ഉംബര്‍ട്ടോ എക്കോയുടെ അടയാളങ്ങള്‍ ഇന്ത്യന്‍ ഫാഷിസത്തിന് യോജിക്കുന്നതെങ്ങിനെ?

ഇന്ത്യയില്‍ ബിജെപി അധികാരത്തിലെത്തുന്നതിന് മുന്‍പായിരുന്നു ഫാഷിസത്തെ കൃത്യമായി നിര്‍വ്വചിച്ച് ഉംബര്‍ട്ടോ എക്കോ ലേഖനമെഴുതിയത്. അതില്‍ പറയുന്ന എല്ലാ ലക്ഷണങ്ങളും ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ആശയങ്ങളോടും പ്രവര്‍ത്തന രീതികളോടും അക്ഷരംപ്രതി യോജിച്ചുപോകുന്നതാണ് എന്നത് അല്‍ഭുതകരമാണ്.

Update: 2020-03-02 14:52 GMT

കോഴിക്കോട്: പ്രമുഖ ഇറ്റാലിയന്‍ തത്വചിന്തകനും നോവലിസ്റ്റുമായ ഉംബര്‍ട്ടോ എക്കോ മരണപ്പെട്ടത് 2016 ഫെബ്രുവരി 16നാണ്. അതിനും 20 വര്‍ഷം മുന്‍പ് 1995 ല്‍ അദ്ദേഹം എഴുതിയ 'നിതാന്ത ഫാഷിസം' എന്ന ലേഖനത്തില്‍ ഫാഷിസത്തിന്റെ വ്യത്യസ്തമായ 14 ലക്ഷണങ്ങള്‍ നിര്‍വ്വചിച്ചിരുന്നു. ഇന്ത്യയില്‍ ബിജെപി അധികാരത്തിലെത്തുന്നതിന് മുന്‍പായിരുന്നു ഫാഷിസത്തെ കൃത്യമായി നിര്‍വ്വചിച്ച് ഉംബര്‍ട്ടോ എക്കോ ലേഖനമെഴുതിയത്. അതില്‍ പറയുന്ന എല്ലാ ലക്ഷണങ്ങളും ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ആശയങ്ങളോടും പ്രവര്‍ത്തന രീതികളോടും അക്ഷരംപ്രതി യോജിച്ചുപോകുന്നതാണ് എന്നത് അല്‍ഭുതകരമാണ്.


ഉംബര്‍ട്ടോ എക്കോ ഫാഷസത്തിന്റെ അടയാളങ്ങളായി പറഞ്ഞത് ബഹുസ്വരതയെ തകര്‍ക്കല്‍, വിയോജിപ്പുകളെ രാജ്യദ്രോഹമായി കാണല്‍, നിരന്തരയുദ്ധത്തിലൂടെ ശത്രുവിന്റെ ഉന്മൂലനം ലക്ഷ്യം വെക്കല്‍, ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികളെ അട്ടിമറിക്കാന്‍ അസംതൃപ്ത മധ്യവര്‍ഗത്തെ ഇളക്കി വിടല്‍, പാരമ്പര്യവാദം, ആധുനികതയെ നിരസിക്കല്‍, യുക്തികള്‍ക്ക് സ്ഥാനമില്ലാത്ത ആചാരാനുഷ്ഠാനങ്ങളോടുള്ള പ്രതിബദ്ധത, ശത്രുസ്ഥാനത്തുള്ളവരുമായുള്ള സമാധാനചര്‍ച്ചകള്‍ പൊള്ളത്തരമായി കാണല്‍ തുടങ്ങിയവയാണ്.


അപരസ്ഥാനത്ത് നിറുത്തുന്ന സമൂഹങ്ങളെ 'ഒരേസമയം അതിപ്രബലരും അതീവ ദുര്‍ബലരു'മായി ചിത്രീകരിക്കുക. ഒരുവശത്ത് അവര്‍ അധികാരങ്ങളും സമ്പത്തും കയ്യടക്കുന്നു എന്ന് പറഞ്ഞുകൊണ്ട് തങ്ങളുടെ അണികളില്‍ അസംതൃപ്തിയും അപമാനബോധവും സൃഷ്ടിക്കുക. മറുവശത്ത്, തങ്ങളുടെ സ്ഥൈര്യത്തിന് മുന്നില്‍ ആത്യന്തികമായി അവര്‍ മുട്ടുകുത്തും എന്ന് ശത്രുത പൊലിപ്പിച്ചു നിര്‍ത്തുക എന്ന് ഉംബര്‍ട്ടോ എക്കോ ഇറ്റലിയിലിരുന്ന് എഴുതിയത് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്ക് എത്രത്തോളം കൃത്യമായിട്ടാണ് യോജിക്കുന്നതെന്ന് ആര്‍എസ്എസിന്റെ വഴികള്‍ തന്നെ സാക്ഷി. തങ്ങള്‍ സ്വയം കുലീനരാണെന്ന ബോദ്ധ്യത്തോടൊപ്പം ദുര്‍ബലരോടുള്ള അവജ്ഞ സൃഷ്ടിക്കലും അവര്‍ നിലനില്‍ക്കന്‍ പോലും അര്‍ഹരല്ലെന്ന തരത്തില്‍ പെരുമാറലും ഫാഷിസത്തിന്റെ അടയാളങ്ങളായി ഉംബര്‍ട്ടോ എക്കോ എണ്ണിയിരുന്നു. ജനതയുടെ താല്പര്യങ്ങള്‍ വ്യത്യസ്തമാകാമെങ്കിലും അതുള്‍ക്കൊള്ളാതെ സ്വേച്ഛാപരമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഭരണകൂടം എന്ന ഫാഷിസ്റ്റ് ഭരണകൂടത്തെ കുറിച്ചുള്ള ഉംബര്‍ട്ടോ എക്കോയുടെ അടയാളപ്പെടുത്തല്‍ എത്ര കൃത്യമാണെന്നും ഇന്ത്യന്‍ ജനത തിരിച്ചറിയുന്നുണ്ട്.




Tags: