ലോകത്ത് ഏറ്റവും കൂടുതലുള്ള പാസ്‌വേഡ് ഇപ്പോഴും ഇതാണോ ?

Update: 2019-04-22 15:16 GMT

ലണ്ടന്‍: രഹസ്യ പാസ്‌വേഡുകള്‍ക്ക് വലിയ പ്രധാന്യമുള്ള ലോകത്ത് ലക്ഷകണക്കിന് ആളുകള്‍ ഇപ്പോഴും ഉപയോഗിക്കുന്ന 'രഹസ്യ പാസ്‌വേഡുകള്‍' എതെന്നറിഞ്ഞാല്‍ നാം മൂക്കത്ത് വിരല്‍വയ്ക്കും. '123456', 'qwerty' തുടങ്ങിയ ഏതൊരാള്‍ക്കും കണ്ണടച്ച് ഊഹിക്കാന്‍ പറ്റുന്നവയാണ് ലക്ഷകണക്കിന് ആളുകള്‍ തങ്ങളുടെ 'രഹസ്യ പാസ്‌വേഡു'കളായി കൊണ്ടുനടക്കുന്നതെന്ന് ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ സൈബര്‍ സെക്യുരിറ്റി സെന്റര്‍(എന്‍സിഎസ്‌സി) റിപോര്‍ട്ട് വ്യക്തമാക്കുന്നു. പട്ടികയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 'രഹസ്യ പാസ്‌വേഡ്' 123456 തന്നെ. 23ദശലക്ഷം ആളുകളാണ് ഇതേ പാസ് വേഡ് ഉപയോഗിക്കുന്നത്. പിന്നീട് ഉപയോഗിക്കുന്നത് '123456789'. മറ്റൊന്ന് 'password' ആണ്. പിന്നെ '111111111', 'qwerty' എന്നിവയും ആദ്യ അഞ്ചുസ്ഥാനങ്ങളില്‍ ഉണ്ട്. പേരുകളായി ഉപയോഗിക്കുന്നതില്‍ 'ആശ്‌ലി', 'മൈക്കിള്‍', 'ഡാനിയല്‍', 'ജെസ്സിക്ക', 'ചാര്‍ലി' എന്നിവയാണ് മറ്റു പാസ്‌വേഡുകള്‍. പ്രമുഖ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ 'ലിവര്‍പൂള്‍' 'ചെല്‍സി' എന്നതും കൂടുതല്‍ ഉപയോഗിക്കുന്ന പാസ്‌വേഡുകള്‍ തന്നെ.

ഇന്റര്‍നെറ്റ് സുരക്ഷയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ധാരണയെക്കുറിച്ചും എന്‍സിഎസ്‌സി സര്‍വേ നടത്തിയിരുന്നു. ഇത് പ്രകാരം സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനം പേര്‍ ഇന്റര്‍നെറ്റ് വഴി പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നവരാണ്. അതേസമയം 15 ശതമാനം തങ്ങള്‍ക്ക് ലഭ്യമായ സൈബര്‍ സുരക്ഷയില്‍ ആത്മവിശ്വാസമുള്ളവരാണ്. അതീവ സുരക്ഷ ആവശ്യപ്പെടുന്ന വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അക്കൗണ്ടുകള്‍ക്ക് സ്വന്തം പേരോ ഫുട്‌ബോള്‍ ടീമിന്റെയോ മ്യൂസിക് ബാന്‍ഡിന്റേയോ പേരോ പാസ്‌വേഡായി ഉപയോഗിച്ചാല്‍ യാതൊരു സുരക്ഷയുമുണ്ടാവില്ലെന്ന് എന്‍സിഎസ്‌സി ടെക്‌നിക്കല്‍ ഡയറക്ടര്‍ ഡോ. ഇയാന്‍ ലെവി ഓര്‍മിപ്പിക്കുന്നു.

Similar News