മദ്യാസക്തിയും പിന്‍വാങ്ങല്‍ ലക്ഷണവും

മദ്യാസക്തിയെക്കുറിച്ചും പിന്‍വാങ്ങല്‍ ലക്ഷണങ്ങളെക്കുറിച്ചും പ്രമുഖ മനശാസ്ത്രജ്ഞന്‍ ഡോ. എന്‍ കെ രഞ്ജിത്ത്, M.A(Psy), L.LB, M-Phil, PhD എഴുതുന്നു

Update: 2020-03-31 01:20 GMT

ഡോ. എന്‍ കെ രഞ്ജിത്ത്, M.A(Psy), L.LB, M-Phil, PhD

(Consultant Psychologist)

മദ്യാസക്തി രോഗത്തിന്റെ ഗൗരവവും ഭീകരതയും ഈ കൊറോണകാലത്താണ് പലരും തിരിച്ചറിയുന്നത്. മുമ്പ് മുഖം തിരിച്ച പലരും ഒരു രോഗമാണിത് എന്ന് പറയുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു. ഒരു കുട്ടി ജനിച്ചാലും വീട്ടില്‍ മരണം നടന്നാല്‍ പോലും പല വീടുകളിലും മദ്യത്തിലാണ് ചടങ്ങുകള്‍. ഇന്ത്യക്കാര്‍ ലോകത്തിലെ മുഴുക്കുടിയന്മാരുടെ മുന്‍പന്തിയിലാണെന്നാണ് പാട്യാല ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് നടത്തിയ ഗവേഷണ ഫലം വ്യക്തമാക്കുന്നത്. ഓരോ വര്‍ഷവും മദ്യപിച്ചു കാറോടിക്കുന്നവര്‍ ഉണ്ടാക്കുന്ന അപകടത്തില്‍ പെട്ട് 25,000 പേര്‍ മരിക്കുന്നു. 10 ലക്ഷം പേര്‍ക്ക് കൈകാലുകള്‍ നഷ്ടപെടുക തുടങ്ങിയ വന്‍ ദുരന്തങ്ങള്‍ സംഭവിക്കുന്നു.

കേരളത്തിന്റെ കണക്കും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. 2018ലെ ക്രൈം റെക്കോര്‍ഡ് ബ്യുറോയുടെ കണക്ക് അനുസരിച് കേരളത്തില്‍ ഒരു ദിവസം 2 പേര്‍ എന്ന നിലയില്‍ ആത്മഹത്യ നടക്കുന്നുണ്ട്. മദ്യപാനം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കാരണം ഭാര്യമാരിലും ആത്മഹത്യ നടക്കുന്നതായി പല പഠനങ്ങളും പറയുന്നു. ഇതൊക്കെ ബാറുകളും ബീവറേജുകളും തുറന്നു വെച്ച കാലത്തു തന്നെയാണ് നടന്നത് എന്ന് കൂടി ഓര്‍മിപ്പിക്കട്ടെ. അതുകൊണ്ട് ആത്മഹത്യ ബാര്‍ അടച്ചതിന്റെ പ്രത്യാഘാതം എന്നതിലുപരി മദ്യാസക്ത രോഗത്തിന്റെ പ്രതിഫലനമാണ്. മദ്യം ലഭിക്കാത്ത കാലത്ത് ആത്മഹത്യയിലേക്കും മാനസിക പ്രശ്‌നത്തിലേക്കും മദ്യം അവരെ എത്തിച്ചു എന്നതാണ് യാഥാര്‍ഥ്യം.

മദ്യാസക്തി ഒരു രോഗം

ഒരാളെ അനിയന്ത്രിതമായി കുടിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. നിയന്ത്രണം നഷ്ടപെടുന്ന അവസ്ഥ. ഇവരില്‍ ആരോഗ്യം, ജോലി, മാനസികതലം, സൗഹൃദം എന്നീ പ്രധാന ജീവിത മേഖലകളില്‍ തടസ്സങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുന്നു എന്നതാണ് രണ്ടാമത്തെ സ്വഭാവം. വല്ലപ്പോഴും മദ്യം കിട്ടാത്ത അവസ്ഥ വരുമ്പോള്‍ കൈകാല്‍ വിറയല്‍, അബോധാവസ്ഥ, പെട്ടെന്ന് ദേഷ്യപ്പെടല്‍ എന്നിവ അനുഭവപ്പെട്ടേക്കാം. ഈ അവസ്ഥയിലെത്തിയാല്‍ വ്യക്തി മദ്യത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പറ്റാത്തവനായി എന്നര്‍ത്ഥം. ഈ അവസ്ഥക്ക് കാരണം മദ്യത്തിന്റെ തുടര്‍ച്ചയായ ഉപയോഗം വ്യക്തികളില്‍ ശാരീരികവും മാനസികവും ആയ ആശ്രിതത്വം (Dependency) ഉണ്ടാക്കുന്നു എന്നതാണ്. അതുകൊണ്ടാണ് ഇതിനെ തലച്ചോറുമായി ബന്ധപ്പെട്ട രോഗം അഥവാ (Brain Disease) എന്ന് വിളിക്കുന്നത്.

ന്യുക്ലിയസ് അക്വമ്പന്‍സും മദ്യാസക്തിയും

നമ്മുടെ തലച്ചോറിലെ ന്യൂക്ലിയസ് അക്വമ്പന്‍സ് ആണ് നമ്മുടെ സന്തോഷത്തെ നിയന്ത്രിക്കുന്നത്. മദ്യം തലച്ചോറിലെത്തുമ്പോള്‍ ഈ ന്യൂക്ലിയസ് അക്വമ്പാന്‍സില്‍ ഉത്തേജനം ഉണ്ടാവുന്നു. ഈ ഉത്തേജനമാണ് അവരില്‍ സന്തോഷം ഉണ്ടാക്കുന്നത്. എന്നാല്‍ കുറച്ചു കാലങ്ങള്‍ക്ക് ശേഷം മുന്‍പുണ്ടായ അതേ തോതില്‍ ഉത്തേജനം ഉണ്ടാവാന്‍ മുന്‍പ് കഴിച്ച അളവിലുള്ള മദ്യം പോരാതെ വരുന്നു. ഈ അവസ്ഥയില്‍ മദ്യത്തിന്റെ അളവ് കൂട്ടേണ്ടി വരുന്നു. ന്യൂക്ലിയസ് അക്വമ്പന്‍സിന്റെ ഈ പ്രവര്‍ത്തനമാണ് ഒരാളെ മദ്യാസക്തരോഗിയാക്കുന്നത്.

പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍

(Withdrawal Symptom )

അമിതമായ മദ്യപിക്കുന്ന ആളുകള്‍ മദ്യം നിര്‍ത്തുന്ന സമയം അവരില്‍ ഉണ്ടാവുന്ന ചില മാനസികവും ശാരീരികവും ആയ പ്രതികരണമാണ് പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍. ഇത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ്. പലരും ഇത് മദ്യം നിര്‍ത്തിയതുകൊണ്ടാണെന്നു തെറ്റിദ്ധരിച്ചു വീണ്ടും വീണ്ടും മദ്യം കഴിക്കുന്നു.സത്യത്തില്‍ ഇത്രയും കാലം അയാള്‍ അനിയന്ത്രിതമായി കഴിച്ച മദ്യം അയാളുടെ നാഡീവ്യവസ്ഥയിലും തലച്ചോറിലും ഉണ്ടാക്കിയ ആശ്രിതത്വമാണ് ഇതിനു കാരണം. യഥാര്‍ത്ഥത്തില്‍ നമ്മുടെ നാഡീവ്യവസ്ഥയും തലച്ചോറും അത് പ്രവര്‍ത്തിക്കണമെങ്കിലും ഒരു ന്യൂറോണില്‍ നിന്നും മറ്റൊരു ന്യൂറോണിലേക്ക് ആശയവിനിമയം നടക്കണമെങ്കിലും മദ്യത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ സാധിക്കു എന്ന അവസ്ഥയിലേക്കു ശരീരം എത്തുന്നതാണ് ഇത്. ഇതിനെയാണ് ന്യൂറല്‍ അഡാപ്‌റ്റേഷന്‍ എന്ന് പറയുന്നത്. ഈ അവസ്ഥയില്‍ മദ്യം ഇല്ലാതെ തന്നെ ശരീരം പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് ന്യൂറോണുകളെയും തലച്ചോറിനെയും റീകണ്ടീഷന്‍ ചെയ്യുകയാണ് വേണ്ടത്. വീണ്ടും വീണ്ടും മദ്യം കൊടുത്തുകൊണ്ടിരിക്കുക എന്നാല്‍ അയാള്‍ ഇതില്‍ നിന്നും രക്ഷപെടാനുള്ള സാധ്യതകള്‍ ഇല്ലാതാവുക എന്നത് തന്നെയാണ്. എന്നാല്‍ ഈ അപകടകരമായ ഘട്ടത്തെ ചില മരുന്നുകളുടെ സഹായത്തോടെ പിന്‍വാങ്ങല്‍ ലക്ഷണം കുറയ്ക്കുകയാണ് വേണ്ടത്.ഇതിനെയാണ് withdrawal treatment എന്ന് പറയുന്നത്. താഴെ പറയുന്നവയാണ് പ്രധാന പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍.

പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍

* ഉത്കണ്ഠ

* ഉറക്കക്കുറവ്

* ദേഷ്യം

* അടങ്ങിയിരിക്കാത്ത പ്രകൃതം

* അക്രമ സ്വഭാവം

* കൈ വിറയല്‍

* നാവ് വഴങ്ങാത്ത മൂലം അവ്യക്തമായ സംസാരം

* ശരീരം വിയര്‍ക്കല്‍

* ഛര്‍ദി

* വിശപ്പില്ലായ്മ

* അതിസാരം

* നെഞ്ചുവേദന

* ഇല്ലാത്ത വസ്തുക്കളെയും കാണുകയും ഇല്ലാത്ത ശബ്ദം കേള്‍ക്കുകയും ചെയ്യല്‍ (Hallucination )

* ഉന്മത്ത അവസ്ഥ

* രക്ത സമ്മര്‍ദ്ദം

* ഓര്‍മക്കുറവ്

* സ്ഥലകാലബോധം നഷ്ടപ്പെടുക

* ആത്മഹത്യാ ചിന്തയും പ്രവണതയും

*ചിലഅപൂര്‍വഘട്ടത്തില്‍അപസ്മാരവും കാണപ്പെടുന്നു

*ഡെലീറിയം ട്രെമര്‍ (ശ്വാസതടസ്സവും ഹൃദയ തടസ്സവും വരെ ഉണ്ടാക്കുന്ന ഒന്നാണിത്).

ആര് മുന്‍കൈ എടുക്കണം?

മറ്റു രോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മദ്യാസക്ത രോഗിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയാണ് രോഗം ബാധിക്കുന്നത്. ഇത് യുക്തിപരമായ ചിന്തയേയും പ്രശ്‌നപരിഹാരത്തിനുള്ള കഴിവിനെയും ഓര്‍മശക്തിയേയും തടസ്സപ്പെടുത്തുന്നു. തന്മൂലം തന്റെ രോഗം തന്നിലും മറ്റുള്ളവരിലും ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ തിരിച്ചറിയുക എന്നത് തന്നെ ഇവര്‍ക്കു പ്രയാസമായിരിക്കും.തലച്ചോറിനെ ബാധിക്കുന്നതിനാല്‍ യുക്തിപരമായ തീരുമാനം എടുക്കാന്‍ പോലും ഇവരില്‍ പലര്‍ക്കും സാധിക്കുകയില്ല. അതുകൊണ്ടു പ്രേശ്‌നത്തില്‍ പെടാത്ത ഇത്തരം രോഗികളുടെ ഭാര്യമാരോ മക്കളോ രക്ഷിതാക്കളോ മറ്റു കുടുംബാംഗങ്ങളോ അടുത്ത സുഹൃത്തുക്കളോ ആണ് ഉചിതമായ തീരുമാനമെടുത്തു ഇവരെ രക്ഷപെടുത്താന്‍ ശ്രമിക്കേണ്ടത്. നേരത്തെയുള്ള ചികിത്സയിലൂടെ ഇതുമൂലമുള്ള പ്രത്യാഘാതം കുറക്കാനും നേരത്തെയുള്ള രോഗശമനം ഉറപ്പുവരുത്താനും കഴിയും. ഇതിനാവശ്യമായ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ബന്ധപ്പെട്ട വകുപ്പുകളും സര്‍ക്കാരും ചെയ്യേണ്ടത്. ചികിത്സ തന്നെയാണ് പ്രധാനം. ഈ കൊറോണ കാലത്തും നാം ഇവര്‍ക്കു മദ്യം എങ്ങിനെ എത്തിക്കാം എന്ന ചര്‍ച്ചയിലാണ് ഏര്‍പ്പെടുന്നത്. അത് ഓണ്‍ലൈന്‍ വേണോ നേരിട്ട് വേണോ കൊറിയര്‍ വേണോ റേഷന്‍ വേണോ എന്നതൊക്കെയാണ് പ്രധാന ചര്‍ച്ച എന്നത് തന്നെയാണ് ഈ വിഷയത്തില്‍ ഉള്ള നമ്മുടെ ധാരണ വ്യക്തമാക്കുന്നത്. മദ്യം കുറച്ചു കൊടുത്തു കുറച്ചു കൊണ്ട് വരിക എന്നത് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്ന രീതിയായിരുന്നു. ചികിത്സ അവിടെ നിന്നും പുരോഗമിച്ചു എന്നതാണ് വസ്തുത.ഈ രോഗം ഇത്രയേറെ ഭീകരമാണ് എന്ന ഒരു വസ്തുത തന്നെയാണ് ഈ കൊറോണക്കാലം നമുക്ക് തരുന്നത്. ഇനിയെങ്കിലും വസ്തുതകള്‍ അംഗീകരിച്ചുള്ള പദ്ധതികളാണ് സര്‍ക്കാരും വ്യക്തികളും ആവിഷ്‌കരിക്കേണ്ടത്.

ഡോ. എന്‍ കെ രഞ്ജിത്ത്

ചമാങ്,

പാണമ്പ്ര പി ഒ

മലപ്പുറം ജില്ല,

Mob: 9846 897015 

Tags: