ജനം വിവരങ്ങൾ അറിയുന്നത് നിയന്ത്രിക്കാൻ ഒരുങ്ങി മോദി സർക്കാർ

തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിഘാതമാവുന്ന രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളെ മുഴുവന്‍ വരുതിയിലാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ കുടില തന്ത്രം ഒടുവില്‍ വിവരാവകാശ കമ്മീഷന് നേരെയും.

Update: 2019-07-20 12:45 GMT

തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിഘാതമാവുന്ന രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളെ മുഴുവന്‍ വരുതിയിലാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ കുടില തന്ത്രം ഒടുവില്‍ വിവരാവകാശ കമ്മീഷന് നേരെയും. ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ഒരു പരിധിവരെ ഭരണസംവിധാനത്തെ സുതാര്യമാക്കുകയും ചെയ്തിരുന്ന വിവരാവകാശ നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന് ശക്തമായ നിയന്ത്രണം സാധ്യമാക്കുന്ന വിവരാവകാശ ഭേദഗതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസ്, ത്രിണമൂല്‍, എഐഎംഐഎം അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ബില്ല് സഭയുടെ മേശപ്പുറത്ത് വച്ചത്.

Full View

കേന്ദ്ര വിവരാവകാശ കമ്മീഷന്റെയും സംസ്ഥാന വിവരാകാശ കമ്മീഷന്റെയും കമ്മീഷണര്‍മാരുടെ കാലാവധി, വേതനം, ആനുകൂല്യങ്ങള്‍, മറ്റ് സേവന വ്യവസ്ഥകള്‍ എന്നിവ തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് വിവരാവകാശ(ഭേദഗതി) ബില്ല് 2019. വിവരാവകാശ കമ്മീഷന്റെ സ്വതന്ത്ര പ്രവര്‍ത്തനം തടയുന്ന ഈ ബില്ല് സ്ഥാപനത്തെ തികച്ചും ദുര്‍ബലമാക്കുമെന്ന് പ്രതിപക്ഷ അംഗങ്ങളും പൗരാവകാശ പ്രവര്‍ത്തകരും ആരോപിക്കുന്നു.

കേന്ദ്രം കൊണ്ടുവരുന്ന ഭേദഗതി തികച്ചും അപകടകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. വിവരങ്ങള്‍ അറിയാനുള്ള ജനാധിപത്യപരമായ അവകാശത്തിന്‍മേലാണ് അവര്‍ കത്തിവയ്ക്കാന്‍ ശ്രമിക്കുന്നത്. ബില്ലിന്റെ കോപ്പി രണ്ട് ദിവസം മുമ്പ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. വിവരാവകാശ കമ്മീഷന്റെ അധികാരത്തില്‍ വെള്ളം ചേര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് അംഗം പ്രൊഫ സൗഗത റോയ് പറഞ്ഞു. 17ാം ലോക്‌സഭയില്‍ പാസാക്കിയ 11 ബില്ലുകളില്‍ ഒന്നു പോലും സ്റ്റാന്റിങ് കമ്മിറ്റിയുടെ നിയപരമായ പരിശോധനയ്ക്കു വിട്ടിട്ടില്ലെന്ന് സൗഗത റോയ് ചൂണ്ടിക്കാട്ടി. ഇത് ആര്‍ടിഐ ഭേദഗതി ബില്ല് അല്ല, ആര്‍ടിഐയെ ഇല്ലാതാക്കുന്ന ബില്ലാണെന്നാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിശേഷിപ്പിച്ചത്.

വിവരാവകാശ കമ്മീഷണര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷന് തുല്യമായി കണക്കാക്കുന്നത് ശരിയല്ലെന്നാണ് ഭേദഗതിക്കുള്ള സര്‍ക്കാര്‍ ന്യായം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാ സ്ഥാപനവും വിവരാവകാശ കമ്മീഷന്‍ ആര്‍ടിഐ നിമയത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ചതുമാണ്. അതു കൊണ്ട് തന്നെ രണ്ട് കമ്മീഷനുകളുടെയും അധികാര പദവിയും സേവന വ്യവസ്ഥകളും അതിനനുസരിച്ച് നിശ്ചയിക്കേണ്ടതുണ്ടെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.

നിലവിലുള്ള ആര്‍ടിഐ നിയമപ്രകാരം അഞ്ച് വര്‍ഷമാണ് വിവരാവകാശ കമ്മീഷണറുടെ കാലാവധി. പ്രായം 65 വയസ്സില്‍ കവിയരുതെന്നും നിയമം നിര്‍ദേശിക്കുന്നു. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ മേധാവിയുടെ ശമ്പളം, ആനുകൂല്യങ്ങള്‍, മറ്റു സേവന വ്യവസ്ഥകള്‍ എന്നിവ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടേതിന് സമാനമാണ്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ ശമ്പളമാവട്ടെ സുപ്രിം കോടതി ജഡ്ജിയുടെ ശമ്പളത്തിന് തുല്യവുമാണ്. ഈ വ്യവസ്ഥകള്‍ മുഴുവന്‍ ഇനി കേന്ദ്രം തീരുമാനിക്കുമെന്നാണ് പുതിയ ഭേദഗതിയില്‍ പറയുന്നത്.

വിവരവകാശ കമ്മീഷണര്‍മാരുടെ ശമ്പളവും കാലാവധിയും കേന്ദ്രം തീരുമാനിക്കുന്നത് അതിന്റെ സ്വയംഭരണ സ്വഭാവത്തെ തകര്‍ക്കുമെന്ന് ആര്‍ടിഐ ആക്ടിവിസ്റ്റ് അന്‍ജലി ഭരദ്വാജ് ചൂണ്ടിക്കാട്ടി. പൗരന്മാര്‍ അറിയേണ്ടതായ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിടുന്നതിന് ഇത് തടസ്സമാവും. പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാതെ വളരെ രഹസ്യമാക്കി വച്ചാണ് ബില്ല് സഭയില്‍ കൊണ്ടുവന്നിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍, ലോക്പാല്‍ പോലുള്ള സ്വതന്ത്ര സ്റ്റാറ്റിയൂട്ടറി സംവിധാനങ്ങള്‍ക്ക് ഉയര്‍ന്ന പദവിയും സുരക്ഷിതമായ സേവന കാലാവധിയും നല്‍കുന്നത് സാധാരണമാണ്. അതുകൊണ്ടാണ് വിശദമായ പരിശോധനയ്ക്കു ശേഷം വിവരാവകാശ കമ്മീഷന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പദവി നല്‍കണമെന്ന് പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വിവരാവകാശ ഭേദഗതി ബില്ല് ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്ന് എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസി വാദിച്ചു. ബില്ലിന് കാര്യക്ഷമതയില്ല. ഇത് സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണെന്നും ഉവൈസി ആരോപിച്ചു. ബില്ല് സഭയില്‍ വയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കം മുറുകവേ ഇക്കാര്യത്തില്‍ വോട്ടെടുപ്പ് വേണമെന്ന് അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു. എന്നാല്‍, ബില്ലിനെതിരേ ശക്തമായ വാദമുന്നയിച്ച കോണ്‍ഗ്രസും ത്രിണമൂലും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോവുകയായിരുന്നു. ബില്ല് പാസാക്കാനായി സഭയില്‍ വയ്ക്കുമ്പോള്‍ വിശദമായ ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും കമ്മീഷനുകളുടെ നിയന്ത്രണം കേന്ദ്രത്തിന്റെ കൈയില്‍ വരുന്നതോടെ കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിക്കുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ വിവരാവകാശ കമ്മീഷണര്‍മാര്‍ മടിക്കുമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഭയക്കുന്നത്. പഞ്ചവല്‍സര പദ്ധതിയെ കൊന്ന് ആസൂത്രണ കമീഷനെ ഇല്ലാതാക്കി. ന്യൂനപക്ഷ കമ്മീഷന്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍, മനുഷ്യാവകാശ കമീഷന്‍ എല്ലാത്തിനെയും നോക്കുകുത്തികളാക്കി. ഒടുവില്‍, എന്ത് നടക്കുന്നുവെന്ന് അറിയാനുള്ള ജനങ്ങളുടെ അവകാശം പോലും അനുവദിക്കാതെ രാജ്യം നടന്നുനീങ്ങുന്നത് സമ്പൂര്‍ണ ഏകാധിപത്യത്തിലേക്കാണ്.  

Tags: