വൈറലാവുന്ന സന്ദേശങ്ങള്‍ അയച്ചത് ആരെന്ന് കണ്ടെത്താന്‍ വാട്ട്‌സാപ്പ് സംവിധാനമുണ്ടാക്കണമെന്ന് സര്‍ക്കാര്‍

Update: 2018-09-21 07:15 GMT


ന്യൂഡല്‍ഹി: വാട്ട്‌സാപ്പില്‍ പടരുന്ന സന്ദേശങ്ങളുടെ യഥാര്‍ത്ഥ ഉറവിടും കണ്ടെത്താനുള്ള സംവിധാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം വാട്ട്‌സാപ്പിന് മൂന്നാമത്തെ നോട്ടീസയക്കാനൊരുങ്ങുന്നു. ഇത്തരത്തിലുള്ള നീക്കം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്്ഷനെ ബാധിക്കുമെന്ന് അമേരിക്കന്‍ കമ്പനിയായ വാട്ട്‌സാപ്പ് നേരത്തെ അറിയിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും ആവശ്യമുന്നയിച്ച് 10 ദിവസത്തിനകം വാട്ട്‌സാപ്പിന് നോട്ടീസ് അയക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്്ഷനില്‍ വിട്ടുവീഴ്ചയില്ലാതെ തന്നെ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം ഒരുക്കാന്‍ സാധിക്കുമെന്നാണ് ഐടി മന്ത്രാലയം കരുതുന്നത്.

ഓരോ സന്ദേശങ്ങളുടെയും ഉള്ളടക്കം കാണണമെന്നല്ല ഉദ്ദേശിക്കുന്നതെന്നും സന്ദേശമയക്കുന്ന ആളെക്കുറിച്ചുള്ള വ്യക്തതയാണ് ആവശ്യപ്പെടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു പരിധിയിലധികം ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള സംവിധാനമാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.

വാട്ട്‌സാപ്പില്‍ പടരുന്ന വ്യാജ വാര്‍ത്തകളെ തുടര്‍ന്ന് കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള അക്രമ സംഭവങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അത്തരം പ്രകോപന സന്ദേശങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ആവശ്യമുയര്‍ന്നിരിക്കുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് വാട്ട്‌സാപ്പിന് നേരത്തേ കേന്ദ്രം രണ്ട് നോട്ടീസുകള്‍ അയച്ചിരുന്നു. നിശ്ശബ്ദ കാഴ്ച്ചകാരായി നോക്കി നിന്നാല്‍ വാട്ട്‌സാപ്പ് നിയമ നടപടി നേരിടേണ്ടി വരുമെന്ന് രണ്ടാമത്തെ നോട്ടീസില്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ നിയമവ്യവസ്ഥ ബാധകമാവുന്ന രീതിയില്‍ വാട്ട്‌സാപ്പ് പ്രാദേശിക ഓഫിസും പരാതി കേള്‍ക്കാനുള്ള ഓഫിസറെയും നിയമിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള സംവിധാനമൊരുക്കണമെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യം വാട്ട്‌സാപ്പ് തള്ളിക്കളയുകയായിരുന്നു. ഇത് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്്ഷനെ ബാധിക്കുമെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാവുമെന്നുമാണ് വാട്ട്‌സാപ്പിന്റെ നിലപാട്.
Tags:    

Similar News