റാമല്ല: രണ്ടാം ഇന്‍തിഫാദ കാലത്ത് ഇസ്രായേലിനെ നേരിട്ട അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡ് നേതാവായ സക്കറിയ സുബൈദിയെ ഇന്ന് ഇസ്രായേല്‍ മോചിപ്പിക്കും. മൂന്നു ജൂതതടവുകാരെ ഹമാസും ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദും വിട്ടയക്കുന്നതിന് പകരമായാണ് സക്കറിയയുടെ മോചനം. ഇപ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീട് സ്ഥിതി ചെയ്യുന്ന സിസറിയ പ്രദേശത്ത് നിന്ന് 1947-49 കാലത്ത് ജൂത സൈനികസംഘങ്ങള്‍ കുടിയൊഴിപ്പിച്ച ഫലസ്തീനികളുടെ പിന്‍ഗാമികളായ മുഹമ്മദ് സുബൈദിയുടെയും സമീറയുടെയും മകനായി 1976ല്‍ വെസ്റ്റ്ബാങ്കിലെ ജെനിന്‍ കാംപിലാണ് സക്കറിയ ജനിച്ചത്. പിതാവ് ഇംഗ്ലീഷ് അധ്യാപകനായിരുന്നു.
ഫലസ്തീന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ യുഎന്‍ആര്‍ഡബ്ല്യുഎ ഏജന്‍സി നടത്തുന്ന സ്‌കൂളിലാണ് സക്കറിയ പഠിച്ചത്. പഠനത്തില്‍ മിടുക്കനായിരുന്നു. ഫതഹ് പാര്‍ട്ടിയുടെ അംഗമാണെന്ന് ആരോപിച്ച് ഇസ്രായേലി സൈന്യം സക്കറിയയെ വേട്ടയാടി. ഫതഹ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പിതാവ് അക്കാലത്ത് തന്നെ കാന്‍സര്‍ മൂലം മരിച്ചു. പിന്നീട് ഉമ്മയാണ് സക്കറിയയെയും ഏഴു മക്കളെയും വളര്‍ത്തിയത്.
1989ല്‍, പതിമൂന്നാം വയസില്‍ ഇസ്രായേലി സൈന്യം സ്‌നൈപ്പര്‍ തോക്കുപയോഗിച്ച് സക്കറിയയുടെ കാലില്‍ വെടിവെച്ചു. നാലു ശസ്ത്രക്രിയ നടത്തിയാണ് കാല്‍ ഒരു വിധം നേരെയാക്കിയത്. ആ സംഭവത്തിന് ശേഷം ഒരു കാലിന് അല്‍പ്പം നീളക്കൂടുതലുണ്ട്. പതിനഞ്ചാം വയസില്‍ ഇസ്രായേല്‍ സൈന്യം സക്കറിയയെ ആറു മാസം ജയിലില്‍ അടച്ചു. ജയില്‍ മോചിതനായ ശേഷം പഠനം ഉപേക്ഷിച്ചു. ഇതിന് ശേഷം വെസ്റ്റ്ബാങ്കിലെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി. ഇസ്രായേലി സൈനികര്‍ക്കു നേരെ പെട്രോള്‍ ബോംബെറിഞ്ഞതിന് നാലരവര്‍ഷം തടവില്‍ അടച്ചു. ഈ ജയില്‍വാസത്തിനിടയിലാണ് ഫതഹ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
1993-95 കാലയളവില്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും ഇസ്രായേലും തമ്മില്‍ ഓസ്‌ലോ കരാര്‍ ഒപ്പിട്ടതോടെ സക്കറിയയെ ജയിലില്‍ നിന്നും മോചിപ്പിച്ചു. കരാറിന്റെ ഭാഗമായി രൂപീകരിച്ച ഫലസ്തീന്‍ അതോറിറ്റിയുടെ സൈന്യത്തില്‍ ചേരാന്‍ സക്കറിയ തീരുമാനിച്ചു. സര്‍ജന്റ് റാങ്ക് ലഭിച്ചെങ്കിലും ഫലസ്തീന്‍ അതോറിറ്റിയിലെ അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി രാജിവെച്ചു. തുടര്‍ന്ന് വീട് അറ്റകുറ്റപണികള്‍ ചെയ്യുന്ന ജോലി സ്വീകരിച്ചു.
മോഷ്ടിക്കപ്പെട്ട ഒരു കാറില്‍ കണ്ടുവെന്ന് ആരോപിച്ച് 1997ല്‍ ഇസ്രായേലി പോലിസ് സക്കറിയയെ അറസ്റ്റ് ചെയ്തു. പതിനഞ്ച് മാസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങി വെസ്റ്റ്ബാങ്കില്‍ ട്രക്ക് ഡ്രൈവറായി. 2000ല്‍ ഇസ്രായേലിന്റെ അതിക്രമം വ്യാപകമായതോടെ ജോലി ചെയ്യാന്‍ സാധിക്കാതെയായി. 2001ല്‍ സക്കറിയുടെ അടുത്തസുഹൃത്തിനെ ഇസ്രായേലി സൈന്യം കൊലപ്പെടുത്തി. 2002 മാര്‍ച്ചില്‍ ഇസ്രായേലി സൈന്യം സക്കറിയയുടെ ഉമ്മയെയും സ്‌നൈപ്പര്‍ തോക്കുപയോഗിച്ച് വെടിവെച്ചുകൊന്നു. സഹോദരന്‍ താഹയേയും പിന്നീട് ഇസ്രായേലി സൈന്യം വെടിവെച്ചു കൊന്നു.
2002ല്‍ ഇസ്രായേലി സൈന്യം ഓപ്പറേഷന്‍ ഡിഫന്‍സീവ് ഷീല്‍ഡ് എന്ന പേരില്‍ ജെനിന്‍ ക്യാംപ് ആക്രമിച്ചു. ഇതില്‍ 52 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഫലസ്തീനികളുടെ പ്രതിരോധത്തില്‍ 23 ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടു. ഇതോടെയാണ് സക്കറിയ അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡിന്റെ ഭാഗമായി മാറിയത്. 2004ല്‍ ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവില്‍ ബോംബ് സ്‌ഫോടനം നടത്തി. 2006ല്‍ ഒരു ശവസംസ്‌കാരചടങ്ങില്‍ പങ്കെടുക്കുന്ന സക്കറിയയെ പിടികൂടാന്‍ ഇസ്രായേല്‍ സൈന്യം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 2007ല്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ സക്കറിയയും അതില്‍ ഉള്‍പ്പെട്ടു. ഫലസ്തീന്‍ അതോറിറ്റി ഇസ്രായേലുമായി നടത്തുന്ന ചര്‍ച്ചകള്‍ കൊണ്ട് ഗുണമില്ല എന്നായിരുന്നു സക്കറിയയുടെ നിലപാട്. ഫലസ്തീന്‍ അതോറിറ്റി നേതൃത്വം വെറും ചവറാണെന്നും ഇസ്രായേലുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ മൂന്നാം ഇന്‍തിഫാദ വേണമെന്നും 2009ല്‍ സക്കറിയ ആവശ്യപ്പെട്ടു. 18 വര്‍ഷം ഇസ്രായേലുമായി ചര്‍ച്ച നടത്തിയിട്ടും പ്രതീക്ഷകളൊന്നുമുണ്ടാവുന്നില്ലെന്നും പറഞ്ഞു. ഇതോടെ 2011ല്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പൊതുമാപ്പ് പിന്‍വലിച്ചു. ഇതിനെ തുടര്‍ന്ന് 2012 മേയില്‍ ഫലസ്തീന്‍ അതോറിറ്റി സക്കറിയ സുബൈദിയെ കരുതല്‍ തടങ്കലില്‍വെച്ചു. ആറുമാസത്തിന് ശേഷമാണ് വിട്ടയച്ചത്.
വെസ്റ്റ്ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ ബസ്സുകള്‍ക്ക് തീയിട്ടെന്ന് ആരോപിച്ച് 2019ല്‍ ഇസ്രായേലി സൈന്യം സക്കറിയ സുബൈദിയെ വീണ്ടും അറസ്റ്റ് ചെയ്തു. 2021 സെപ്റ്റംബര്‍ ആറിന് സക്കറിയയും മറ്റു അഞ്ചു ഫലസ്തീനി തടവുകാരും ഇസ്രായേലിലെ ഗില്‍ബോ ജയിലില്‍ തുരങ്കമുണ്ടാക്കി പുറത്തുകടന്നു.
പക്ഷേ, സെപ്റ്റംബര്‍ പതിനൊന്നിന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 2022ല്‍ സക്കറിയയുടെ സഹോദരന്‍ ദാവൂദിനെ ഇസ്രായേലി സൈന്യം വെടിവെച്ചു കൊന്നു. 2024 സെപ്റ്റംബറില്‍ ജെനിന്‍ ബ്രിഗേഡ്‌സിലെ പോരാളിയായ മകന്‍ മുഹമ്മദ് സുബൈദിയേയും ഇസ്രായേലി സൈന്യം ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയിരുന്നു.
ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സന്യാസി സിബോക് താകിസ് ജെര്‍മനോസ് എന്നയാളെ 2001ല്‍ കൊലപ്പെടുത്തിയെന്ന കേസിലെ ആരോപണവിധേയനായ ഇസ്മാഈല്‍ റദൈദയെയും ഇന്ന് ഇസ്രായേല്‍ വിട്ടയക്കും. ഫതഹ് പാര്‍ട്ടിയുടെ 17ാം നമ്പര്‍ വിഭാഗത്തിലെ അംഗമാണ് ഇയാള്‍.
1996ല്‍ ജറുസലേമില്‍ ഒരു ബസില്‍ സ്‌ഫോടനം നടത്തി 44 ജൂതന്‍മാരെ കൊലപ്പെടുത്തിയെന്ന കേസിലെ ആരോപണവിധേയനായ മുഹമ്മദ് അബു വര്‍ധയും വിട്ടയക്കല്‍ കരാറിന്റെ ഭാഗമാണ്. ഇയാളെ 48 ജീവപര്യന്തത്തിനാണ് ഇസ്രായേലി കോടതി ശിക്ഷിച്ചിരുന്നത്. 2000ല്‍ ഇസ്രായേലി സൈനികനെ വെടിവെച്ചു കൊന്ന കേസിലെ ആരോപണവിധേയന്‍ അഷ്‌റഫ് അബു സ്രോര്‍, 2003ല്‍ ഇസ്രായേലിലെ ഹൈഫയില്‍ റസ്റ്ററന്റ് ആക്രമിച്ച് 21 ജൂതന്‍മാരെ കൊലപ്പെടുത്തിയെന്ന കേസിലെ ആരോപണവിധേയന്‍ സാമി ജരാദത്ത്, 2004ല്‍ ഹദേര മാര്‍ക്കറ്റില്‍ രക്തസാക്ഷ്യസ്‌ഫോടനം നടത്തിയ ആളെ വണ്ടിയില്‍ കൊണ്ടുവിട്ടെന്നു ആരോപിക്കപ്പെടുന്ന മുഹമ്മദ് കാഷുവ, 2006ല്‍ തെല്‍അവീവില്‍ രക്തസാക്ഷ്യ ഓപ്പറേഷന്‍ നടത്തിയ ആളെ കൊണ്ടുവിട്ടെന്ന് ആരോപിക്കപ്പെടുന്ന മുഹമ്മദ് അമൂദി, 2004ല്‍ ഇസ്രായേലി സൈനികന്‍ സാമി കാംലാട്ടിനെ കൊലപ്പെടുത്തിയെന്ന ആരോപണമുള്ള താരിഖ് ബതരാന്‍ എന്നിവരും ഇന്നും മോചിതരാവും.
മുമ്പ് നടന്ന രണ്ടു തടവുകാരെ വിട്ടയക്കല്‍ ചടങ്ങുകളും ഫലസ്തീനികള്‍ ആഘോഷമാക്കിയതോടെ കടുത്ത നടപടികളുമായി ഇസ്രായേലി സൈന്യം രംഗത്തെത്തിയിട്ടുണ്ട്. മുമ്പ് മോചിപ്പിച്ചവര്‍ ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടോയെന്നു പരിശോധിക്കും. കൂടാതെ പരേഡുകളും ആഘോഷങ്ങളും തടയാനും പദ്ധതികള്‍ തയ്യാറാക്കി. ഇതിനായി നിരവധി സൈനികരെ വെസ്റ്റ്ബാങ്കില്‍ വിന്യസിച്ചു. ആവശ്യമെങ്കില്‍ വ്യോമാക്രമണവും നടത്താന്‍ തീരുമാനിച്ചു. റാമല്ല, നബ്‌ലസ്, ബെത്‌ലഹേം എന്നിവിടങ്ങളിലാണ് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.

