ക്രിമിനല്‍ കേസില്‍പ്പെട്ടവര്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കേണ്ടത് പാര്‍ലമെന്റെന്ന് സുപ്രിം കോടതി

Update: 2018-09-25 05:46 GMT


ന്യൂഡല്‍ഹി: പുതിയ നിയമം കൊണ്ട് വന്ന് ക്രിമിനലുകളെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ട ചുമതല പാര്‍ലമെന്റിന്റേതാണെന്ന് സുപ്രിം കോടതി. ക്രിമിനല്‍ കേസ് അഭിമുഖീകരിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് തടയുകയോ കുറ്റംചുമത്തപ്പെട്ട ശേഷം അയോഗ്യരാക്കുകയോ ചെയ്യണമെന്ന ഹരജിയില്‍ വിധി പറയുകയായിരുന്നു സുപ്രിംകോടതി.

ക്രിമിനല്‍ കേസില്‍ കുറ്റപത്രം നല്‍കപ്പെട്ട സ്ഥാനാര്‍ഥികളെ ആയോഗ്യരാക്കേണ്ടത് സുപ്രിം കോടതിയല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവില്‍ വ്യക്തമാക്കി. ജനപ്രാനിധ്യ നിയമത്തില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കാന്‍ കോടതിക്കാവില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് വരുന്നില്ലെന്നും ജനപ്രതിനിധികളാവുന്നില്ലെന്നും ഉറപ്പ് വരുത്താന്‍ പാര്‍ലമെന്റ് നിയമം കൊണ്ടു വരണമെന്ന് കോടതി വ്യക്തമാക്കി.

രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം തടയുന്നതിന് കേസുകളില്‍ ശിക്ഷിക്കപ്പെടും മുമ്പ് തന്നെ സ്ഥാനാര്‍ഥികളെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട നല്‍കിയി ഹരജിയിലാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

രാഷ്ട്രീയത്തിലെ ക്രിമനല്‍വല്‍ക്കരണം വളരെ ഗുരുതരമാണെന്നു കോടതി നിരീക്ഷിച്ചു. വോട്ടര്‍മാര്‍ക്ക് കൃത്യമായ ധാരണ കിട്ടുന്നതിന് വേണ്ടി, മല്‍സരിക്കുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം രാഷ്ട്രീയ പാര്‍ട്ടികള്‍ വെളിപ്പെടുത്തണമെന്ന് നിര്‍ദേശിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

സര്‍ക്കാരേതര സംഘടനയായ പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷന്‍, ഡല്‍ഹി ബിജെപി നേതാവ് അശ്വിനി കുമാര്‍ എന്നിവര്‍ നല്‍കിയ ഹരജി പരിഗണിച്ച ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരും ഉള്‍പ്പെടുന്നു.

കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദം കേള്‍ക്കലിനിടെ ഹരജിയെ എതിര്‍ത്തു. കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഇന്ത്യന്‍ നിയമം പ്രതിയെ നിരപരാധിയായാണ് പരിഗണിക്കുന്നതെന്നും ജുഡീഷ്യറിക്ക് നിയമം നിര്‍മിക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു.
Tags:    

Similar News