തരിഗാമിയുടെ ഡല്‍ഹി യാത്ര വിലക്കി കേന്ദ്രം; കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാനായില്ല

തരിഗാമിയ്‌ക്കെതിരേ നിലവില്‍ കേസുകളില്ലെന്നും അദ്ദേഹം തടവിലല്ലെന്നും നേരത്തേ സുപ്രിം കോടതിയില്‍ സത്യവാങ് മൂലം നല്‍കിയ സര്‍ക്കാര്‍ കാരണമൊന്നും വ്യക്തമാക്കാതെയാണ് യാത്രാനുമതി നിഷേധിച്ചത്.

Update: 2019-10-04 10:41 GMT

ന്യൂഡല്‍ഹി: അധികൃതര്‍ അനുമതി നിഷേധിച്ചതിനെതുടര്‍ന്ന് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയ്ക്ക് ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായില്ല. തരിഗാമിയ്‌ക്കെതിരേ നിലവില്‍ കേസുകളില്ലെന്നും അദ്ദേഹം തടവിലല്ലെന്നും നേരത്തേ സുപ്രിം കോടതിയില്‍ സത്യവാങ് മൂലം നല്‍കിയ സര്‍ക്കാര്‍ കാരണമൊന്നും വ്യക്തമാക്കാതെയാണ് യാത്രാനുമതി നിഷേധിച്ചത്.

ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്തിന് പുറത്തുപോവാന്‍ പ്രത്യേക അനുതി ലഭിക്കണം. ഇതനുസരിച്ച് ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റിനു നേരത്തെ തന്നെ തരിഗാമി അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ അനുമതി നല്‍കിയില്ലെന്നു മാത്രമല്ല മറുപടി പോലും നല്‍കാന്‍ തയ്യാറായില്ലെന്നും കാണാന്‍ അനുവദിച്ചില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന കണ്‍വീനര്‍ ഇര്‍ഫാന്‍ ഗുല്ലിനെ ഉദ്ധരിച്ച് ദ ഹിന്ദു റിപോര്‍ട്ട് ചെയ്യുന്നു.

കശ്മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കിയ ആഗസ്ത് അഞ്ചു മുതല്‍ വീട്ടുതടങ്കലിലുള്ള തരിഗാമിയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. രണ്ടുവട്ടം ശ്രീനഗറില്‍ എത്തിയിട്ടും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് തരിഗാമിയെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് സുപ്രിം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയാണ് തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് അനുമതി ലഭിച്ചത്. ഇതനുസരിച്ച് ഡല്‍ഹിയിലെത്തിച്ച തരിഗാമിയെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സിച്ചിരുന്നു. ശ്രീനഗറിലേക്ക് പോയ അദ്ദേഹം പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി യോഗത്തിനെത്തുമെന്ന് അന്നു വ്യക്തമാക്കിയിരുന്നു.

Tags: