സെര്‍ച്ച് എന്‍ജിനുകളിലെ ജനപ്രിയ സേവനം.... 'ഗൂഗിള്‍ ട്രെന്‍ഡ്‌സി'ന് 15 വയസ്

2006 മെയ് മാസത്തിലാണ് സേവനമാരംഭിച്ചതെങ്കിലും 2004 മുതലുള്ള തിരച്ചില്‍ വിവരങ്ങള്‍ ട്രെന്‍ഡ്‌സില്‍ ലഭ്യമാണ്. വിവിധ വിഷയങ്ങളിലെ, വിവിധ മേഖലകളിലെ, വിവിധ കാലങ്ങളിലെ തിരച്ചില്‍ പ്രവണത സംബന്ധിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്തി തങ്ങള്‍ക്കനുകൂലമായ ബിസിനസ് തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ ബിസിനസ് ലോകത്തിന് ഈ സേവനം പ്രയോജനം ചെയ്തു.

Update: 2021-05-23 15:37 GMT

സെര്‍ച്ച് എന്‍ജിനുകളില്‍ ഗൂഗിളിനുള്ള പ്രാധാന്യം എത്രമാത്രമാണുള്ളതെന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ. ഇന്റര്‍നെറ്റ് തിരച്ചില്‍, വെബ് അധിഷ്ഠിത സേവനം, വെബ്‌സൈറ്റ് പരസ്യം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയാണ് ഗൂഗിള്‍, ഉപഭോക്താക്കള്‍ക്ക് സഹായകരമായ അനവധി സേവനങ്ങളാണ് അവതരിപ്പിച്ചിട്ടുമുണ്ട്. അറിവുകള്‍ ശേഖരിച്ച് സാര്‍വദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചില്‍ ഉപകരണങ്ങളിലൂടെ 20 കോടിയില്‍പ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെര്‍ച്ച് എന്‍ജിന്‍ മാത്രമായി തുടക്കം കുറിച്ച ഗൂഗിളില്‍ ഇപ്പോള്‍ ചിത്രങ്ങള്‍, വാര്‍ത്തകള്‍, വീഡിയോ, മാപ്പുകള്‍, ഓണ്‍ലൈന്‍ വ്യാപാരം, ഓണ്‍ലൈന്‍ സംവാദം എന്നിങ്ങനെ ഇന്റര്‍നെറ്റിന്റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്.

2005 തുടക്കമായപ്പോഴേക്കും 800 കോടിയോളം വെബ് പേജുകളും നൂറുകോടിയോളം വെബ്ചിത്രങ്ങളും ഗൂഗിള്‍ തിരച്ചിലുകള്‍ക്കായി ക്രമപ്പെടുത്തിയിരുന്നു. സെര്‍ച്ച് എന്‍ജിനുകളില്‍ ഏറ്റവും ജനപ്രീതി നേടിയ ഗൂഗിളിലെ തിരയല്‍ പ്രവണതകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ 2006 മെയ് മാസത്തില്‍ ഗൂഗിള്‍ തുടങ്ങിയ സേവനമാണ് ഗൂഗിള്‍ ട്രെന്‍ഡ്‌സ്. സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ (എസ്ഇഒ) വിദഗ്ധര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളിലൊന്നാണ് ഗൂഗിള്‍ ട്രെന്‍ഡുകള്‍ എന്നതില്‍ തര്‍ക്കമില്ല. ബിസിനസ് ലോകത്ത് ഏറ്റവും മൂല്യമുള്ള വിവരങ്ങളിലൊന്നാണിത്. ഈ വര്‍ഷം 15ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഗൂഗിള്‍ ട്രെന്‍ഡ്‌സ്. നിശ്ചിത കാലയളവുകളില്‍ ലോകത്തെ വിവിധ മേഖലകളിലുള്ള ആളുകളുടെ ഗൂഗിളിലെ തിരയല്‍ പ്രവണതകളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നല്‍കുന്ന ഈ സേവനം ബിസിനസ് ലോകത്ത് വലിയ സാധ്യതകള്‍ക്കാണ് വഴിമരുന്നിട്ടത്.

കാലക്രമേണ വ്യത്യസ്ത ചോദ്യങ്ങളുടെ തിരയല്‍ അളവ് താരതമ്യം ചെയ്യാന്‍ വെബ്‌സൈറ്റ് ഗ്രാഫുകള്‍ ഉപയോഗിച്ചുവരുന്നു. 2006 മെയ് മാസത്തിലാണ് സേവനമാരംഭിച്ചതെങ്കിലും 2004 മുതലുള്ള തിരച്ചില്‍ വിവരങ്ങള്‍ ട്രെന്‍ഡ്‌സില്‍ ലഭ്യമാണ്. വിവിധ വിഷയങ്ങളിലെ, വിവിധ മേഖലകളിലെ, വിവിധ കാലങ്ങളിലെ തിരച്ചില്‍ പ്രവണത സംബന്ധിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്തി തങ്ങള്‍ക്കനുകൂലമായ ബിസിനസ് തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ ബിസിനസ് ലോകത്തിന് ഈ സേവനം പ്രയോജനം ചെയ്തു. ഇതുതന്നെയായിരുന്നു ഗൂഗിളിന്റെ ഉദ്ദേശ്യവും. ഒരു നിശ്ചിത കാലയളവില്‍ ഗൂഗിളില്‍ നടക്കുന്ന ആകെ തിരയലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു പ്രത്യേക പദം (Key word) എത്രതവണ ഗൂഗിളില്‍ തിരയപ്പെട്ടിട്ടുണ്ടെന്ന കണക്കുകളാണ് ഗൂഗിള്‍ ട്രെന്‍ഡ്‌സ് വഴി ഉപയോക്താവിന് ലഭിക്കുന്നത്.

സമയത്തെയും സ്ഥലത്തെയും മുന്‍നിര്‍ത്തി സെര്‍ച്ച് വിവരങ്ങളെ ക്രമാനുസരണമാക്കുന്നതിലൂടെയാണ് ട്രെന്‍ഡ്‌സ് ഡാറ്റ രൂപപ്പെടുത്തുന്നത്. രണ്ട് പദങ്ങള്‍ തമ്മിലുള്ള താരതമ്യം ഇത് എളുപ്പമാക്കുന്നു. ഗൂഗിളിലെ മൊത്തം തിരയല്‍ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ട്രെന്‍ഡ്‌സ് ഡാറ്റ രൂപപ്പെടുത്തുന്നതെങ്കിലും ഓട്ടോമേറ്റഡ് സെര്‍ച്ച് പോലെയുള്ള കാര്യങ്ങള്‍ ഗൂഗിളിന് ഇക്കാര്യത്തില്‍ തടസ്സമാവുന്നുണ്ട്. ഇത്തരം കാര്യങ്ങളും സെര്‍ച്ചിലെ തനി പകര്‍പ്പുകളും വളരെക്കുറച്ച് ആളുകള്‍ മാത്രം തിരയുന്ന വിവരങ്ങളും മറ്റും ഒഴിവാക്കി ട്രെന്‍ഡ്‌സ് ഡാറ്റയോടെ പരമാവധി നീതി പുലര്‍ത്താന്‍ ഗൂഗിള്‍ ശ്രമിക്കുന്നുണ്ട്.

ഒരുസ്ഥലത്തെ ഒരു നിശ്ചിത കാലയളവിലെ മൊത്തം തിരയല്‍ അളവിനെ അടിസ്ഥാനപ്പെടുത്തി നാം നല്‍കുന്ന പദം/ പദങ്ങള്‍ ആ കാലയളവില്‍ അതേ സ്ഥലത്ത് എത്ര കണ്ട് തിരയപ്പെട്ടെന്ന ആപേക്ഷിക വിവരമാണ് ട്രെന്‍ഡ്‌സ് നല്‍കുന്നത്. എളുപ്പത്തിനായി ഈ അളവുകളെ 0 മുതല്‍ 100 വരെയുള്ള ഒരു മാനകത്തിലേക്ക് മാറ്റിയാണ് നല്‍കുന്നത്. ഒരേ തിരയല്‍ താത്പര്യം പ്രദര്‍ശിപ്പിക്കുന്ന വ്യത്യസ്തമേഖലകളിലെ യഥാര്‍ഥ തിരയല്‍ വ്യാപ്തം തുല്യമായിരിക്കില്ലെന്ന ഒരു ന്യൂനത ഇവിടെയുണ്ട്. യഥാര്‍ഥത്തില്‍ നടന്നിട്ടുള്ള തിരച്ചിലുകളുടെ എണ്ണം രണ്ട് സ്ഥലങ്ങളിലേയും വ്യത്യസ്തമാവാം. ആളുകളില്‍ വന്നിരിക്കുന്ന അഭിരുചി മാറ്റങ്ങള്‍ പോലും ഗൂഗിള്‍ ട്രെന്‍ഡ്‌സ് വഴി നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

മെയ് 2006 ഇല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ പുസ്തകങ്ങള്‍ ഡാവിഞ്ചി കോഡ്, ഹാരി പോട്ടര്‍ എന്നിവയായിരുന്നു. എന്നാല്‍, 2021 ഇല്‍ അത് ദി ഹാന്‍ഡ്‌മെയിഡ്‌സ് ടെയില്‍, ഗെയിം ഓഫ് ത്രോണ്‍സ് ആണ്. ഗൂഗിള്‍ ട്രെന്‍ഡ്‌സ് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയ അഞ്ചുരാജ്യങ്ങളാണ് ബെല്‍ജിയം, സൗത്ത് കൊറിയ, മൊറോക്കോ, ഇസ്രായേല്‍, ഇന്തോനീസ്യ. ഇന്ത്യയ്ക്കു 19ാം സ്ഥാനമാണ്. പാകിസ്താന്‍ പത്താം സ്ഥാനത്തുണ്ട്. ദേശീയതലത്തില്‍ നോക്കുമ്പോള്‍ സംസ്ഥാനങ്ങളില്‍ കേരളമാണ് ഗൂഗിള്‍ ട്രെന്‍ഡ്‌സ് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. തിരുവന്തപുരവും കൊച്ചിയുമാണ് ഇതില്‍ മുന്നില്‍. ടെക്‌നോപാര്‍ക്കിന്റെയും ഇന്‍ഫോപാര്‍ക്കിന്റെയും സ്വാധീനമാണ് ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്.

Tags:    

Similar News