ടോംഗ അഗ്‌നിപര്‍വത സ്‌ഫോടനം നൂറുകണക്കിന് ഹിരോഷിമകള്‍ക്ക് തുല്യം; നാസ പറയുന്നത്...

Update: 2022-01-24 09:51 GMT

വെല്ലിങ്ടണ്‍: അഗ്‌നിപര്‍വത സ്‌ഫോടനവും പിന്നാലെ സുനാമിത്തിരയും നേരിട്ട തെക്കന്‍ പസഫിക് ദ്വീപ് രാജ്യമായ ടോംഗയില്‍നിന്നുള്ള വാര്‍ത്തകള്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്. പുറംലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ട് കഴിയുകയാണ് ടോംഗ. ടോംഗയിലെ ഫോനുവഫോ ദ്വീപില്‍നിന്ന് 30 കിലോമീറ്റര്‍ തെക്ക് കിഴക്കായുള്ള 'ഹംഗ ടോംഗ ഹംഗ ഹാപായി ' എന്ന സജീവ അഗ്‌നിപര്‍വതത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ശക്തമായ സ്‌ഫോടനമുണ്ടായത്. പിന്നാലെ നാലടിയോളം ഉയരത്തിലുള്ള സുനാമിത്തിരകള്‍ ടോംഗയുടെ തീരത്ത് ആഞ്ഞടിക്കുകയായിരുന്നു.

മൂന്ന് മരണങ്ങള്‍ സ്ഥിരീകരിച്ചു. ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായതോടെ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് നിര്‍ണയിക്കാനായിട്ടില്ല. ഭീമന്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങളും കൂറ്റന്‍ തിരമാലകള്‍ ടോംഗയിലെ തീരപ്രദേശങ്ങളില്‍ ആഞ്ഞടിക്കുന്നതും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. അഗ്‌നിപര്‍വതത്തില്‍നിന്നുള്ള പുകയും ചാരവും വാതകവും അഞ്ചുകിലോമീറ്റര്‍ ദൂരത്തിലും 20 കിലോമീറ്റര്‍ ഉയരത്തിലും വരെയെത്തിയെന്ന് ടോംഗ ജിയോളജിക്കല്‍ സര്‍വീസസ് അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പുകപടലങ്ങളാല്‍ അന്തരീക്ഷം കറുത്തതുമെല്ലാം വീഡിയോയില്‍ കാണാം.

എന്നാലിപ്പോള്‍ അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ തീവ്രത എത്രത്തോളമാണെന്ന് നാസ തന്നെ വിവരം പുറത്തുവിട്ടിരിക്കുകയാണ്. ടോംഗ അഗ്‌നിപര്‍വത സ്‌ഫോടനം നൂറുകണക്കിന് ഹിരോഷിമകള്‍ക്ക് തുല്യമാണെന്നാണ് നാസ ശാസ്ത്രജ്ഞര്‍ പറയുന്നത്. വന്‍ സുനാമി തിരമാലകള്‍ക്ക് കാരണമായ ജനുവരി 15 ലെ സ്‌ഫോടനത്തില്‍ 40 കിലോമീറ്റര്‍ (25 മൈല്‍) വരെ ഉയരത്തില്‍ അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തിലേക്ക് തുപ്പിയത് ഹംഗ ടോംഗഹംഗ ഹാപായ് അഗ്‌നിപര്‍വതമാണെന്ന് നാസ എര്‍ത്ത് ഒബ്‌സര്‍വേറ്ററി പറഞ്ഞു. സ്‌ഫോടനം പുറപ്പെടുവിച്ച ഊര്‍ജത്തിന്റെ അളവ് അഞ്ച് മുതല്‍ 30 മെഗാടണ്‍ (അഞ്ച് മുതല്‍ 30 ദശലക്ഷം ടണ്‍ വരെ) ടിഎന്‍ടിക്ക് തുല്യമാണെന്ന് ഞങ്ങള്‍ കരുതുന്നു- നാസ ശാസ്ത്രജ്ഞന്‍ ജിം ഗാര്‍വിന്‍ ഒരു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

1945 ആഗസ്തില്‍ ജാപ്പനീസ് നഗരമായ ഹിരോഷിമയില്‍ യുഎസ് അണുബോംബ് വര്‍ഷിച്ചതിനേക്കാള്‍ നൂറുകണക്കിന് മടങ്ങ് ശക്തമാണ് സ്‌ഫോടനമെന്ന് നാസ പറഞ്ഞു. ഇത് ഏകദേശം 15 കിലോ ടണ്‍ (15,000 ടണ്‍) ടിഎന്‍ടിയാണെന്ന് കണക്കാക്കപ്പെടുന്നു. ടോംഗന്‍ തലസ്ഥാനമായ നുകുഅലോഫയില്‍നിന്ന് 65 കിലോമീറ്റര്‍ (41 മൈല്‍) വടക്കുള്ള അഗ്‌നിപര്‍വത ദ്വീപിനെ സ്‌ഫോടനത്തിലൂടെ തുടച്ചുനീക്കിയതായി ഏജന്‍സി പറഞ്ഞു. ഏകദേശം 100,000 പേരടങ്ങുന്ന ദ്വീപ് സാമ്രാജ്യം മുഴുവന്‍ വിഷലിപ്തമായ ചാരത്തിലമര്‍ന്നു.

കുടിവെള്ളത്തില്‍ വിഷം കലര്‍ന്നു. വിളകള്‍ നശിക്കുകയും കുറഞ്ഞത് രണ്ട് ഗ്രാമങ്ങളെയെങ്കിലും പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്തു. ടോംഗയില്‍ കുറഞ്ഞത് മൂന്ന് പേരെങ്കിലും മരണപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. ഇതില്‍ തെക്കേ അമേരിക്കന്‍ രാജ്യത്ത് സുനാമി തിരമാലകള്‍ അടിച്ചതിനെത്തുടര്‍ന്നാണ് പെറുവിലെ രണ്ട് ബീച്ച് യാത്രികര്‍ മുങ്ങി മരിച്ചത്. സ്‌ഫോടനത്തെ പെറുവിയന്‍ അധികൃതര്‍ പാരിസ്ഥിതിക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

ടോംഗയില്‍ വിദൂര ദ്വീപുകളിലേക്കുള്ള ആശയവിനിമയം തകരാറിലായതിനെത്തുടര്‍ന്ന് യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രദേശവാസികള്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അത്രയും ദുരന്തമാണിത്- അവര്‍ എഎഫ്പിയോട് പറഞ്ഞു. സ്‌ഫോടനത്തിനുശേഷം പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. സ്‌ഫോടനത്തില്‍നിന്നുള്ള ഷോക്ക് വേവ് ഞങ്ങളുടെ തലച്ചോറിനെ കുഴപ്പത്തിലാക്കി. ഞങ്ങള്‍ ഇപ്പോള്‍ സാധാരണ നിലയിലേക്ക് മടങ്ങാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാം കഴുകിക്കളയാന്‍ ഞങ്ങള്‍ക്ക് നല്ല ഉഷ്ണമേഖലാ വെള്ളപ്പൊക്കം ആവശ്യമാണ്- പ്രദേശവാസികള്‍ പറയുന്നു.

Tags:    

Similar News