'പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ല'; ബിജെപിക്കെതിരേ മുദ്രാവാക്യം വിളികളുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ (വീഡിയോ)

Update: 2022-07-27 11:10 GMT

മംഗളൂരു: ഹിന്ദുത്വ പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത് തടയാന്‍ കഴിയാത്തതില്‍ ബിജെപി നേതൃത്വത്തിനും കര്‍ണാടക സര്‍ക്കാരിനും എതിരേ രോഷാകുലരായി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍. 'ഡൗണ്‍ ഡൗണ്‍ ബിജെപി' എന്ന് മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയ സംഘപരിവാര പ്രവര്‍ത്തകര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്റെ വാഹനവും അക്രമിച്ചു.

മംഗളൂരുവില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തെരുവിലിറങ്ങിയ പ്രവര്‍ത്തകരാണ് അക്രമാസക്തരായത്. ബിജെപിക്കെതിരേ മുദ്രാവാക്യം വിളിക്കുന്നതിന്റേയും ബിജെപി നേതാക്കളെ തടഞ്ഞ് വച്ച് വാഹനം അക്രമിക്കുന്നതിന്റേയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നേതൃത്വം യാതൊന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം.

അതേസമയം പ്രവീണ്‍ നെട്ടാറുന്റെ കൊലപാതകത്തെ തുടര്‍ന്ന് മംഗളൂരുവിലെ മൂന്ന് താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും നൂറുകണക്കിനാളുകളാണ് വിലാപയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ചയുടെ പ്രാദേശിക നേതാവ് കൂടിയായ പ്രവീണ്‍ നെട്ടാറുനെ അജ്ഞാതര്‍ വെട്ടിക്കൊന്നത്. കോഴിക്കട വ്യാപാരിയായ പ്രവീണിനെ കട പൂട്ടി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ മറ്റൊരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പ്രവീണിനെ വെട്ടിവീഴ്ത്തിയ ശേഷം കൊലയാളികള്‍ രക്ഷപ്പെട്ടു. ചോരയില്‍ മുങ്ങികിടന്ന പ്രവീണിനെ പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് പോലിസാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പേ പ്രവീണിന് മരണംസംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊലയാളികളെ കണ്ടെത്തുന്നതിനായി ആറ് പോലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും 15 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. പുത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആറ് സംഘമായി തിരിഞ്ഞാണ് കേസ് അന്വേഷണം നടക്കുന്നത്.

അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കര്‍ണാടകയുടെ പല ഭാഗങ്ങളിലും യുവമോര്‍ച്ച അംഗങ്ങള്‍ സംഘടനയില്‍ നിന്ന് കൂട്ട രാജി പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബെല്ലാരിയിലും സുള്ള്യയിലും യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധം നടന്നു. വിശ്വഹിന്ദു പരിഷത്ത് ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെ പ്രവീണിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആദരാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയത്. നെട്ടാറുവിന്റെ കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുമാണെന്ന് സംഘപരിവാര്‍ നേതാക്കള്‍ ആരോപിച്ചു.

കൊലപാതകത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന്മംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ രാജേന്ദ്ര പറഞ്ഞു. മൂന്ന് പേര്‍ ബൈക്കിലെത്തിയാണ് കൊലപാതകം നടത്തിയതെന്നും ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും ദക്ഷിണ കന്നഡ ജില്ല പോലിസ് മേധാവി പറഞ്ഞു.

ശക്തമായി അപലപിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അന്വേഷണം വേഗത്തിലാക്കുമെന്നും വ്യക്തമാക്കി. ഹീനകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്നും നിയമപ്രകാരം ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ മിക്ക കടകളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ചില സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ കൊലപാതകത്തെ തുടര്‍ന്ന് അക്രമാസക്തരായ സംഘപരിവാര പ്രവര്‍ത്തകര്‍ മുസ്‌ലിം പള്ളിക്ക് നേരെയും ആക്രമണം നടത്തി. ആള്‍ക്കൂട്ടത്തില്‍ നിന്ന് പള്ളിക്ക് നേരെ കല്ലെറിയുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘടിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ ഒരാളാണ് പള്ളിക്ക് നേരെ കല്ലെറിയുന്നത്. പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ പോലിസ് ലാത്തി ചാര്‍ജ്ജ് നടത്തി.

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസ് അര്‍ദ്ധരാത്രി വീടുകളില്‍ റെയ്ഡ് നടത്തി നിരപരാധികളായ മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തതായി എസ്ഡിപിഐ ആരോപിച്ചു. പ്രവീണിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം ബിജെപി സര്‍ക്കാരിനെ പ്രീതിപ്പെടുത്താന്‍ നിരപരാധികളെയാണ് പോലിസ് അറസ്റ്റ് ചെയ്തതെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഷാക്കിര്‍ ആരോപിച്ചു. ഘോഷയാത്ര നടത്താന്‍ സംഘപരിവാറിനെ അനുവദിക്കരുതെന്ന് എസ്ഡിപിഐ പോലിസിനോട് ആവശ്യപ്പെട്ടു. അക്രമം ഉണ്ടായാല്‍ അതിന് പോലിസ് ആയിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി.