രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ എഐസിസിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ് സജ്‌ന
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സജന്‍. വനിതാ നേതാക്കളെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെണ്‍കുട്ടികളെ നേരില്‍ കണ്ട് വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം എന്നാണ് സജ്‌നയുടെ പരാതിയിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളില്‍ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്ന സംശയം ജനങ്ങളില്‍ നിന്നും മാറ്റണമെന്നും സജന പറയുന്നുണ്ട്.
നേരത്തെയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ എഐസിസിക്ക് പരാതി ലഭിച്ചിരുന്നുവെന്ന വിവരം പുറത്തുവരുന്നുണ്ട്. വനിതകളെ ഉള്‍പ്പെടുത്തി വിഷയം അന്വേഷിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നെ ആവശ്യപ്പെടുന്നത്. പാര്‍ട്ടിതലത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സജ്‌ന ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രാഹുലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് തന്നെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരിക്കുന്നത്.