മലപ്പുറം പാണാമ്പ്രയില്‍ ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച; പ്രദേശത്ത് അതീവ ജാഗ്രത

Update: 2018-09-21 06:40 GMT


മലപ്പുറം: ദേശീയ പാത പാണാമ്പ്രയില്‍ ഐഒസി പ്ലാന്റിന് സമീപം പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെയോടെ പാണമ്പ്ര വളവില്‍ റോഡിന്റെ താഴച്ചയിലേക്ക് ടാങ്കര്‍ ലോറി മറിയുകയായിരുന്നു. റോഡിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് ടാങ്കറില്‍ നിന്ന് വാതകം ചോരുന്നുണ്ട്. ഇതേ തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. ഐഒസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

സംഭവസ്ഥലത്തിന് അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ താല്‍ക്കാലികമായി മാറ്റി. പ്രദേശത്ത് വൈദ്യുതി ബന്ധവും വിച്ഛേദിച്ചിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ടാങ്കറില്‍ നിന്ന് മറ്റൊരു ടാങ്കറിലേക്ക് വാതകം മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വാതകം ചോരുന്നതിനാല്‍ ദേശീയപാതയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കാക്കഞ്ചേരി, ചേലേമ്പ്ര എന്നിവടങ്ങളില്‍ വാഹനം തടഞ്ഞ് വഴിതിരിച്ചുവിടുകയാണ്. നിരവധി ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി ടാങ്കറിലേക്ക് വെള്ളം ചീറ്റിച്ച് തണുപ്പിക്കുന്ന ജോലിയാണ് നടന്നുവരുന്നത്.

അപകട സാധ്യത കണക്കിലെടുത്ത് വീടുകളില്‍ എല്‍പിജി അടുപ്പുകള്‍ കത്തിക്കരുതെന്ന് പോലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടം നടന്നയുടന്‍ തന്നെ മൈക്കിലൂടെ ആളുകളോട് സ്ഥലത്ത് നിന്ന് മാറാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വൈകുന്നേരത്ത് കൂടിയേ പ്രദേശത്ത് വാഹന ഗതാഗതം പൂര്‍ണമായി പുനസ്ഥാപിക്കൂ എന്നാണ് അറിയുന്നത്.

Similar News