശ് യുദ്ധപശ്ചാത്തലത്തില്‍ എഴുതപ്പെട്ടിട്ടുള്ളതാണ്.

മധുരം ഗായതി എന്ന നോവല്‍ ഒരു കാല്‍പനിക നോവലാണ്. ഇതിലെ മുഖ്യകഥാപാത്രങ്ങള്‍ പറക്കുന്ന ഒരു ആല്‍മരവും സുകന്യ എന്ന ഒരു വനകന്യകയുമാണ്. തികഞ്ഞ സാമൂഹിക ശാസ്ത്ര വീക്ഷണമുള്ള രചനകളാണ് ഒ വി വിജയനില്‍നിന്നും സംഭവിച്ചിട്ടുള്ളത്. മുഖ്യകഥയോട് ഉപകഥകളെ ചേര്‍ത്തുവയ്ക്കുന്ന രചനാരീതിയാണ് ഒ വി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. മലയാള നോവല്‍ സാഹിത്യത്തെ പൊതുവെ ഖസാക്കിന്റെ ഇതിഹാസത്തിന് മുമ്പും ശേഷവും എന്ന് വേര്‍തിരിക്കാറുണ്ട്.

ഒ വി വിജയന്റെ അരീക്കോടുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ബാല്യകാലം മുതല്‍ക്കുള്ളതാണ്. വിജയന്റെ പിതാവ് ഒ വേലുക്കുട്ടി അരീക്കോട് എംഎസ്പി ക്യാംപില്‍ പോലിസ് ഓഫിസറായി ജോലിചെയ്തിരുന്നു. അന്ന് അരീക്കോട് ജിഎംയുപി സ്‌കൂളിലായിരുന്നു ഒ വി വിജയന്‍ പഠിച്ചിരുന്നത്. അദ്ദേഹത്തിന്റെ സര്‍ഗഭാവനകളെ പരിപോഷിപ്പിച്ച ഇടമാണ് അരീക്കോടെന്ന് ഇതിഹാസത്തിന്റെ ഇതിഹാസം എന്ന കൃതിയില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ബാല്യകാലത്ത് വിജയന്റെ മുത്തശ്ശിയും അധ്യാപകന്‍ മുഹമ്മദാജിയും ട്യൂഷനെടുത്തിരുന്ന നാരായണന്‍ മാഷുമെല്ലാം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ഉരുവപ്പെടുത്തി എടുക്കുന്നതില്‍ അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്.

വിജയന്‍ എഴുതിയ പ്രേമകഥ എന്ന ചെറുകഥ മുഴുവനായും അരീക്കോടിന്റെ പശ്ചാത്തലത്തിലുള്ളതാണ്. വിജയന്റെ പ്രിയപ്പെട്ട അമ്മൂമ്മയുടെ കല്ലറയും സ്ഥിതിചെയ്യുന്നത് അരീക്കോട് എംഎസ്പി ക്യാംപിലാണ്. വിജയന്‍ സ്മാരക ലൈബ്രറിയും ഗ്രന്ഥങ്ങളും വിജയന്റെ കാര്‍ട്ടൂണുകളും അങ്ങനെ സാഹിത്യപ്രേമികളുടെ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍ വിലമതിക്കാനാവാത്ത വിജയന്റെ അനേകം തിരുശേഷിപ്പുകള്‍ ആ ക്യാംപും കുന്നിന്‍മുകളിലുണ്ട്. ഒ വി വിജയന്റെ സ്‌നേഹനിധിയായ മാതാവ് കമലാക്ഷി അമ്മയും അരീക്കോടിനെ ഒരുപാട് സ്‌നേഹിച്ചിരുന്നു.

അരീക്കോടിനെക്കുറിച്ചും അവിടുത്തെ മനുഷ്യരെക്കുറിച്ചും അമ്മ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്ന് വിജന്റെ സഹോദരി ഒ വി ഉഷ പറയുന്നു. വിജയന്റെ ബാല്യ കാലത്തെ സമകാലികരായിരുന്ന ഖദീജയും മുഹമ്മൂട്ടി മാഷുമൊക്കെ അരീക്കോട്ടെ പച്ചമനുഷ്യരുടെ പ്രതീകങ്ങളാണല്ലോ ? ഒ വി വിജയന്‍ ഏറ്റവും അവസാനമായി അരീക്കോട് വന്നപ്പോള്‍ അരീക്കോട്ടെ സുഹൃത്തുക്കളെ കാണുകയും എംഎസ്പി ക്യാംപ് സന്ദര്‍ശിക്കുകയും അമ്മൂമ്മ നിത്യശയനം കൊള്ളുന്ന ഭൂമി വിലകൊടുത്ത് വാങ്ങാനും തീക്ഷ്ണമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

കാല്‍പന്ത് കളിയെ പ്രണയിക്കുന്നതുപോലെ സാഹിത്യത്തോടും പിരിശം വയ്ക്കുന്നവരാണ് അരീക്കോട്ടുകാര്‍. വിജയന്റെ മരണത്തിന് ശേഷം ഓരോ വര്‍ഷവും രണ്ടോ മൂന്നോ വിജയന്‍ അനുസ്മരണങ്ങള്‍ അരീക്കോട്ട് നടക്കാറുണ്ടായിരുന്നു. അരീക്കോട് എംഎസ്പി ക്യാംപിലും ഔദ്യോഗിക പരിവേഷത്തോടെ തന്നെ അനുസ്മരണ ചടങ്ങുകള്‍ നടന്നിരുന്നു. വലിയ വായനാ സമൂഹമുള്ള അരീക്കോടിന് ഒവി വിജയനെ ഒരിക്കലും വിസ്മരിക്കാനാവില്ല ! വിജയന്‍ പഠിച്ച ജിഎംയുപി സ്‌കൂളും വിജയന്‍ താമസിച്ച എംഎസ്പി ക്യാംപും വിജയന്‍ സ്മൃതി പേറി ഇന്നും ഈ മണ്ണില്‍ നില്‍ക്കുന്നു.

ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അരീക്കോട് എംഎസ്പി ക്യാംപില്‍ നിന്നും എംഎസ്പി വിഭാഗത്തെ ഒഴിവാക്കുകയും തണ്ടര്‍ ബോള്‍ട്ട് റിസര്‍വ് ബറ്റാലിയനെ ക്യാംപില്‍ കുടിയിരുത്തുകയും ഒവി വിജയന്‍ സ്മരണകളെ മുഴുവന്‍ തടവറയ്ക്കകത്താക്കി ഒരു മനുഷ്യനെയും കാണിക്കാതെ ബാരക്കിന്റെ കനത്ത ഇരുമ്പ് വാതിലുകള്‍ സമൂഹത്തിനെതിരേ കൊട്ടിയടയ്ക്കുകയുമാണ് ചെയ്തിട്ടുള്ളത് ! ഈ 21ാം നൂറ്റാണ്ടിന്റെ നാഗരിക സമൂഹത്തിലും എത്ര പ്രകൃതമായാണ് ഭരണകൂടം പെരുമാറുന്നത്! ?

അന്ന് അരീക്കോട് എംഎസ്പി ക്യാംപിലെ ബ്രിട്ടീഷ് പട്ടാളക്കാരന്റെ ബാരക്കിന്റെ ഇരുമ്പ് വാതില്‍ ചവിട്ടിപ്പൊളിച്ച് ക്യാംപിന് അകത്തുകയറിയവരുടെ പിന്‍മുറക്കാര്‍ ഇന്ന് സര്‍ഗസാഹിത്യത്തിന്റെ വിശുദ്ധ സ്മരണയെ ബാരക്കില്‍ നിന്നും മോചിപ്പിക്കാന്‍ പോരാടേണ്ടിവരുന്നത് ഉല്‍ബുദ്ധ സമൂഹത്തിന് ചേര്‍ന്നതാണോ എന്ന് ഭരണകൂടം ചിന്തിക്കേണ്ടതുണ്ട്. തോക്കിന്റെ ബാരല്‍ കുഴലിലൂടെ അല്ലാതെ ക്യാംപിന്‍ കുന്നിലെ വിജയന്റെ പാവനസ്മരണകളെ ഇന്ന് കാണാനാവില്ല. ലോകത്ത് മറ്റേതെങ്കിലും രാജ്യത്തെ സാഹിത്യപ്രേമികള്‍ക്ക് ഈ ദുര്‍ഗതി ഉള്ളതായി അറിയില്ല. സാംസ്‌കാരിക ലോകത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന സമീപനം ഭരണകൂടം മാറ്റിയേ പറ്റൂ..

Tags: