'റമദാനൊന്ന് കഴിഞ്ഞോട്ടെ, ഒന്നിനു പത്ത് പത്തിനു നൂറ്'; തിരിച്ചടിക്കുമെന്ന കൊലവിളിയുമായി യൂത്ത് ലീഗ് പ്രകടനം

Update: 2021-04-07 18:42 GMT

മലപ്പുറം: കണ്ണൂര്‍ പുല്ലൂക്കരയില്‍ ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര മന്‍സൂറിനെ സിപിഎം സംഘം ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലവിളി പ്രകടനവുമായി യൂത്ത് ലീഗ്. സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിനിടെ വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി എടവണ്ണപ്പാറയില്‍ നടത്തിയ പ്രകടനത്തിലാണ് തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി മുദ്രാവാക്യം വിളിച്ചത്. യൂത്ത് ലീഗിന്റെ കൊലവിളി പ്രകടനത്തിന്റെ വീഡിയോ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 'ആ കൊടിയുടെ നിറമേ സത്യം, മാസം ഒന്ന് കഴിഞ്ഞോട്ടെ, റമദാനൊന്ന് കഴിഞ്ഞോട്ടെ, ഒന്നിനു പത്ത് പത്തിനു നൂറ്, തിരിച്ചടിക്കും യൂത്ത് ലീഗ് എന്നാണ് മുദ്രാവാക്യത്തില്‍ പറയുന്നത്. തുടര്‍ന്ന് നടന്ന പ്രസംഗത്തിലും പ്രാസംഗികന്‍ കൊലവിളി ആവര്‍ത്തിച്ചു.

    'കഠാരയും മലപ്പുറം കത്തിയും യൂത്ത് ലീഗും മുസ് ലിം ലീഗും മറന്നിട്ടില്ല എന്ന് സിപിഎമ്മുകാരെ ഓര്‍മപ്പെടുത്തുകയാണ്. ഞങ്ങള്‍ക്കുമറിയാം വെട്ടാനും കൊല്ലാനും വെടിവയ്ക്കാനും. ആ പണി യൂത്ത് ലീഗിനെ നിങ്ങള്‍ എടുപ്പിക്കരുത്. യൂത്ത് ലീഗ് പണി തുടങ്ങിയാല്‍, ജയരാജനോട് തീര്‍ത്തു പറയാം. ഇപ്പോ ഒരു കൈയല്ലേ ഉള്ളൂ. രണ്ടു കൈയും രണ്ടു കാലുമില്ലാതെ മൂലയ്ക്കിരുത്താന്‍ യൂത്ത് ലീഗിന് കഴിയും. ആ പണി ഞങ്ങളെ എടുപ്പിക്കരുത്. നിങ്ങള്‍ക്കൊരു ധാരണയുണ്ട്. കേരളത്തില്‍ ഗുണ്ടായിസവും കൊലപാതകവും നിങ്ങള്‍ക്കു മാത്രം കുത്തകയാണെന്ന്. ഞങ്ങളൊന്ന് മനസ്സ് വച്ച് മൂത്രമൊഴിച്ചാല്‍ ഈ മലബാറിലും ഈ മലപ്പുറത്തും സിപിഎമ്മിന്റെ ചെങ്കൊടി കയറ്റിക്കെട്ടാന്‍ ഒരു സിപിഎമ്മുകാരനും ഒരു സഖാവും ഇല്ലാത്ത രീതിയില്‍ നിഷ്‌കാസനം ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ആ പണി ഞങ്ങളെ എടുപ്പിക്കരുത്. ഞങ്ങളുടെ പ്രിയപ്പെട്ട നേതാക്കള്‍ സഹനം പറഞ്ഞ് പഠിപ്പിച്ചത് നിങ്ങളൊരു തളര്‍ച്ചയായി എടുക്കരുത്. തിരിച്ചടിക്കും. നേരത്തേ മുദ്രാവാക്യത്തില്‍ പറഞ്ഞതുപോലെ, റമദാനൊന്ന് കഴിഞ്ഞോട്ടെ, ഈ ഭരണമൊന്ന് മാറട്ടെ, ഞങ്ങളും നിങ്ങളും കേരളത്തിലുണ്ടെങ്കില്‍ ഈ കൊലപാതകത്തിന് ഓരോ യൂത്ത് ലീഗുകാരനും മറുപടി നല്‍കുമെന്നും' നേതാവ് പ്രസംഗിച്ചു. വാഴക്കാട് റോഡില്‍ നിന്നാരംഭിച്ച പ്രകടനം എടവണ്ണപ്പാറ ടൗണ്‍ ചുറ്റി സിഗ്നല്‍ ജങ്ഷനില്‍ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പുലിയേക്കല്‍ അബൂബക്കര്‍, സാജിദ് കാക്കാട്, ജലാല്‍ വട്ടപ്പാറ എന്നിവരാണ് പ്രകടനത്തിനു നേതൃത്വം നല്‍കിയത്.

Youth League protest against Muhsin murder in Edavannappara

Tags:    

Similar News