വിസ നിയമങ്ങള്‍ ലംഘിച്ചെന്ന്; പ്രമുഖ യൂട്യൂബര്‍ കാള്‍ റോക്കിന് ഇന്ത്യയില്‍ പ്രവേശന വിലക്ക്

വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാള്‍ റോക്ക് 2019 ഡിസംബറില്‍ ചെയ്ത യൂട്യൂബ് വീഡിയോയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ പ്രകോപിപ്പിച്ചതെന്നാണു സൂചന.

Update: 2021-07-10 08:26 GMT

ന്യൂഡല്‍ഹി: വിസ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രമുഖ ന്യൂസിലാന്റ് യൂട്യൂബര്‍ കാള്‍ റോക്കിന് ഇന്ത്യയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി. ഇന്ത്യന്‍ വംശജയായ ഡല്‍ഹിയിലെ മനീഷാ മാലികിനെ വിവാഹം കഴിച്ച കാള്‍ റോക്കിന് ഇതോടെ ഭാര്യയെ കാണാന്‍ ഇന്ത്യയിലെത്താനാവാത്ത അവസ്ഥയിലാണ്.ഇക്കഴിഞ്ഞ ഒക്ടോബറിലാണ് യൂട്യൂബര്‍ കാള്‍ റോക്കിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയില്‍ പെടുത്തിയത്. യാത്രാ സുരക്ഷ, അഴിമതി വിരുദ്ധത തുടങ്ങിയ വിഷയങ്ങളില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും വീഡിയോ നിര്‍മിച്ച് യൂട്യൂബില്‍ അപ് ലോഡ് ചെയ്യാറുണ്ട്. ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിനു 1.8 ദശലക്ഷം സബ് സ്‌ക്രൈബര്‍മാരുണ്ട്. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാള്‍ റോക്ക് 2019 ഡിസംബറില്‍ ചെയ്ത യൂട്യൂബ് വീഡിയോയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ പ്രകോപിപ്പിച്ചതെന്നാണു സൂചന.

    '2020 ഒക്ടോബറില്‍ ഞാന്‍ ദുബയിലേക്കും പാകിസ്താനിലേക്കും പോവാനായി ഇന്ത്യ വിട്ടു. ഞാന്‍ ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം വഴി പോയപ്പോള്‍ അവര്‍ എന്റെ വിസ റദ്ദാക്കി. എന്തുകൊണ്ടാണ് എന്റെ വിസ റദ്ദാക്കുന്നതെന്ന് പറഞ്ഞിട്ടില്ലെന്ന് കാള്‍ റോക്ക് ഒരു യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു. 269 ദിവസമായി എന്റെ ഭാര്യയെ കാണാന്‍ കഴിയുന്നില്ലെന്നും കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദുബയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇദ്ദേഹത്തെ കരിമ്പട്ടികയില്‍ പെടുത്തിയതായി അറിയിച്ചത്.   

എന്നോട് പറയാതെയും കാരണം ചോദിക്കാതെയും വിശദീകരണം തേടാതെയുമാണ് കരിമ്പട്ടികയില്‍ പെടുത്തിയതെന്നു ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേര്‍നെ ടാഗുചെയ്ത ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നിലധികം ഇ-മെയിലുകള്‍ അയച്ചിട്ടും മറുപടിയൊന്നുമില്ല. എന്റെ ഭാര്യ ഡല്‍ഹിയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫിസില്‍ പോയെങ്കിലും യാതൊരു ഉപകാരവുമുണ്ടായില്ലെന്നും റോക്ക് പറഞ്ഞു. വിസ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചതിനാല്‍ അടുത്ത വര്‍ഷം വരെ ഇന്ത്യയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചത്. 'ടൂറിസ്റ്റ് വിസയിലെത്തി ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതായും മറ്റ് വിസ വ്യവസ്ഥകള്‍ ലംഘിച്ചതായും കണ്ടെത്തിയെന്നാണ് വിശദീകരണം.

    അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചെയ്ത വീഡിയോയിരിക്കാം വിലക്കേര്‍പ്പെടുത്താന്‍ കാരണമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. ഈയിടെ ചെയ്ത ഒരു വീഡിയോയില്‍ പ്ലാസ്മ ബാങ്കിലേക്ക് രണ്ടുതവണ പ്ലാസ്മ സംഭാവന ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രവര്‍ത്തനത്തെ അദ്ദേഹം പ്രശംസിച്ചിരുന്നു. 'ഞാന്‍ എന്റെ കുടുംബത്തെ സ്‌നേഹിക്കുന്നു. അവരെ കാണാനാവാത്തത് വിഷമമുണ്ടാക്കുന്നുുവെന്ന് ന്യൂസിലാന്റില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. കാള്‍ റോക്ക് 2019 ഏപ്രിലിലാണ് ഡല്‍ഹിയിലെ മനീഷാ മാലിക്കിനെ വിവാഹം കഴിച്ചത്.

YouTuber Karl Rock Barred From Entering India

Tags:    

Similar News