സൂം ആപ്പ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ സൂം വിവാദങ്ങള്‍ നേരിടുന്നതിനിടെയാണ് സര്‍ക്കാര്‍ ഓഫിസുകളും ഉദ്യോഗസ്ഥരും സൂം ആപ്ലിക്കേഷന്‍ ഉപയോഗിക്കരുതെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചത്.

Update: 2020-04-16 12:25 GMT

ന്യൂഡല്‍ഹി: വീഡിയോ കോണ്‍ഫറന്‍സിന് ഉപയോഗിക്കുന്ന സൂം ആപ്പ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ സൂം വിവാദങ്ങള്‍ നേരിടുന്നതിനിടെയാണ് സര്‍ക്കാര്‍ ഓഫിസുകളും ഉദ്യോഗസ്ഥരും സൂം ആപ്ലിക്കേഷന്‍ ഉപയോഗിക്കരുതെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചത്. സൂം ആപ്പ് സുരക്ഷിതമല്ല. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഔദ്യോഗിക ആവശ്യത്തിനായി ഇത് ഉപയോഗിക്കരുത്. സ്വകാര്യവ്യക്തികള്‍ ആപ്പ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിച്ച ചൈനീസ് നിര്‍മിത ആപ്പുകളില്‍ ഒന്നാണ് സൂം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.

സര്‍ക്കാരിന്റെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ട്-ഇന്ത്യ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി സൂം ആപ്പ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ വ്യക്തികള്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.പാസ്വേഡുകള്‍ ചോരുകയും വീഡിയോ കോണ്‍ഫറന്‍സിനിടെ അജ്ഞാതര്‍ നുഴഞ്ഞുകയറുകയും ചെയ്ത സംഭവങ്ങള്‍ വിവാദമായിരിക്കെ സൂം ആപ്പില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് സെര്‍ട്ട് മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു.

അജ്ഞാതരായ വ്യക്തികള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ നുഴഞ്ഞു കയറുന്നത് തടയുക, അനധികൃതമായി പ്രവേശിക്കുന്നവര്‍ കുറ്റകരമായ പ്രവൃത്തികള്‍ ചെയ്യുന്നത് തടയുക, ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണങ്ങള്‍ തടയാന്‍ കോണ്‍ഫറന്‍സുകളില്‍ പ്രവേശിക്കാന്‍ പാസ്വേഡുകള്‍ നല്‍കുക എന്നിവ ഉള്‍പ്പെടുന്നതാണ് സെര്‍ട്ടിന്റെ നിര്‍ദേശങ്ങള്‍. സൂം അക്കൗണ്ട് സെറ്റിങ്സില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്താനാവും. വിവിധ വ്യവസായ സ്ഥാപനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കും മറ്റും ഉപയോഗിച്ചു വന്നിരുന്നതാണ് സൂം ആപ്പ്.  

Tags:    

Similar News