ഇന്ത്യക്കെതിരായ ഏകദിന,ട്വന്റി20 പരമ്പര;ഗെയിലില്ലാതെ വിന്‍ഡീസ്

Update: 2018-10-08 17:13 GMT


ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമുള്ള അഞ്ച് മല്‍സര ഏകദിന പരമ്പരയ്ക്കും മൂന്ന് മല്‍സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയ്ക്കുമുള്ള ടീമുകളെയാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ട്വന്റി20യില്‍ ഡാരന്‍ ബ്രാവോ, എവിന്‍ ലെവിസ്, കീറണ്‍ പൊള്ളാര്‍ഡ്, ദിനേഷ് രാംദിന്‍, ആന്ദ്രെ റസല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ അണി നിരക്കുമ്പോള്‍ മികച്ച താരങ്ങളുടെ അഭാവമാണ് ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന ഏകദിന ടീമിലുള്ളത്. കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റാണ് ട്വന്റി20 ടീമിനെ നയിക്കുന്നത്.
നായകന്‍ ജേസണ്‍ ഹോള്‍ഡറിന് പുറമേ, ദേവേന്ദ്ര ബിഷു, എവിന്‍ ലെവിസ്, കെമര്‍ റോച്ച്, മര്‍ലോണ്‍ സാമുവല്‍സ് എന്നിവരാണ് ഏകദിന ടീമിലെ പ്രധാനികള്‍.അതേസമയം വിന്‍ഡീസ് സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയില്‍, സുനില്‍ നരൈന്‍, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ക്ക് രണ്ട് ടീമുകളിലും ഇടം പിടിക്കാനായില്ല. സൂപ്പര്‍ താരങ്ങളുടെ വെടിക്കെട്ട് കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഇത് നിരാശയാണ് നല്‍കുന്നത്.
21ന് തുടങ്ങുന്ന ഏകദിന പരമ്പരയില്‍ 5 മല്‍സരങ്ങളാണുള്ളത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയമാണ് പരമ്പരയിലെ അവസാന ഏകദിനത്തിന് വേദിയാകുന്നത്.
Tags: