'ഷെഡ്യൂള്‍ഡ് മെസേജസ്' ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്; ബീറ്റയില്‍ പരീക്ഷണം ആരംഭിച്ചു

Update: 2026-02-25 08:21 GMT

ന്യൂഡല്‍ഹി: ജനപ്രിയ േെമസജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി 'ഷെഡ്യൂള്‍ഡ് മെസേജസ്' എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. സന്ദേശങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കി നിശ്ചിത സമയത്തോ തിയ്യതിയിലോ സ്വയമേവ അയക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇത്. ജന്മദിനാശംസകള്‍, ഓര്‍മ്മപ്പെടുത്തലുകള്‍, നിര്‍ദ്ദിഷ്ട സമയത്ത് കൈമാറേണ്ട വിവരങ്ങള്‍ എന്നിവ മുന്‍കൂട്ടി ടൈപ്പ് ചെയ്ത് ഷെഡ്യൂള്‍ ചെയ്യാനാകും. നിശ്ചയിച്ച സമയം എത്തുമ്പോള്‍ സന്ദേശം സ്വമേധയാ ബന്ധപ്പെട്ട വ്യക്തിയ്‌ക്കോ ഗ്രൂപ്പിലേക്കോ അയക്കപ്പെടും. ഷെഡ്യൂള്‍ ചെയ്ത ശേഷം അയയ്ക്കുന്നതിന് മുന്‍പായി സന്ദേശം തിരുത്തുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള സൗകര്യവും ലഭ്യമായിരിക്കും.

അയയ്ക്കുന്നതിന് മുന്‍പ് സന്ദേശം ഡിലീറ്റ് ചെയ്താല്‍ അത് അയക്കപ്പെടില്ലെന്നും, അയയ്ക്കാന്‍ ശ്രമിച്ച വിവരം സ്വീകര്‍ത്താവിന് ലഭിക്കുകയില്ലെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചാറ്റ് ഇന്‍ഫോ വിഭാഗത്തില്‍ ഷെഡ്യൂള്‍ ചെയ്ത സന്ദേശങ്ങള്‍ക്കായി പ്രത്യേക സെക്ഷന്‍ ഉണ്ടായിരിക്കും. ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മെസേജുകളുടെ എണ്ണം ഇവിടെ പരിശോധിക്കാം. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഫീച്ചര്‍ ലഭ്യമാകുമെന്നാണ് സൂചന.

നിലവില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായുള്ള ഐഒഎസ് ബീറ്റാ വേര്‍ഷന്‍ (26.7.10.72)ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകാതെ ആന്‍ഡ്രോയിഡ് ഉള്‍പ്പെടെയുള്ള മറ്റു പ്ലാറ്റ്‌ഫോമുകളിലും പൊതുവായി ഫീച്ചര്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇപ്പോള്‍ ഐഫോണുകളില്‍ 'ആപ്പിള്‍ ഷോര്‍ട്ട്കട്ട്‌സ്' വഴിയോ ആന്‍ഡ്രോയിഡില്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയോ ആണ് സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത്. എന്നാല്‍ പുറം ആപ്പുകള്‍ ഉപയോഗിക്കുന്നത് സ്വകാര്യതാ ആശങ്കകള്‍ക്ക് ഇടയാക്കുന്നുവെന്നാണ് വിലയിരുത്തല്‍. വാട്‌സ്ആപ്പില്‍ തന്നെ ഈ സൗകര്യം ലഭ്യമാകുന്നതോടെ കൂടുതല്‍ സുരക്ഷിതവും എളുപ്പവുമായ രീതിയില്‍ സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനാകും.

ഇതിനൊപ്പം 'ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി' എന്ന പുതിയ ഫീച്ചറും വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുണ്ട്. ഒരു ഗ്രൂപ്പില്‍ പുതുതായി ചേരുന്ന അംഗങ്ങള്‍ക്ക് അതിന് മുന്‍പ് അയച്ച 100 വരെ സന്ദേശങ്ങള്‍ കാണാന്‍ ഇത് സഹായിക്കും. ഗ്രൂപ്പിലെ മുന്‍ ചര്‍ച്ചകളെക്കുറിച്ച് ധാരണ നേടാന്‍ പുതിയ അംഗങ്ങള്‍ക്ക് ഇത് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags: