വിദ്വേഷ പ്രകടനത്തില്‍ കൂടുതല്‍ നടപടിയുമായി യൂത്ത് ലീഗ്; വൈറ്റ് ഗാര്‍ഡ് ജില്ലാകമ്മിറ്റി പുനസംഘടിപ്പിക്കും, ഏറ്റുവിളിച്ച അഞ്ചുപേരെക്കൂടി സസ്‌പെന്റ് ചെയ്തു

Update: 2023-08-01 13:04 GMT

കോഴിക്കോട്: കാഞ്ഞങ്ങാട് നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിക്കിടെ വിദ്വേഷപ്രകടനം നടത്തിയ സംഭവത്തില്‍ കൂടുതല്‍ നടപടിയുമായി മുസ് ലിം യൂത്ത് ലീഗ്. മുദ്രാവാക്യം വിവാദമായതോടെ, വിളിച്ചുകൊടുത്ത യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്്ദുസ്സലാമിനെ പിറ്റേന്ന് തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ രണ്ടംഗ അന്വേഷണ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. ഇവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചത്. മുദ്രാവാക്യം ഏറ്റുവിളിച്ച അഞ്ചുപേരെക്കൂടി സസ്‌പെന്റ് ചെയ്യുകയും വൈറ്റ് ഗാര്‍ഡ് ജില്ലാ നേതൃത്വത്തെ പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മുദ്രാവാക്യം ഏറ്റുവിളിച്ചതിന് കാഞ്ഞങ്ങാട് നഗരസഭയിലെ ഫവാസ്, അജ്മല്‍, അഹ്മദ് അഫ്‌സല്‍, സാബിര്‍, സഹദ് എന്നിവരെയാണ് സംഘടനയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. അച്ചടിച്ച് വിതരണം ചെയ്ത മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ചുമതലപ്പെടുത്തിയവര്‍ അല്ലാത്തവര്‍ മുദ്രാവാക്യം വിളിക്കുന്നത് തടയുന്നതില്‍ വീഴ്ച വരുത്തിയതിനാണ് വൈറ്റ് ഗാര്‍ഡിനെതിരായ നടപടി.



ഇക്കഴിഞ്ഞ ജൂലൈ 25ന് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം കാഞ്ഞങ്ങാട്ട് നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യറാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. അമ്പലനടയില്‍ കെട്ടിത്തൂക്കി പച്ചയ്ക്കിട്ട് കത്തിക്കും എന്ന മുദ്രാവാക്യത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദമായത്. സംഭവത്തില്‍ യൂത്ത് ലീഗ് ദേശീയ നേതാവ് അഡ്വ. ഫൈസല്‍ ബാബു ഉള്‍പ്പെടെ 307 പേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തിരുന്നത്. ബിജെപി നേതാവിന്റെ പരാതിയിലാണ് പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തുടര്‍ന്ന് യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ കെ എ മാഹിന്‍, സി കെ മുഹമ്മദലി എന്നിവരെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഇവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ഇതിനു പിന്നാലെ പലയിടത്തും ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനങ്ങളില്‍ കടുത്ത വര്‍ഗീയ-വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടും കേസെടുക്കാത്തതിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Tags:    

Similar News