'നിങ്ങൾ നഗരത്തെ ശ്വാസം മുട്ടിച്ചു': ജന്തർ മന്ദറിൽ പ്രതിഷേധിക്കണമെന്ന കർഷക സംഘടനയുടെ ഹരജിയിൽ സുപ്രിംകോടതി

നിങ്ങൾ നഗരത്തെ ശ്വാസം മുട്ടിച്ചു, ഇപ്പോൾ നിങ്ങൾ നഗരത്തിനുള്ളിൽ വരാൻ ആഗ്രഹിക്കുന്നു ... നിങ്ങൾ സുരക്ഷാ, പ്രതിരോധ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നുവെന്ന് കോടതി പറഞ്ഞു.

Update: 2021-10-01 10:25 GMT

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി തേടിയ കർഷക സംഘത്തെ സുപ്രിംകോടതി വെള്ളിയാഴ്ച രൂക്ഷമായി വിമർശിച്ചു.

നിങ്ങൾ നഗരത്തെ ശ്വാസം മുട്ടിച്ചു, ഇപ്പോൾ നിങ്ങൾ നഗരത്തിനുള്ളിൽ വരാൻ ആഗ്രഹിക്കുന്നു ... നിങ്ങൾ സുരക്ഷാ, പ്രതിരോധ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നുവെന്ന് കോടതി പറഞ്ഞു. നിയമങ്ങൾക്കെതിരേ നിങ്ങൾ കോടതിയിൽ വന്നാൽ പ്രതിഷേധിക്കുന്നതിൽ അർത്ഥമില്ലെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ ഹരജിക്കാരായ കിസാൻ മഹാപഞ്ചായത്തിന് വേണ്ടി ഹാജരായ അഭിഭാഷകനോട് പറഞ്ഞു.

സത്യാഗ്രഹം ചെയ്യുന്നതിന്റെ അർത്ഥമെന്താണ്? നിങ്ങൾ കോടതിയെ സമീപിച്ചു. നിങ്ങൾ കോടതിയെ സമീപിച്ചുകഴിഞ്ഞാൽ കോടതിയിൽ വിശ്വസിക്കുക. പ്രതിഷേധത്തിന്റെ അർത്ഥമെന്താണ്? നീതിന്യായ സംവിധാനത്തിനെതിരേ പ്രതിഷേധിക്കുകയാണോയെന്നും കോടതി ചോദിച്ചു.

ഇത് റോഡുകളും ഹൈവേകളും തടയുന്ന പ്രതിഷേധത്തിന്റെ ഭാഗമല്ല. ഹൈവേകൾ തടയുന്നത് കർഷകരല്ല, പോലിസാണെന്നും ഹരജിക്കാരന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് അജയ് ചൗധരി പറഞ്ഞു. ജന്ദർമന്തറിലേത് റോഡ് ഉപരോധത്തിന്റെ ഭാഗമല്ലെന്ന് ഉറപ്പുവരുത്തുന്ന ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു, സത്യവാങ്മൂലം സമർപ്പിച്ച ശേഷം ഹരജി വീണ്ടും പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.