രാജ്യത്തെ ശാസ്ത്രഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്തെ ആദ്യവനിതയായി കലൈശെല്‍വി

Update: 2022-08-07 08:46 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉന്നത ശാസ്ത്രസമിതിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി നല്ലതമ്പി കലൈശെല്‍വി. കേന്ദ്ര ഗവേഷണ സ്ഥാപനമായ സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറലായാണ് നല്ലതമ്പി കലൈശെല്‍വിയുടെ നിയമനം. 1942ല്‍ സ്ഥാപിതമായ രാജ്യത്തെ 38 ഗവേഷണ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമാണ് സിഎസ്‌ഐആര്‍. ഡോ. ശേഖര്‍ മാണ്ഡെയുടെ പിന്‍ഗാമിയായാണ് കലൈശെല്‍വി നിയമിതയാവുന്നത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ശേഖര്‍ മാണ്ഡെ ഏപ്രിലില്‍ വിരമിച്ചിരുന്നു. ഇതിനുശേഷം ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രാജേഷ് ഗോഖലെയ്ക്കായിരുന്നു സിഎസ്‌ഐആറിന്റെ അധിക ചുമതല.

ലിഥിയം അയണ്‍ ബാറ്ററികളുടെ മേഖലയില്‍ പേരുകേട്ട കലൈശെല്‍വി തമിഴ്‌നാട്ടിലെ കാരൈക്കുടിയിലുള്ള സിഎസ്‌ഐആര്‍സെന്‍ട്രല്‍ ഇലക്‌ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായിരുന്നു. ശാസ്ത്രവ്യവസായ ഗവേഷണ വകുപ്പ് സെക്രട്ടറിയുടെ ചുമതലയും കലൈശെല്‍വി വഹിക്കും. ഒരു ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി നല്ലതമ്പി കലൈശെല്‍വി ചരിത്രം സൃഷ്ടിക്കുന്നത് ഇതാദ്യമല്ല. 2019ല്‍ സെന്‍ട്രല്‍ ഇലക്‌ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനെ നയിക്കുന്ന ആദ്യ വനിതയും കലൈശെല്‍വിയായിരുന്നു.

കലൈശെല്‍വിയുടെ പേരില്‍ 125 ലധികം ഗവേഷണ പ്രബന്ധങ്ങളും ആറ് പേറ്റന്റുകളുമുണ്ട്. നിലവില്‍ പ്രായോഗികമായ സോഡിയം- അയണ്‍/ലിഥിയം- സള്‍ഫര്‍ ബാറ്ററികളുടെയും സൂപ്പര്‍കപ്പാസിറ്ററുകളുടെയും ഡെവലപ്പ്‌മെന്റില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഗവേഷണത്തില്‍ 25 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുണ്ട്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ ചെറിയ പട്ടണമായ അംബാസമുദ്രം സ്വദേശിയായ കലൈശെല്‍വി തമിഴ് മീഡിയം സ്‌കൂളിലാണ് വിദ്യാഭ്യാസം ചെയ്തത്.

Tags: