Full View
ഇന്‍ഡോര്‍: നബിദിനം പ്രമാണിച്ച് കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിക്കുന്നതിനിടെ മുസ് ലിം സ്ത്രീകളെ ഹിന്ദുത്വര്‍ ആക്രമിച്ചു. മധ്യപ്രദേശ് ഇന്‍ഡോറിലെ ഗരീബ് നവാസ് കോളനിയിലാണ് സംഭവം. സ്ത്രീകളെ മര്‍ദ്ദിക്കുന്നതിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവമെന്ന് ദി ഒബ്‌സര്‍വര്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. മീലാദുന്നബിയുടെ ഭാഗമായി ഗരീബ് നവാസ് കോളനിയില്‍ മുസ് ലിം യുവാക്കള്‍ കൊടി തോരണങ്ങള്‍ കെട്ടി അലങ്കരിച്ചിരുന്നു. ഇതിനെ ഹിന്ദുത്വര്‍ എതിര്‍ത്തതോടെയാണ് സംഘര്‍ഷാവസ്ഥ തുടങ്ങിയത്. കൊടിതോരണങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ പ്രദേശത്തെ വീടുകളില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ഇതോടെ സ്ത്രീകളെയും നടുറോഡില്‍ മര്‍ദ്ദിക്കുകയായിരുന്നു. നൂറുകണക്കിന് പേരുടെ മുന്നില്‍വച്ചാണ് സ്ത്രീകളെ ഉള്‍പ്പെടെ മര്‍ദ്ദിക്കുന്നതെന്ന് ദൃശ്യത്തില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് സംഘം ഇരുകൂട്ടരെയും പിന്തിരിപ്പിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതായി പോലിസ് അറിയിച്ചു.