സുബൈര്‍ വധം; പോലിസിന്റെ നീക്കങ്ങളും ദുരൂഹം

Update: 2022-04-16 07:27 GMT

പാലക്കാട്: പോപുലര്‍ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് സുബൈറിനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലിസിന്റെ നീക്കങ്ങളും സംശയിക്കപ്പെടുന്നു. നിരവധി കേസിലെ പ്രതിയും ക്രിമിനലുമായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടത് മുതല്‍ ഈ പ്രദേശത്ത് ദിവസവും പോലിസ് പട്രോളിങ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സുബൈര്‍ കൊല്ലപ്പെടുന്നതിന്ന് മുമ്പ് വ്യാഴാഴ്ച രാത്രി മുതല്‍ ഈ പട്രോളിങ് ഉണ്ടായിരുന്നില്ല.

കസബ പോലിസ് സ്റ്റേഷനിലെ പോലിസുകാര്‍ക്കും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കും ആര്‍എസ്എസ് ക്രിമിനലുകളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും പരക്കെ ആരോപണമുണ്ട്. സംഭവം നടന്ന ഉടന്‍ കസബ പോലിസ് സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോസ്ഥന്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വിളിക്കുകയും ഈ പ്രദേശത്ത് എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ നടക്കുന്നുണ്ടോ എന്ന വിവരം അന്വേഷിക്കുകയും ചെയ്തിരുന്നു. മുമ്പ് നടന്ന എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ വധശ്രമക്കേസിലും പോലിസ് നീക്കങ്ങളില്‍ ദുരൂഹതയുണ്ട്.

സക്കീര്‍ ഹുസൈന്‍ തന്നെ അക്രമിച്ചവരെക്കുറിച്ച് വ്യക്തമായി പോലിസിന് മൊഴി നല്‍കിയിട്ടും ഗൂഢാലോന ചന നടത്തിയവരെക്കുറിച്ചോ ആയുധമെത്തിച്ചുകൊടുത്തവരെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്താതെ ആര്‍എസ്എസ് നേതൃത്വം നല്‍കിയ പേരുകള്‍ ഉള്‍പ്പെടുത്തി പോലിസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, സുബൈര്‍ കൊല്ലപ്പെട്ട കേസിലും കൃത്യമായ അന്വേഷണത്തിന് തയ്യാറാവാതെ ഇത്തരത്തിലുള്ള ഒത്തുതീര്‍പ്പ് പ്രതികളെ ഉള്‍പ്പെടുത്തി കേസ് അവസാനിപ്പിക്കാനുള്ള ശ്രമമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

Tags:    

Similar News