റഊഫ് ശരീഫ് എന്ന പാഠം

റഊഫ് ശരീഫ് ഒരു തുടര്‍ച്ചയാണ്. ഇന്ത്യയിലെ പൊരുതുന്ന മുസ്‌ലിം യുവത്വം രാഷ്ട്രീയപരമായി വളരെ ഉല്‍ബുദ്ധരാണ് എന്നത് നാസി ഭരണകൂടം മനസ്സിലാക്കിയിരിക്കുന്നു. സി. എ. എ വിരുദ്ധ സമരം പുതിയ മുസ്‌ലിം രാഷ്ട്രീയത്തിന്റെ എല്ലാ വിപ്ലവ ഊര്‍ജവും പ്രസരിപ്പിച്ച മുഹൂര്‍ത്തമായിരുന്നു. ആ രാഷ്ട്രീയ ഊര്‍ജത്തെ അടിച്ചമര്‍ത്തുക എന്ന നടപടിയുടെ ഭാഗമായാണ് സംഘ പരിവാര്‍ ഭരണകൂടം നിരന്തരമായി മുസ്‌ലിം വിദ്യാര്‍ത്ഥി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു കൊണ്ടിരിക്കുന്നത്. റഊഫ് ശരീഫ് ഒരപവാദമല്ല.

Update: 2021-03-21 17:44 GMT

-വസീം ആര്‍ എസ്

കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിനെ കള്ളക്കേസില്‍ കുടുക്കി ഹിന്ദുത്വ ഭരണകൂടം ജയിലിലടച്ചിട്ട് ഇന്നേക്ക് നൂറ് ദിവസം തികയുന്നു. ഇപ്പോള്‍ യുപി പോലിസിന്റെ എസ്ടിഎഫ് (സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ്) ന്റെ കസ്റ്റഡിയില്‍ നോയിഡ ജയിലിലാണ് അദ്ദേഹമുള്ളത്. ഇല്ലാത്ത സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ആദ്യമായി അറസ്റ്റ് ചെയ്തത് ഇ. ഡി ആയിരുന്നു. ഒഴിഞ്ഞ പേപ്പറുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ച ഇ. ഡി, പറയുന്നത് അനുസരിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരനെതിരെ യു. എ. പി. എ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.താന്‍ സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലാത്ത ആളുകളോട് ഇടപാട് നടത്തി എന്ന് പറയാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും, താന്‍ പറയുന്നതല്ലാതെ, അവര്‍ക്ക് തോന്നുന്നതൊക്കെ മൊഴിയായി എഴുതിപിടിപ്പിക്കുകയാണ് എന്നും റഊഫ് കോടതിയെ ബോധിപ്പിച്ചു. ഇ. ഡി യുടെ ഇത്തരം മനുഷ്യത്വ വിരുദ്ധ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച കോടതി

കേസില്‍ പ്രഥമ ദൃഷ്ട്യാ തെളിവില്ല എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ജാമ്യം നല്‍കി വിട്ടയക്കുകയാണ് ഉണ്ടായത്. അതിലുള്ള പ്രതികാരം തീര്‍ക്കാനാണ് യു. പി. പോലീസിനെ മുന്‍നിര്‍ത്തി സംഘ പരിവാര്‍ ഭരണകൂടം പുതിയ തന്ത്രവുമായി ഇറങ്ങിയത്. ഹത്രാസിലെ ദളിത് പെണ്‍കുട്ടി ക്രൂരമായി പീഡിക്കപെട്ട് കൊല ചെയ്യപ്പെട്ടപ്പോള്‍ അവരുടെ കുടുംബത്തോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പോയ മലയാളി പത്ര പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനും കാമ്പസ് ഫ്രണ്ട് നേതാക്കള്‍ക്കും യാത്ര പോകാനുള്ള പണം അയച്ചു കൊടുത്തു എന്ന പേരിലാണ് ഇപ്പോള്‍ യു. പി. പോലീസ് റഊഫിനെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കേവലം 5000 രൂപ അയച്ചു കൊടുത്തു എന്നതിന്റെ പേരിലാണ് റഊഫ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. ഒരു സംഘടനാ നേതാവ് അതിന്റെ മറ്റു ഭാരവാഹികള്‍ക്ക് യാത്രക്കുള്ള പണം നല്‍കുന്നത് 'രാജ്യ വിരുദ്ധ പ്രവര്‍ത്തനം' ആയി ചിത്രീകരിക്കുന്നു എന്നത് നമ്മെ ചിന്തിപ്പിക്കേണ്ട കാര്യമാണ്. ഒരു ജനാധിപത്യ രാജ്യത്ത് ഇങ്ങിനെ ഒക്കെ കേസെടുക്കുമോ എന്ന് ഒക്കെ നമ്മള്‍ അത്ഭുതപ്പെടുന്നുണ്ടോ? ഇത്തരം പ്രവണതകള്‍ ഇവിടെ ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

മുസ്‌ലിം പ്രക്ഷോഭത്തിനേറ്റ തിരിച്ചടി

റഊഫ് ശരീഫ് ഒരു തുടര്‍ച്ചയാണ്. ഇന്ത്യയിലെ പൊരുതുന്ന മുസ്‌ലിം യുവത്വം രാഷ്ട്രീയപരമായി വളരെ ഉല്‍ബുദ്ധരാണ് എന്നത് നാസി ഭരണകൂടം മനസ്സിലാക്കിയിരിക്കുന്നു. സി. എ. എ വിരുദ്ധ സമരം പുതിയ മുസ്‌ലിം രാഷ്ട്രീയത്തിന്റെ എല്ലാ വിപ്ലവ ഊര്‍ജവും പ്രസരിപ്പിച്ച മുഹൂര്‍ത്തമായിരുന്നു. ആ രാഷ്ട്രീയ ഊര്‍ജത്തെ അടിച്ചമര്‍ത്തുക എന്ന നടപടിയുടെ ഭാഗമായാണ് സംഘ പരിവാര്‍ ഭരണകൂടം നിരന്തരമായി മുസ്‌ലിം വിദ്യാര്‍ത്ഥി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു കൊണ്ടിരിക്കുന്നത്. റഊഫ് ശരീഫ് ഒരപവാദമല്ല.

എസ്‌ഐഒ നേതാവ് ആസിഫ് തന്‍ഹ, ഫ്രറ്റെണിറ്റി നേതാവ് ഷര്‍ജീല്‍ ഉസ്മാനി, ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി നേതാക്കളായ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ജെ. എന്‍. യു വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഇമാം തുടങ്ങിയവര്‍ സിഎഎ സമരവുമായി ബന്ധപ്പെട്ട് നേരത്തെ ജയിലിലടക്കപ്പെട്ടവരാണ്. മുസ്‌ലിം രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ചു എന്നതാണവരുടെ അപരാധം.

എന്തുകൊണ്ട് മുസ്‌ലിം വേട്ട?

മുസ്‌ലിംകള്‍ ഇന്ത്യയിലെ ഏറ്റവും ക്രയശേഷിയുള്ള പ്രതിപക്ഷം ആയത് കൊണ്ടാണ് സംഘ പരിവാര്‍ മുസ്‌ലിംകളെ തന്നെ ഉന്നം വെക്കുന്നത്. സംഘ പരിവാര്‍ മുസ്‌ലിംകളുടെ സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ഇടപെടലുകളെ ഭയക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതെല്ലാം. മുസ്‌ലിംകള്‍ ക്രയശേഷിയില്ലാത്ത, ക്രിയാത്മകമല്ലാത്ത, രാഷ്ട്രീയ ബോധമില്ലാത്ത ഒരു സമൂഹമായിരുന്നുവെങ്കില്‍ വെറുപ്പിന്റെ ശക്തികള്‍ക്ക് മുസ്‌ലിംകളെ പേടിക്കേണ്ടി വരില്ലായിരുന്നു. സാമൂഹിക ബോധമുള്ള, രാഷ്ട്രീയ തീരുമാനമുള്ള, ഒരു ജനതയായി ഇന്ത്യയിലെ മുസ്ലിങ്ങള്‍ രൂപപ്പെട്ടു എന്ന തിരിച്ചറിവ് ഏറ്റവും പരസ്യമായി പ്രഖ്യാപിക്കപ്പെട്ട ഒരു സമയമായിരുന്നു പൗരത്വ നിയമത്തിനെതിരായ സമരങ്ങള്‍.കായുള്ള മാവിലെ കല്ലേറുണ്ടാവൂ എന്ന പോലെ, ഈ മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനം

കൊണ്ട് തന്നെയാണ് സംഘ പരിവാറിന് ഈ പ്രതിരോധങ്ങളെ തകര്‍ക്കണം എന്ന തീരുമാനം എടുക്കേണ്ടി വന്നത്. അതിനായി അവര്‍ തിരഞ്ഞെടുത്തത് മുസ്ലിം യുവരാഷ്ട്രീയ നേതൃത്വത്തെയാണ്. റഊഫ് ശരീഫിന്റെ അറസ്റ്റ് നല്‍കുന്ന സൂചന ഇതാണ്.

സവര്‍ണ പരമാധികാരം

കോണ്‍ഗ്രസ്സും ഇടതു പക്ഷവുമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരര്‍ത്ഥത്തിലുമുള്ള പ്രതിപക്ഷമായും പ്രവര്‍ത്തിക്കാന്‍ കഴിയാതെ പരാജയപ്പെടുന്നിടത്താണ് മുസ്ലിങ്ങള്‍ സംഘ പരിവാര്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഹിന്ദുത്വതരുടെ അതേ യുക്തിയിലാണ് ഇന്ത്യയിലെ ഇടതു വലതു പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആരാണ് മികച്ച ഹിന്ദുവെന്ന വിഷയത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത്. അരവിന്ദ് കെജരിവാളും സീതാറാം യെച്ചൂരിയും ശശി തരൂരും മോഹന്‍ ഭഗവതും തമ്മില്‍ തര്‍ക്കിക്കുന്നത് ഹിന്ദുവിന്റെ നാനാര്‍ഥങ്ങളെക്കുറിച്ചാണ്. ഹിന്ദുവിന്റെ പേരില്‍ നിലനില്‍ക്കുന്ന സവര്‍ണ പരമാധികാരം ഈ പ്രക്രിയയില്‍ സുരക്ഷിതമാണ്. നാസി മോഡല്‍ ഹിന്ദുത്വത്തിന്റെ വിജയമാണിത്.

ഇരകള്‍ മാത്രമല്ല; നിര്‍വാഹകരുമാണ്

ഇന്ത്യന്‍ ദേശ രാഷ്ട്രവുമായി ബന്ധപ്പെട്ട് കൊണ്ട് നടന്ന പഠനങ്ങള്‍ പറയുന്നത്, മുസ്ലിംകള്‍ അവകാശങ്ങളും അവസരങ്ങളും നിഷേധിക്കപ്പെടുകയും നിരന്തരമായ പീഡനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യുന്ന ഒരു സമുദായമാണ് എന്നാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥ ദലിതരുടേതിനു സമാനമോ അതിനേക്കാള്‍ താഴെയോ ആണെന്നുള്ള കണക്കുകള്‍ പുറത്തു വിട്ടു. യു എ പി എ പോലുള്ള നിയമങ്ങള്‍, ഡല്‍ഹി വംശഹത്യ പോലുള്ള സംഘ പരിവാര്‍ നടത്തുന്ന മുസ്‌ലിം ഉന്മൂലന നടപടികള്‍, പശുവിന്റെ പേര് പറഞ്ഞുള്ള സംഘ പരിവാര്‍ കൊലപാതകങ്ങള്‍ തുടങ്ങി വ്യത്യസ്തമായ പദ്ധതികളിലൂടെ മുസ്‌ലിം സമൂഹത്തിനെതിരെ പീഡന പരമ്പരകള്‍ കൊണ്ടിരിക്കുന്നു.

അങ്ങനെ ഇന്ത്യന്‍ സമൂഹത്തില്‍ ഇരകളായി കണക്കാക്കപ്പെട്ടവരാണ് മുസ്‌ലിംകളെങ്കിലും അവരെ അങ്ങനെ മാത്രം അഭിസംബോധന ചെയ്യുന്നതില്‍ ശരികേടുണ്ട്.

മുസ്‌ലിംകള്‍ ഇരകളാണ് എന്ന് ഇന്ന് എല്ലാവരും പറയുന്നുണ്ട്. കോണ്‍ഗ്രസ്സും ഇടതുപക്ഷവും അത് പറയുന്നുണ്ട്. പക്ഷെ, ഇരകളെന്ന അവസ്ഥയെക്കുറിച്ച് മാത്രം പറയുകയും മുസ്ലിംകളുടെ രാഷ്ട്രീയ സ്വയം നിര്‍ണായവകാശത്തേക്കുറിച്ച് നിശബ്ദമാവുകയും ചെയ്യുന്ന ഒരു

ആഖ്യാന രീതിയാണ് മുഖ്യ ധാര മതേതര വ്യവഹാരങ്ങള്‍ സ്വീകരിച്ചു പോന്നിട്ടുള്ളത്.

മുസ്‌ലിംകള്‍ ദൈവശാസ്ത്ര പരമായും രാഷ്ട്രീയപരമായും എതിരാളികള്‍ തന്നെയാണന്ന് സയണിസം മുതല്‍ വിചാരധാര വരെ ഉള്ള എല്ലാ വംശീയ ആശയങ്ങളും പ്രഖ്യാപിക്കുന്നുണ്ട്.

എന്നാല്‍ മുസ്‌ലിംകളുടെ വിമോചന രാഷ്ട്രീയ കര്‍ത്വത്വം അംഗീകരിക്കാതിരിക്കുക എന്ന കാര്യത്തില്‍ സംഘ പരിവാരം മുതല്‍ ഇടതുപക്ഷം വരെ ഏതാണ്ട് ഒരേ നിലപാടാണ് എന്ന് കാണാം. പുതിയ മുസ്ലിം രാഷ്ട്രീയം പറയുന്നത് , ഞങ്ങള്‍ ഇരകളാണ് എന്നു മാത്രമല്ല , മറിച്ച് ഞങ്ങള്‍ നിര്‍വാഹകരാണ്. പ്രതിരോധത്തിനും സ്വയം നിര്‍ണയത്തിനും പ്രാപ്തമായ ജന സമൂഹമാണ് എന്നു കൂടിയാണ്.

ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയം

മുസ്ലിംകളെ കേവലം ഇരകളായി മാത്രം ചിത്രീകരിക്കുകയും അവരുടെ സ്വതന്ത്ര രാഷ്ട്രീയ കര്‍തൃത്വത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നതിനെയാണ് ഇസ്ലാമോഫോബിയ എന്നു പറയുന്നത്.

ഒരു മുസ്‌ലിം വിദ്യാര്‍ഥി പ്രസ്ഥാനം ഒരു ദലിത് പെണ്‍കുട്ടി അനുഭവിച്ച നീതി നിഷേധവുമായി ബന്ധപ്പെട്ട പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യപ്പെടാന്‍ സന്നദ്ധമായപ്പോള്‍ അതിനെ പിന്തുണക്കാതിരിക്കുകയും അവര്‍ അറസ്റ്റ് വരിക്കേണ്ടി വന്നപ്പോള്‍ അതിനെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്ന നമ്മുടെ മതേതര വ്യവഹാരങ്ങള്‍ ഇസ്‌ലാമോഫോബിയയുടെ ഭാഗമല്ലേ? എന്തുകൊണ്ടാണ് മുസ്ലിംകള്‍ രാഷ്ട്രീയമായി സംഘടിക്കുന്നത് ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഒരുപോലെ പ്രശ്‌നമായി മാറുന്നത് ? ഇത് യഥാര്‍ഥത്തില്‍ മുസ്ലീംകള്‍ അശക്തരോ പിന്നാക്കക്കാരോ ആയതുകൊണ്ടു മാത്രമല്ല, മറിച്ചു മുസ്ലിംകളുടെ സാന്നിധ്യം തന്നെ ഒരു പ്രശ്‌നമാണ് എന്ന ഇസ്‌ലാമോഫോബിക് ഭാവനയില്‍ നിന്നാണ് വികസിച്ചു വരുന്നത്.

കൊളോണിയല്‍ കാലഘട്ടത്തില്‍ മുസ്‌ലിംകളെ കള്ളന്മാരെന്നും ഭ്രാന്തന്മാരെന്നും കാട്ടു മാപ്പിളമാരെന്നും വിളിച്ച് അധിക്ഷേപിച്ചാണ് ബ്രിട്ടീഷുകാര്‍ മാപ്പിള ഔട്ട്‌റേജസ് ആക്റ്റ് പോലുള്ള നിയമങ്ങള്‍ നടപ്പിലാക്കിയതെങ്കില്‍ ,ഇന്ന് മുസ്ലിമിനെ ഭീകരവാദിയെന്ന് മുദ്ര കുത്തി യു എ പി എ ചുമത്തി പീഡിപ്പിക്കുന്നുവെന്നു മാത്രം. റഊഫ് ശരീഫിനെതിരെയും മറ്റു കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയും യു. എ. പി. എ ചുമത്തിയ യു. പി ഭരണ കൂട നടപടി ഇതിന്റെ തുടര്‍ച്ച മാത്രമാണ്.

മുസ്‌ലിം സംഘാടനം

ഒരു ജനാധിപത്യ വ്യവസ്ഥയില്‍ സംഘടിക്കാന്‍ മുസ്ലിംകള്‍ക്ക് അവകാശമില്ലേ എന്ന ചോദ്യമാണ് പ്രശ്‌നത്തിന്റെ മര്‍മം. ശരിക്കും ജനാധിപത്യ വ്യവസ്ഥയുടെ നെല്ലും പതിരും പറയാന്‍ കഴിവുള്ള രാഷ്ട്രീയ സമൂഹം അവിടത്തെ ന്യൂനപക്ഷങ്ങളാണ് എന്ന് ഡോ. അംബേദ്കറിനെ പോലുള്ളവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ജനാധിപത്യ സമൂഹത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്വയം സംഘാടനം നിഷേധിക്കപ്പെടുമ്പോള്‍ അവിടെ പ്രായോഗികമായി ഭൂരിപക്ഷ വാദം ശക്തിപ്പെടുകയും ജനാധിപത്യം ഇല്ലാതാവുകയും ചെയ്യുന്നു.

ഉദാഹരണമായി, ഇന്ത്യയില്‍ യു എ പി എ പ്രകാരം നിരോധിക്കപ്പെട്ട സംഘടനകളില്‍ ഒരു ഹിന്ദുത്വ സംഘടന പോലുമില്ല. രണ്ട് മുസ്‌ലിം സംഘടനകളാണ് യു. എ. പി. എ പ്രകാരം നിരോധിക്കപ്പെട്ടത്. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള പ്രസ്ഥാനങ്ങളെ എങ്ങനെ അവസാനിപ്പിക്കാം എന്ന അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഉത്തരേന്ത്യയിലേക്ക് സംഘടന വ്യാപന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പോയ മലയാളികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ യു. പി പോലീസ് അകാരണമായി അറസ്റ്റ് ചെയ്തത് ഈയിടെയാണ്. കാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ നിരന്തരം റെയിഡ് നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ തടയിടാന്‍ ആഗ്രഹിക്കുന്നത് മുസ്ലിംകളുടെ രാഷ്ട്രീയ സംഘാടനത്തെയാണ് എന്നതാണ് വാസ്തവം. പക്ഷെ ഏതു സാഹചര്യത്തിലും ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയില്‍ സംഘടിക്കാനുള്ള എല്ലാ ജനാധിപത്യ അവകാശങ്ങളും മറ്റേതൊരു ജനസമൂഹം പോലെ തന്നെ മുസ്‌ലിംകള്‍ക്കും ഉണ്ട് എന്ന വിഷയം നാം നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കണം.

ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്നും ചെയ്തു പോന്നത് മുസ്ലിം സംഘടനകളെ തീവ്രവാദ മുദ്ര കുത്തി അവതരിപ്പിക്കുക എന്നതായിരുന്നു. എന്തായിരുന്നു സി എ എ സമരവുമായി ബന്ധപ്പെട്ടു ഇടതുപക്ഷ സംഘടനകള്‍ എടുത്ത നിലപാട്? ആ സമരത്തില്‍ ഇസ്ലാമിസ്റ്റുകള്‍ നുഴഞ്ഞു കയറി എന്ന് പറഞ്ഞവരായിരുന്നു അവര്‍ . മുസ്ലിങ്ങള്‍ ഏതെങ്കിലും അര്‍ത്ഥത്തില്‍ രാഷ്ട്രീയമായി സംഘടിച്ചാല്‍ അതെല്ലാം ജനാധിപത്യ വിരുദ്ധമാണ്, തീവ്രവാദമാണ് എന്ന നിലപാടാണ് ഇടതുപക്ഷം കൈകൊണ്ടിട്ടുള്ളത്. പൗരത്വ നിയമ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയത് മുസ്ലിങ്ങളാണ്, മുസ്ലിം സംഘടനകളാണ് എന്നത് തന്നെ അവരെ സംബന്ധിച്ചെടുത്തോളം വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്. കാരണം വിപ്ലവം നടത്താന്‍ മുസ്ലിംകള്‍ പ്രാപ്തരല്ല എന്ന മുന്‍വിധിയാണത്.

ഉദാഹരണത്തിന്, കെ. ഇ. എന്‍ ഈയിടെ എഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് ഇങ്ങനെ ആയിരുന്നു. 'വാരിയം കുന്നത്ത്: തക്ബീര്‍ മുഴക്കിയ മലയാളി ചെഗുവേര'.

ഇവരും നമ്മളെപ്പോലെ വിപ്ലവകാരികള്‍ ആവുന്നു എന്ന് പറയുന്ന ഒരു രക്ഷാകര്‍തൃ സമീപനമാണ് ഇത്. അറബ് വിപ്ലവുമായി ബന്ധപ്പെട്ടും ഇടതുപക്ഷ ചിന്തകര്‍ മുന്നോട്ട് വെച്ച ആഖ്യാനം അതായിരുന്നു. മുസ്ലിം ജനസമൂഹം എപ്പോഴും മറ്റു റഫറന്‍സുകളുടെയും ഉദാഹരണങ്ങളുടെയും അടിക്കുറിപ്പും അനുബന്ധവുമായി മാറുന്നു എന്നതാണ് പ്രശ്‌നം. യഥാര്‍ത്ഥത്തില്‍ ഇടതു പക്ഷത്തിനു ഒരിക്കലും സാധിക്കാത്ത ഒരു രാഷ്ട്രീയമാണ് പുതുമുസ്‌ലിം രാഷ്ട്രീയം മുന്നോട്ട് വെക്കുന്നത്.

ആര്‍ എസ് എസ് അജണ്ടയെ പ്രതിരോധിക്കുക

ആര്‍ എസ് എസ് മുന്നോട്ട് വെക്കുന്നത് സവര്‍ണ താല്‍പര്യം മുന്‍നിറുത്തിയുള്ള ഉന്മൂലന പ്രത്യയ ശാസ്ത്രമാണ്. ദലിതര്‍ക്കും മുസ്ലിമിനും ആദിവാസിക്കും പിന്നാക്ക ജന വിഭാഗങ്ങള്‍ക്കും ഇടമില്ലാത്ത ഒരു പുറന്തള്ളല്‍ വ്യവസ്ഥയെക്കുറിച്ചാണ് സംഘപരിവാര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്. ആര്‍ എസ് എസ് വിട്ട് അംബേദ്കര്‍ പാത സ്വീകരിച്ച ബാംവാര ബെഖവംഷി എന്ന രാജസ്ഥാനി സാമൂഹിക പ്രവര്‍ത്തകന്‍ എഴുതിയ ഒരു പുസ്തകമുണ്ട്: I Could not be Hindu: The Story of A Dalit in RSS . ആര്‍. എസ്. എസ് എന്ന നാസി സംഘടനയിലെ 'ഉന്നത ജാതി' നേതാക്കള്‍ക്ക് അയച്ച ഒരു രഹസ്യ കത്ത് ദളിതനായ അദ്ദേഹത്തിന്റെ കയ്യില്‍ ലഭിച്ചത് അതില്‍ പരാമര്‍ശിക്കുന്നുണ്ട്. ജാതി വ്യവസ്ഥ ഈ നാട്ടില്‍ നില നില്‍ക്കണമെന്നും അല്ലെങ്കില്‍ ഹിന്ദു സമൂഹം തകരുമെന്നും, ജാതി വ്യവസ്ഥ അട്ടിമറിക്കപ്പെട്ടാല്‍ ഹിന്ദു സമൂഹം ഇസ്‌ലാമിലേക്കും ക്രിസ്ത്യാനിറ്റിയിലേക്കും പോകുമെന്നും ആ കത്തില്‍ പറയുന്നു. ആര്‍ എസ് എസ് മഹാരാഷ്ട്രയിലെ സവര്‍ണരുടെ സൃഷ്ടിയായിരുന്നു. ദലിത് ബഹുജനങ്ങള്‍ തൊടുത്തുവിട്ട ജാതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് മറുപടിയായാണ് ആര്‍. എസ്. എസ് രൂപം കൊള്ളുന്നത്. മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളെ ശത്രുവാക്കി അവതരിപ്പിച്ചു കൊണ്ട് ഹിന്ദുക്കളെ സംഘടിപ്പിക്കുക എന്നതായിരുന്നു ആര്‍. എസ്. എസിന്റെ ഉദ്ദേശം. ജാതി വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ മുസ്‌ലിം എന്ന ശത്രുവിനെ നിര്‍മിക്കാന്‍ ആര്‍ എസ് എസ് തീരുമാനിക്കുകയായിരുന്നു. ഈ സവര്‍ണ അജണ്ടക്കെതിരെ ശക്തമായ പോരാട്ടം തീര്‍ക്കേണ്ടത് ഈ കാലത്തിന്റെ അനിവാര്യതയാണ്. ദലിതരും മുസ്ലിംകളും മറ്റു പിന്നാക്ക ജന സമൂഹങ്ങളും ഐക്യപ്പെട്ടു കൊണ്ടാണ് ആ പോരാട്ടം രൂപപ്പെടേണ്ടത്.

ദലിത് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂര പീഡനങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായി ഒരു മുസ്‌ലിം സംഘടന കടന്നുവരുന്നുവെന്നത് സംഘപരിവാറിനെ തീര്‍ച്ചയായും പ്രകോപിപ്പിച്ചിട്ടുണ്ട്. കാരണം അതവരുടെ അജണ്ടയെ ചെറുക്കുന്ന നീക്കമാണ്. അതു കൊണ്ട് തന്നെയാണ്

കാമ്പസ് ഫ്രണ്ട് നേതാക്കളായ റഊഫ് ശരീഫും മസൂദ് ആലവും അതീഖ് റഹ്മാനും മാധ്യമ പ്രവര്‍ത്തകന്‍ സിദീഖ് കാപ്പനും ജയിലിലടക്കപ്പെടുന്നത്.

റഊഫ് ശരീഫ് എന്ന പ്രചോദനം

മുസ്‌ലിം രാഷ്ട്രീയത്തിനു തടവറകള്‍ പുതിയ കാര്യമല്ല. അതിനാല്‍ തന്നെ ഈ സമുദായത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ കഴിയുമെന്ന സംഘപരിവാര്‍ അജണ്ട വ്യാമോഹം മാത്രമാണ്. പ്രതിസന്ധികളുടെ എത്രയോ വന്‍മതിലുകള്‍ മുറിച്ചു കടന്നവരാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍. കാരണം, മര്‍ദ്ദനത്തിനും പീഡനത്തിനും അപമാനത്തിനും എതിരായ പോരാട്ടം മുസ്‌ലിംകളുടെ വിശ്വാസ പ്രമാണവും ആത്മിയ ബോധ്യവുമാണ്. ഏതു പ്രതിസന്ധിയിലും അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് ഞങ്ങള്‍ പിന്നോട്ടില്ല എന്ന പ്രഖ്യാപനം തന്നെയാണ് റഊഫ് ശരീഫിന്റെ തടവുജീവിതം നമ്മെ പഠിപ്പിക്കുന്നത്. റഊഫ് ശരീഫില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പോരാട്ടത്തിന്റെ പുതിയ ചരിത്രം രചിക്കുക നാം.

Tags: