ഡോ. സാക്കിര്‍ നായിക്കിനു മലേസ്യയില്‍ പ്രസംഗവിലക്കെന്ന് റിപോര്‍ട്ട്
നേരത്തേ, വിദ്വേഷമുണ്ടാക്കുന്നതും തീവ്രവാദം വളര്‍ത്തുന്നതുമായ പ്രസംഗം നടത്തിയെന്നും അനധികൃത പണമിടപാട് നടത്തിയെന്നും ആരോപിച്ച് ഇന്ത്യയില്‍ സാക്കിര്‍ നായിക്കിനെതിരേ കേസെടുക്കുകയും അദ്ദേഹവുമായി ബന്ധമുള്ള ട്രസ്റ്റിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ന്യൂഡല്‍ഹി: ഇസ് ലാമിക പ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്കിനു മലേസ്യയില്‍ പ്രസംഗത്തിനു വിലക്കേര്‍പ്പെടുത്തിയതായി റിപോര്‍ട്ട്. ഇക്കഴിഞ്ഞ ആഗസ്ത് മൂന്നിനു ഒരു ചടങ്ങിനിടെ, മലേസ്യയിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലെ മുസ് ലിംകളേക്കാള്‍ നൂറുമടങ്ങ് കൂടുതല്‍ അവകാശങ്ങളുണ്ടെന്നും 'പഴയ അതിഥി'കളായ ചൈനീസ് മലേസ്യക്കാരെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നും പ്രസംഗിച്ചെന്നാരോപിച്ച് പോലിസ് തിങ്കളാഴ്ച മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രസംഗത്തിനു വിലക്കേര്‍പ്പെടുത്തിയതെന്നാണു എന്‍ഡിടിവി റിപോര്‍ട്ട്. നേരത്തേ, വിദ്വേഷമുണ്ടാക്കുന്നതും തീവ്രവാദം വളര്‍ത്തുന്നതുമായ പ്രസംഗം നടത്തിയെന്നും അനധികൃത പണമിടപാട് നടത്തിയെന്നും ആരോപിച്ച് ഇന്ത്യയില്‍ സാക്കിര്‍ നായിക്കിനെതിരേ കേസെടുക്കുകയും അദ്ദേഹവുമായി ബന്ധമുള്ള ട്രസ്റ്റിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. സാക്കിര്‍ നായിക്കിന്റെ പ്രസംഗത്തിനെതിരേ മലേസ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദും രംഗത്തെത്തിയിരുന്നു. നായിക്ക് വംശീയരാഷ്ട്രീയം കളിക്കാനും വംശീയവികാരങ്ങളെ ആളിക്കത്തിക്കാനുമാണ് ശ്രമിക്കുന്നതെന്നായിരുന്നു മഹാതിര്‍ മുഹമ്മദിന്റെ പ്രതികരണം. മതപ്രസംഗം നടത്താനുള്ള അവകാശമുണ്ടെങ്കിലും രാജ്യത്ത് രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ നായിക്കിന് അവകാശമില്ലെന്നും ഇത്തരം പ്രസ്താവനകള്‍ രാജ്യത്ത് ആശങ്കക്കിടയാക്കിയിട്ടുണ്ടോയെന്ന് പോലിസ് അന്വേഷിക്കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.ആഗസ്റ്റ് മൂന്നിന് മലേസ്യയിലെ കോട്ട ബാരുവില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് വിവാദപരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ ബുകിത് അമാന്‍ പോലിസ് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അഭിഭാഷകനായ അക്ബറുദ്ദീന്‍ അബ്ദുല്‍ ഖാദറിനോടൊപ്പമാണ് സാക്കിര്‍ നായിക്ക് ചോദ്യം ചെയ്യലിനെത്തിയത്. മലേസ്യന്‍ നിയമപ്രകാരം പീനല്‍ കോഡിലെ 504ാം വകുപ്പ് പ്രകാരം സമാധാനം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ മനപൂര്‍വം വിദ്വേഷപ്രചാരണം നടത്തിയെന്ന കുറ്റമാണ് സാകിര്‍ നായിക്കിനെതിരേ ചുമത്തുകയെന്നും റിപോര്‍ട്ടുകളുണ്ട്.
നേരത്തേയും വിദ്വേഷ പരമര്‍ശം നടത്തിയെന്ന് ആരോപിച്ച് മലേസ്യന്‍ പോലിസ് സാക്കിര്‍ നായിക്കിനെ ചോദ്യം ചെയ്തിരുന്നു. മലേസ്യന്‍ ഹിന്ദുക്കള്‍ക്ക് സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയേക്കാള്‍ കൂറ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നതായി ആരോപണമുണ്ട്. ധക്കയില്‍ സ്‌ഫോടനം നടത്തിയെന്ന് ആരോപിക്കപ്പെട്ടയാള്‍ സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങളില്‍ ആകൃഷ്ടനായാണ് കുറ്റകൃത്യം ചെയ്തതെന്ന മാധ്യമറിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ ആദ്യമായി സാക്കിര്‍ നായിക്കിനെതിരേ നിയമനടപടി തുടങ്ങിയത്. എന്നാല്‍, ഇക്കാര്യം റിപോര്‍ട്ട് ചെയ്ത ബംഗ്ലാദേശ് മാധ്യമം ഇത് തെറ്റായ വാര്‍ത്തയാണെന്നും തിരുത്തിയെങ്കിലും മതപ്രഭാഷണങ്ങളിലൂടെ തീവ്രവാദത്തിനു പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി യുഎപിഎ പ്രകാരം ഇന്ത്യയില്‍ കേസെടുത്തതോടെ ഡോ. സാക്കിര്‍ നായിക്ക് മലേസ്യയില്‍ അഭയം തേടുകയായിരുന്നു.
