സഞ്ജീവ് ഭട്ടിനെതിരായ അന്വേഷണത്തില്‍ ഇടപെടണമെന്ന ഹരജി സുപ്രിംകോടതി തള്ളി

Update: 2018-10-04 07:40 GMT


ന്യൂഡല്‍ഹി: ഭര്‍ത്താവിനെതിരായ പോലിസ് അന്വേഷണത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. അഭിഭാഷകനെ മയക്കു മരുന്ന് കേസില്‍ കുടുക്കിയെന്ന ആരോപണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇടപെടാനാവില്ല. ഹരജിക്കാരിക്ക് വേണമെങ്കില്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

2015ല്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ട സഞ്ജീവ് ഭട്ടിനെയും റിട്ടയേഡ് ഇന്‍സ്‌പെക്ടര്‍ ഐ ബി വ്യാസിനെയും കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ അഭിഭാഷകനായ രാജ്പുരോഹിതിനെ മയക്കു മരുന്ന് കേസില്‍ കുടുക്കി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. 1996ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തന്റെ ഭര്‍ത്താവിനെ വിവേചനപരമായാണ് കസ്റ്റിഡിയിലെടുത്തത് എന്ന് ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്കു മുമ്പാണ് ഭാര്യ ശ്വേത ഭട്ട് സുപ്രിംകോടതി സമീപിച്ചത്. പോലിസ് കസ്റ്റഡിയില്‍ വാങ്ങിയ അദ്ദേഹത്തിന് പ്രത്യേകാനുമതി ഹരജി നല്‍കുന്നതിന് ആവശ്യമായ വക്കാലത്തോ മറ്റു രേഖകളോ നല്‍കുന്നതിന് അനുമതി നല്‍കിയില്ലെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.

അതേ സമയം, ആരോപണം ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഈ മാസം 28ന് അകം ഗുജറാത്ത് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട്. സാധാരണ ക്രിമിനല്‍ വിഷയങ്ങളില്‍ പ്രതിയാണ് കോടതിയെ സമീപിക്കാറെന്നും ഇവിടെ ഭാര്യയാണ് വന്നിരിക്കുന്നതെന്നും ഇത് ഗൗരവമുള്ള കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു സഞ്ജീവ് ഭട്ട്. 2002ലെ ഗോധ്രാനന്തര കലാപത്തില്‍ നരേന്ദ്രേ മോദിക്കുള്ള പങ്ക് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Similar News